ദാവൺഗരെയിൽ വൻ സുരക്ഷയോടെ പി.എസ്.സി പരീക്ഷ നടത്തി
text_fieldsപി.എസ്.സി പരീക്ഷ നടന്ന കേന്ദ്രങ്ങളിൽ ഒരുക്കിയ സുരക്ഷ
ബംഗളൂരു: അഴിമതിയെത്തുടർന്ന് കർണാടക പബ്ലിക് സർവിസ് കമീഷൻ ചെയർമാൻ സസ്പെൻഷനിൽ കഴിയുകയും പി.എസ്.സി സംവിധാനം അന്വേഷണം നേരിടുകയും ചെയ്യുന്ന സാഹചര്യത്തിൽ 319 ഗസറ്റഡ് പ്രബേഷനർമാരുടെ നിയമനത്തിനായുള്ള മത്സര പരീക്ഷ ഞായറാഴ്ച ദാവൺഗരെ ജില്ലയിലെ 13 കേന്ദ്രങ്ങളിൽ നടത്തി. രാവിലെ 10 മുതൽ ഉച്ച 12 വരെയും ഉച്ച രണ്ട് മുതൽ വൈകുന്നേരം നാല് വരെയും രണ്ട് സെഷനുകളിലായാണ് പരീക്ഷ നടന്നത്. ആകെ 7842 ഉദ്യോഗാർഥികൾ ഹാജരായി.
എല്ലാ പരീക്ഷാ ഹാളുകളിലും സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിരുന്നു. പി.എസ്.സി ആസ്ഥാനം, ഡെപ്യൂട്ടി കമീഷണർ ഓഫിസ്, സ്മാർട്ട് സിറ്റി കമാൻഡ് സെന്റർ എന്നിവിടങ്ങളിൽനിന്ന് പരീക്ഷ തത്സമയം നിരീക്ഷിച്ചു. ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം കേന്ദ്രങ്ങളിൽ ജാമറുകൾ സ്ഥാപിച്ച് തടഞ്ഞു.
ഓരോ പരീക്ഷാ ഹാളിലും രണ്ട് ഇൻവിജിലേറ്റർമാരെ വിന്യസിച്ചു. ഇവരെ മാത്രമേ സെന്ററുകൾക്കുള്ളിൽ മൊബൈൽ ഫോണുകൾ കൊണ്ടുപോകാൻ അനുവദിച്ചുള്ളൂ. ഉദ്യോഗാർത്ഥികൾക്ക് മൊബൈൽ ഫോണുകളും പുസ്തകങ്ങളും സൂക്ഷിക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. 13 കേന്ദ്രങ്ങളിലും ഇ.എൻ.ടി ഡോക്ടർമാർ ശ്രവണസഹായികൾ പരിശോധിക്കാനും വൈദ്യസഹായം ആവശ്യമുള്ള ഉദ്യോഗാർഥികളെ പരിചരിക്കാനുമായി പ്രവർത്തിച്ചു. അടിയന്തര സാഹചര്യങ്ങൾക്കായി ആംബുലൻസുകളും സജ്ജീകരിച്ചു. ഓരോ ഉദ്യോഗാർഥിക്കും ഒപ്റ്റിക്കൽ മാർക്ക് റെക്കഗ്നിഷൻ ഉത്തരക്കടലാസിന്റെ മൂന്ന് പകർപ്പുകൾ നൽകി. ഒന്ന് ഉദ്യോഗാർഥിക്ക് സൂക്ഷിക്കാം, മറ്റൊന്ന് സ്കാനിങ്ങിനായി പി.എസ്.സിക്ക് അയക്കും.
മൂന്നാമത്തെ പകർപ്പ് ഡെപ്യൂട്ടി കമീഷണർ സൂക്ഷിക്കും. പരീക്ഷക്ക് ശേഷം ചോദ്യപേപ്പറുകളും ഒ.എം.ആർ ഷീറ്റുകളും സീൽ ചെയ്ത് ജില്ല ട്രഷറിയിലേക്ക് അയക്കും. അവിടെ 24 മണിക്കൂറും പൊലീസ് സുരക്ഷയും സി.സി.ടി.വി കാമറ നിരീക്ഷണവും ഉണ്ടാവും. പരീക്ഷാകേന്ദ്രങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിലുള്ള ഫോട്ടോകോപ്പി കടകളും 200 മുതൽ 300 മീറ്റർ വരെ പരിധിയിലുള്ള മറ്റ് കടകളും പരീക്ഷാ സമയത്ത് അധികൃതരുടെ നിർദേശപ്രകാരം അടച്ചിട്ടു.

