മോദിയുടെ മഠം പരിപാടിയിൽ ബി.ജെ.പി നേതാവിനെ അകറ്റിയതിൽ പ്രതിഷേധം
text_fieldsപ്രമോദ് മാധവ് രാജ് ഉഡുപ്പി ജില്ല ഓഫിസിൽ വാർത്തസമ്മേളനത്തിൽ
മംഗളൂരു: ഉഡുപ്പി ശ്രീകൃഷ്ണ മഠത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയിൽ പങ്കെടുക്കാനുള്ള അവസരം നിഷേധിച്ചതിൽ മുൻ മന്ത്രിയും ബി.ജെ.പി നേതാവുമായ പ്രമോദ് മാധവരാജ് പ്രതിഷേധിച്ചു. തന്നെ തഴഞ്ഞതിന് പിന്നിൽ ആരാണെന്ന് അറിയേണ്ടതുണ്ടെന്ന് തിങ്കളാഴ്ച ഉഡുപ്പി ജില്ല ബി.ജെ.പി ഓഫിസിൽ നടത്തിയ വാർത്തസമ്മേളനത്തിൽ മാധവരാജ് പറഞ്ഞു. ശ്രീകൃഷ്ണ മഠത്തിലെ കനക കിണ്ടിക്ക് സേവനമെന്ന നിലയിൽ താൻ സ്വർണകവചം സമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അത് ഉദ്ഘാടനം ചെയ്തതിൽ തനിക്ക് സന്തോഷമുണ്ട്.
തനിക്കും പരിപാടിയുടെ ഭാഗമാകാൻ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, അജ്ഞാത കാരണങ്ങളാൽ തന്നെ ഒഴിവാക്കി. ആരാണ് അതിന് ഉത്തരവാദിയെന്ന് തനിക്കറിയില്ല. പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് തന്റെ ആധാർ കാർഡ് പകർപ്പും ഫോട്ടോയും നാലു തവണ ശേഖരിച്ചതായി അദ്ദേഹം പറഞ്ഞു. എന്നാൽ, നവംബർ 27ന് രാത്രി പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്ന് ലഭിച്ച പട്ടികയിൽ തന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ലെന്ന് ജില്ല പൊലീസ് സൂപ്രണ്ട് അറിയിച്ചു.
തന്റെ പങ്കാളിത്തം ആരാണ് തടഞ്ഞതെന്നത് സംബന്ധിച്ച് ഊഹം ഉദ്ദേശിക്കുന്നില്ല. കാരണമില്ലാതെ ആരുടെയും മേൽ കുറ്റം ചുമത്താനും ആഗ്രഹിക്കുന്നില്ലെന്ന് മാധവ് രാജ് പറഞ്ഞു. വാർത്തസമ്മേളനത്തിൽ ബി.ജെ.പി ഉഡുപ്പി ജില്ല പ്രസിഡന്റ് കുത്തിയാർ നവീൻ ഷെട്ടി, നേതാക്കളായ ദിനകർ ഷെട്ടി ഹെർഗ്, ദിവാകർ ഷെട്ടി, രേഷ്മ ഉദയ് ഷെട്ടി, ശ്രീനിധി ഹെഗ്‌ഡെ, ശ്രീകാന്ത് നായക് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

