ബന്ദിപ്പൂർ രാത്രി ഗതാഗതം, നിലമ്പൂർ റെയിൽപാത പ്രസ്താവന; പ്രിയങ്ക ഗാന്ധി എം.പിക്കെതിരെ പ്രതിഷേധം
text_fieldsപ്രിയങ്ക ഗാന്ധി എം.പിക്ക് എതിരെ പ്രതിഷേധവുമായി തിങ്കളാഴ്ച നടത്തിയ ദേശീയ പാത ഉപരോധം
മംഗളൂരു: കേരള-കർണാടക അതിർത്തിയിലെ ബന്ദിപ്പൂർ റിസർവ് വനത്തിലൂടെയുള്ള രാത്രി ഗതാഗതം വീണ്ടും തുറക്കുമെന്ന വയനാട് എം.പിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധിയുടെ പ്രഖ്യാപനത്തിനെതിരെ കർണാടക കർഷകരും വന്യജീവി സംരക്ഷണ പ്രവർത്തകരും രംഗത്ത്. കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് പ്രിയങ്ക പ്രഖ്യാപനം നടത്തിയതെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
കേരളത്തെ കർണാടകയിലെ നഞ്ചൻഗുഡുമായി ബന്ധിപ്പിക്കുന്ന റെയിൽവേ ലൈനിനായുള്ള അവരുടെ ശ്രമത്തെക്കുറിച്ചും പ്രതിഷേധക്കാർ ആശങ്കകൾ ഉന്നയിച്ചു. തിങ്കളാഴ്ച മൈസൂരു-ചാമരാജനഗർ ദേശീയ പാതയിൽ തടിച്ചുകൂടിയ കർഷകർ റോഡ് ഉപരോധിച്ചു. കർണാടക വനം മന്ത്രി ഈശ്വർ ഖന്ദ്രെയുടെ സാന്നിധ്യത്തിൽ പ്രിയങ്ക ഗാന്ധി നടത്തിയ പ്രഖ്യാപനത്തിനെതിരെ അവർ പ്രതിഷേധം പ്രകടിപ്പിച്ചു. മാരിഗല പാലത്തിന് സമീപം പ്രതിഷേധക്കാർ ദേശീയപാത ഉപരോധിച്ചത് വൻതോതിൽ ഗതാഗതക്കുരുക്കിനിടയാക്കി.
കേരളത്തിൽ നിന്ന് കർണാടകയിലേക്കുള്ള ബന്ദിപ്പൂർ റിസർവ് ഫോറസ്റ്റ് സ്ട്രെച്ച് വഴി രാത്രി ഗതാഗതം വീണ്ടും തുറക്കുമെന്ന് പ്രിയങ്ക ഗാന്ധി വാദ്ര കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രഖ്യാപിച്ചിരുന്നു. കർണാടക കരിമ്പ് കർഷക അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഭാഗ്യരാജ് പറഞ്ഞു. മൈസൂരു ജില്ലയിലെ നഞ്ചൻഗുഡിൽ നിന്ന് കേരളത്തിലെ നിലമ്പൂരിലേക്ക് റെയിൽവേ ലൈൻ നിർമിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും പ്രിയങ്ക വാഗ്ദാനം ചെയ്തു. കേന്ദ്ര ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പദ്ധതിയെ അഭിനന്ദിച്ചുവെന്നും അവകാശപ്പെടുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മുടെ വനം മന്ത്രിയുടെ സാന്നിധ്യത്തിലാണ് ഈ പ്രഖ്യാപനങ്ങൾ നടത്തിയത്. അദ്ദേഹം മൗനം പാലിച്ചു. ഗാന്ധി കുടുംബത്തിന്റെ അടിമയെപ്പോലെയാണ് അദ്ദേഹം പ്രവർത്തിക്കുന്നത്.
എം.എൽ.എമാരും മന്ത്രിമാരും സംസ്ഥാനത്തെ ജനങ്ങളെ സേവിക്കുന്നില്ല. പകരം കോൺഗ്രസ് ദേശീയ നേതൃത്വത്തോടാണ് അവരുടെ വിശ്വസ്തത. അവരിൽ നിന്ന് എന്താണ് പ്രതീക്ഷിക്കാൻ കഴിയുക. ഇത് പ്രിയങ്ക ഗാന്ധിയുടെ സ്വകാര്യ സ്വത്തല്ലെന്ന് ഞങ്ങൾ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ബന്ദിപ്പൂർ, നാഗർഹോള റിസർവ് വനമേഖലകൾ അവരുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതല്ല. ഇവ പൊതു സ്വത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പ്രദേശം കർണാടകയിലെ ജനങ്ങൾക്കും ഭാവി തലമുറകൾക്കും അവകാശപ്പെട്ടതാണെന്നും അത്തരം തീരുമാനങ്ങൾ സംസ്ഥാനത്തിനും കേന്ദ്രത്തിനും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

