പരസ്യ പ്രചരണം അവസാനിച്ചു; ദാവണഗെരെ, ബാഗൽകോട്ട് മണ്ഡലങ്ങളിൽ നാളെ പോളിങ്
text_fields1.ദാവണഗെരെ സൗത്തിൽ കോൺഗ്രസ് സ്ഥാനാർഥി സമർഥ് ഷാമനുർ മല്ലികാർജുന് വോട്ടഭ്യർഥിച്ച് അസ്ഹറുദ്ദീൻ നടത്തിയ റോഡ് ഷോയിൽ നിന്ന് 2.ബാഗൽകോട്ടിലെ കോൺഗ്രസ് പ്രചാരണത്തിൽ നിന്ന്
ബംഗളൂരു: വ്യാഴാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ദാവണഗരെ സൗത്ത്, ബാഗൽകോട്ട് നിയമസഭ മണ്ഡലങ്ങളിൽ പരസ്യ പ്രചാരണം ചൊവ്വാഴ്ച അവസാനിച്ചു. ദാവണഗെരെ സൗത്തിൽ കോൺഗ്രസ് സ്ഥാനാർഥി സമർഥ് ഷാമനുർ മല്ലികാർജുന് വോട്ടഭ്യർഥിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും തെലങ്കാന മന്ത്രിയുമായ മുഹമ്മദ് അസ്ഹറുദ്ദീൻ ചൊവ്വാഴ്ച റോഡ് ഷോ നടത്തി.
ഉച്ചകഴിഞ്ഞ് ഹൈദരാബാദിൽ നിന്ന് ദാവണഗെരെയിൽ എത്തിയപ്പോൾ കോൺഗ്രസ് പ്രവർത്തകർ പടക്കം പൊട്ടിച്ച് അദ്ദേഹത്തെ സ്വീകരിച്ചു. കൊടും ചൂടിനെ വകവെക്കാതെ ദുർഗാംബിക ക്ഷേത്രത്തിന് സമീപം തുറന്ന വാഹനത്തിലാണ് അസ്ഹറുദ്ദീൻ റോഡ് ഷോ ആരംഭിച്ചത്. മുൻ ഇന്ത്യൻ ക്യാപ്റ്റനെ ഒരുനോക്ക് കാണാൻ വഴിയിലുടനീളം വൻ ജനാവലി തടിച്ചുകൂടിയിരുന്നു. വെള്ള ഖദറും കറുത്ത സൺഗ്ലാസും ധരിച്ച് അദ്ദേഹം ആരാധകർക്ക് നേരെ കൈവീശി. വഴിയിലുടനീളം ആരാധകർ അദ്ദേഹത്തെ ഊഷ്മളമായി സ്വീകരിച്ചു. കോൺഗ്രസ് പതാകകളും സ്ഥാനാർഥിയുടെ ഛായാചിത്രങ്ങളും വഴിയിലുടനീളം പ്രദർശിപ്പിച്ചിരുന്നു
ദുർഗ്ഗാംബിക ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച റോഡ്‌ഷോ ഹോണ്ടാഡ സർക്കിൾ, കൈപേട്ടെ, ചാമരാജ് പീറ്റ്, ചൗക്കിപേട്ട്, മഹാരാജ് പീറ്റ്, ഓൾഡ് ബെത്തൂർ റോഡ്, അഹമ്മദ് നഗർ മെയിൻ റോഡ്, സൗത്ത് നിയമസഭാ മണ്ഡലത്തിലെ മറ്റ് തെരുവുകൾ എന്നിവയിലൂടെ കടന്നുപോയി. കൈപേട്ടെയിലെ ബസവേശ്വര ക്ഷേത്രത്തിന് സമീപം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഘോഷയാത്രയിൽ പങ്കുചേർന്നു. അവിടെ അദ്ദേഹം നേരത്തെ പ്രാർഥനകൾ നടത്തി. ചൗക്കിപേട്ടിലെ ബക്കേശ്വര ക്ഷേത്രത്തിന് സമീപം തുറന്ന വാഹനത്തിൽ നടന്ന റോഡ്ഷോയിൽ കോൺഗ്രസ് സ്ഥാനാർഥി സമർഥ് ഷാമനൂറും മാതാവ് പ്രഭ മല്ലികാർജുൻ എം.പിയും പങ്കെടുത്തു. ജില്ല ചുമതലയുള്ള മന്ത്രിയും സ്ഥാനാർഥിയുടെ പിതാവുമായ എസ്.എസ്. മല്ലികാർജുൻ , ലെജിസ്ലേറ്റീവ് കൗൺസിൽ ചീഫ് വിപ്പ് സലീം അഹമ്മദ്, എം.എൽ.എമാരായ ഹാരിസ്, റിസ് വാൻ അർഷാദ്, ശിവലിംഗഗൗഡ തുടങ്ങി നിരവധി നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു. ബാഗൽകോകോട്ടിൽ മന്ത്രി സമീർ അഹമ്മദ് ഖാൻ, മുഖ്യമന്ത്രിയുടെ രാഷ്ട്രീയ സെക്രട്ടറി നസീർ അഹമ്മദ്, ആസിഫ് സേട്ട് എം.എൽ.എ എന്നിവർ പ്രചാരണ കലാശക്കൊട്ടിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

