ദലിത് യുവതിയെ നഗ്നയാക്കി ആൾക്കൂട്ട ആക്രമണം; 12 പേർക്ക് അഞ്ചുവർഷം കഠിനതടവ്
text_fieldsബംഗളൂരു: കർണാടകയെ പിടിച്ചുകുലുക്കി 2023ൽ ദലിത് യുവതിയെ നഗ്നയാക്കി നടത്തിയ ആൾക്കൂട്ട അക്രമണ കേസിൽ 12 പ്രതികൾക്ക് അഞ്ച് വർഷം വീതം കഠിന തടവ്. ശിക്ഷിക്കപ്പെട്ടവരിൽ ആറുപേർ സ്ത്രീകളാണ്. കെ. ബസപ്പ നായക് (45), എം. രാജു നായക് (52), വി. കെമ്പണ്ണ നായക് (52), സി. പാർവതി നായക് (37), കെ. യെല്ലവ്വ നായക് (67), കെ. ലക്കപ്പ നായക് (26), പി. ഗംഗവ്വ നായക് (62), സി. സംഗീത ഹെഗ്ഗനായക്(35), എൻ. സന്തോഷ് നായക് ( 21), കെ. ശോഭ നായക് (49), വി. ലക്കവ്വ നായക് (40), എം. ശിവപ്പ വന്നൂർ (48) എന്നിവരെയാണ് ബെളഗാവി പത്താം അഡീ. ജില്ല സെഷൻസ് കോടതി ജഡ്ജി എച്ച്.എസ്. മഞ്ചുനാഥ് ശിക്ഷിച്ചത്. 2023 ഡിസംബർ 10ന് അർധരാത്രിയാണ് കേസിനാസ്പദ സംഭവം നടന്നത്. ആക്രമണത്തിന് ഇരയായ 42കാരിയുടെ 24കാരനായ മകൻ നേരത്തേ ഇഷ്ടത്തിലായിരുന്ന 18കാരിയുമൊത്ത് ഒളിച്ചോടി.
ഈ പെൺകുട്ടിയും മറ്റൊരു യുവാവും തമ്മിലുള്ള വിവാഹം ഡിസംബർ 11ന് നടത്താൻ തീരുമാനിച്ചിരുന്നു. ഒളിച്ചോട്ടത്തിൽ ക്ഷുഭിതരായ പെൺകുട്ടിയുടെ ബന്ധുക്കൾ ബെളഗാവിയിൽ നിന്ന് ഒമ്പത് കിലോമീറ്റർ അകലെ ഹൊസ വന്താമുറി ഗ്രാമത്തിൽ ചെന്ന് ഇരയുടെ വീട്ടിൽ അതിക്രമിച്ചുകയറി വലിച്ചിഴച്ചു കൊണ്ടുപോയി നഗ്നയാക്കി നടത്തിച്ച് വൈദ്യുതിത്തൂണിൽ കെട്ടിയിട്ട് പരസ്യമായി ആക്രമിച്ചു. രണ്ട് കുടുംബങ്ങളും ഒരേ ഗോത്ര സമൂഹത്തിൽപെട്ടവരാണെങ്കിലും യുവാവിന്റെ കുടുംബം സമ്പന്നരല്ലെന്നും അയാളുടെ പിതാവ് പുറത്തുള്ളയാളാണെന്നും ആരോപിച്ചായിരുന്നു ആക്രമണം.
ഡിസംബർ 16ന് കർണാടക സർക്കാർ കേസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റിന് (സി.ഐ.ഡി) കൈമാറി. അന്നത്തെ സി.ഐ.ഡി എസ്.പി (സ്പെഷൽ എൻക്വയറി) പ്രുത്വിക് ശങ്കറും സംഘവും അന്വേഷണം പൂർത്തിയാക്കി 2024 ഏപ്രിൽ 22ന് 133 ദിവസത്തിനുള്ളിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
92 സാക്ഷികളെ ഉദ്ധരിക്കുകയും പ്രോസിക്യൂഷൻ കേസിനെ പിന്തുണക്കുന്നതിനായി 37 പിടിച്ചെടുത്ത വസ്തുക്കൾ ഹാജരാക്കുകയും ചെയ്തു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കർണാടക ഹൈകോടതി സ്വമേധയാ റിട്ട് ഹരജിയിൽ നടപടികൾ ആരംഭിക്കുകയും ഒരു വർഷത്തിനുള്ളിൽ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശിക്കുകയും ചെയ്തു. അതേസമയം, കർണാടക മഹർഷി വാൽമീകി പട്ടികവർഗ വികസന കോർപറേഷൻ ഭൂവുടമസ്ഥതാ പദ്ധതി പ്രകാരം ഇരക്ക് രണ്ട് ഏക്കർ ഭൂമി സർക്കാർ അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

