സംഘർഷ മേഖലയിലെ കർണാടകക്കാർക്ക് സംരക്ഷണം നൽകണം -സിദ്ധരാമയ്യ
text_fieldsബംഗളൂരു: പശ്ചിമേഷ്യയിലെ വിവിധ ഭാഗങ്ങളിൽ യുദ്ധസമാന സാഹചര്യം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കന്നഡിഗർ ഉൾപ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിച്ചു. വിമാന സര്‍വിസുകള്‍ റദ്ദാക്കിയതോടെ കർണാടകയടക്കമുള്ള സ്ഥലങ്ങളില്‍ നിന്നുള്ള താമസക്കാർ, തൊഴിലാളികൾ, വിദ്യാര്‍ഥികൾ, യാത്രക്കാർ എന്നിവർ വിവിധ രാജ്യങ്ങളിൽ അനിശ്ചിതാവസ്ഥയില്‍ തുടരുകയാണ്. ഇവരുടെ സുരക്ഷയില്‍ മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. വ്യോമാതിർത്തി നിയന്ത്രണങ്ങൾ സംബന്ധിച്ച് സിവിൽ ഏവിയേഷൻ മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ മുന്‍ നിര്‍ത്തി നിരവധിയാളുകൾ ദുബൈ പോലുള്ള പ്രധാന നഗരങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വ്യോമാതിതിര്‍ത്തി അടച്ചിട്ടതോടെ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയവരുടെ കുടുംബാംഗങ്ങള്‍ മാനസിക സംഘര്‍ഷത്തിലാണ്. സാഹചര്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് എല്ലാ ഇന്ത്യക്കാര്‍ക്കും സംരക്ഷണം ഉറപ്പാക്കണം. കൂടാതെ ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും വഴി ബന്ധപ്പെട്ട് നയതന്ത്ര ബന്ധം ശക്തിപ്പെടുത്തണം. കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ സുരക്ഷിതമായും സമയബന്ധിതമായും തിരിച്ചെത്തിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണം. വിദേശകാര്യ മന്ത്രാലയം, സിവിൽ ഏവിയേഷൻ മന്ത്രാലയം, സംസ്ഥാന സർക്കാറുകൾ, വിമാനക്കമ്പനികൾ എന്നിവ തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നതിന് മന്ത്രി തല ടാസ്‌ക് ഫോഴ്‌സ് സ്ഥാപിക്കണം. കന്നഡിഗരുടെയും മറ്റ് ഇന്ത്യൻ പൗരന്മാരുടെയും കുടുംബങ്ങൾക്ക് രജിസ്ട്രേഷൻ, ട്രാക്കിങ് എന്നിവക്കായി ഒരു കേന്ദ്രീകൃത ഡിജിറ്റൽ സംവിധാനം സ്ഥാപിക്കണം. യാത്ര ഷെഡ്യൂളുകളിൽ അധിക ചാർജുകൾ ഒഴിവാക്കാനും ആവശ്യമുള്ളിടത്തെല്ലാം മാനുഷിക സഹായം നൽകാനും വിമാനക്കമ്പനികൾക്ക് ഉപദേശ നിർദേശങ്ങൾ നൽകണം. കന്നഡിഗരെയും മറ്റ് ഇന്ത്യൻ പൗരന്മാരെയും സംരക്ഷിക്കുന്നതിനും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർഥിച്ചുകൊണ്ട് ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ നിന്ന് വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കർണാടക സർക്കാർ സംസ്ഥാന അടിയന്തര ഓപറേഷൻ സെന്‍ററും ജില്ലാ തല അടിയന്തിര ഓപ്പറേഷൻ സെന്‍ററുകളും 24 മണിക്കൂറും പ്രവർത്തിക്കുന്നതിനായി സജീവമാക്കിയിട്ടുണ്ട്. ന്യൂഡൽഹിയിലെ കർണാടക റസിഡന്‍റ് കമീഷണറുടെ ഓഫിസുമായും വിദേശകാര്യ മന്ത്രാലയത്തിന്‍റെ റാപ്പിഡ് റെസ്‌പോൺസ് സെല്ലുമായും ഞങ്ങൾ തുടർച്ചയായി ബന്ധം പുലര്‍ത്തുന്നുന്നുണ്ട്. സഹകരണം ഉറപ്പാക്കുന്നതിന് കേന്ദ്ര അധികാരികളുമായി ഉടനടി ബന്ധപ്പെടുന്നതിന് മുതിർന്ന നോഡൽ ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ടെന്നും സിദ്ധരാമയ്യ കത്തിൽ പറഞ്ഞു.
പശ്ചിമേഷ്യയിലെ ആയിരക്കണക്കിന് കന്നഡിഗർ ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രവാസികളുടെ സംഭാവനകളെ ഊന്നിപ്പറഞ്ഞ സിദ്ധരാമയ്യ അവരുടെ സുരക്ഷ, ക്ഷേമം എന്നിവ ഉറപ്പാക്കാൻ ആവശ്യമായതും സമയബന്ധിതവുമായ എല്ലാ നടപടികളും കേന്ദ്രം സ്വീകരിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
ഇക്കാര്യത്തിൽ കേന്ദ്രം സ്വീകരിക്കുന്ന എല്ലാ നിലപാടുകള്‍ക്കും കർണാടക സർക്കാർ പൂർണ സഹകരണം ഉറപ്പ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

