പ്രതിഷേധം; കുടകിൽ ബി.ജെ.പി നേതാക്കളെ കസ്റ്റഡിയിലെടുത്തു
text_fieldsകുശാൽ നഗറിൽ നടന്ന ബി.ജെ.പി പ്രതിഷേധം പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടയുന്നു
ബംഗളൂരു: ബി.ജെ.പി പ്രവർത്തകൻ വിനയ് സോമയ്യ ആത്മഹത്യ ചെയ്തതിനെത്തുടർന്ന് ശനിയാഴ്ച കുശാൽനഗറിൽ പ്രതിഷേധ പ്രകടനം നടത്തിയ സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്രയുടെ നേതൃത്വത്തിൽ ബി.ജെ.പി അംഗങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആത്മഹത്യയുമായി ബന്ധപ്പെട്ട് കുടകിൽനിന്നുള്ള രണ്ട് കോൺഗ്രസ് എം.എൽ.എമാർക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധക്കാർ ഡിവൈ.എസ്.പി ഓഫിസ് ഉപരോധിക്കാൻ ശ്രമിച്ചത്.
പൊലീസും ബി.ജെ.പി പ്രവർത്തകരും തമ്മിൽ ചെറിയതോതിൽ ഉന്തും തള്ളുമുണ്ടായി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര, എം.പി യദുവീർ, മുൻ എം.പി പ്രതാപ് സിംഹ, മുൻ എം.എൽ.എ കെ.ജി. ബൊപ്പയ്യ എന്നിവരുൾപ്പെടെ നിരവധി പാർട്ടി അംഗങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പ്രതിഷേധസ്ഥലത്ത് 450ലധികം പൊലീസുകാരെ വിന്യസിച്ചിരുന്നു.
കുടകിൽനിന്നുള്ള കോൺഗ്രസ് എം.എൽ.എമാർക്കെതിരെ പീഡനം ആരോപിച്ച് കുടക് സ്വദേശിയായ വിനയ് സോമയ്യ (40) വെള്ളിയാഴ്ച ബംഗളൂരുവിൽ ആത്മഹത്യ ചെയ്തിരുന്നു. ഒരു വാട്സ്ആപ് ഗ്രൂപ്പിൽ അദ്ദേഹം ഒരു ആത്മഹത്യ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ മൂത്ത സഹോദരൻ ജീവൻ കെ.എസിന്റെ പരാതിയിൽ കോൺഗ്രസ് പ്രവർത്തകൻ തെന്നീര മഹീനയടക്കമുള്ളവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
പൊലീസിന് സമർപ്പിച്ച കൈപ്പടയിൽ എഴുതിയ പരാതിയിൽ വിരാജ്പേട്ട് എം.എൽ.എ എ.എസ്. പൊന്നണ്ണ, മടിക്കേരി എം.എൽ.എ മന്തർ ഗൗഡ, ഹരീഷ് പൂവയ്യ എന്നീ പേരുകൾ പരാമർശിച്ചിട്ടുണ്ടെങ്കിലും എഫ്.ഐ.ആറിൽ അവരുടെ പേരുകൾ ചേർത്തിട്ടില്ല. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിയമ ഉപദേഷ്ടാവ് കൂടിയായ പൊന്നണ്ണക്കെതിരെ ഒരു വാട്സ്ആപ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ചില പരാമർശങ്ങളുമായി ബന്ധപ്പെട്ട് മഹീനയുടെ പരാതിയിൽ ഏകദേശം രണ്ട് മാസം മുമ്പ് മടിക്കേരി പൊലീസ് തന്നെ അറസ്റ്റ് ചെയ്തതായി മരണക്കുറിപ്പിൽ സോമയ്യ സൂചിപ്പിച്ചിരുന്നു.
വാട്സ്ആപ് ഗ്രൂപ്പിന്റെ അഡ്മിൻ ആയിരുന്നു സോമയ്യ. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. ഇതിന്റെ പേരിൽ തന്നെ പൊലീസ് വിടാതെ പിന്തുടരുകയാണെന്നായിരുന്നു സോമയ്യയുടെ ആരോപണം. അതേസമയം, യുവാവിന്റെ മരണത്തിൽ ബി.ജെ.പി രാഷ്ട്രീയം കളിക്കുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു. അന്വേഷണം നടക്കുകയാണ്. കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്കെതിരെ നടപടിയെടുക്കും.
ബി.ജെ.പിയുടെ ആവശ്യങ്ങളോട് പ്രതികരിക്കാൻ കഴിയില്ല. മരണത്തിൽ ബി.ജെ.പി രാഷ്ട്രീയം കളിക്കുകയാണെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി. നിയമം എല്ലാവർക്കും തുല്യമാണെന്നും പൊലീസ് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു.
‘സംഭവം ഫെബ്രുവരിയിലാണ് നടന്നത്, അദ്ദേഹം ഇപ്പോൾ ആത്മഹത്യ ചെയ്തു. പൊലീസ് വകുപ്പ് അന്വേഷിക്കുന്നുണ്ട്. സോമയ്യ വാട്സ്ആപ്പിൽ വിശദമായ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്, പൊലീസ് എല്ലാം വിശകലനം ചെയ്ത് നടപടിയെടുക്കും- അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

