പ്രോജക്ട് ഖുഷി വിജയത്തിലേക്ക്
text_fieldsടീം ഹാപ്പിയസ്റ്റ് ഹെൽത്തിനൊപ്പം പൊലീസ് കമീഷണർ സീമന്ത് കുമാർ സിങ്ങും (ഇരിക്കുന്നവരില്‍ വലത്തുനിന്ന് നാലാമത്) പ്രോജക്ട് ഖുഷിയിൽ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥരും
ബംഗളൂരു: ഹാപ്പിയസ്റ്റ് ഹെല്‍ത്തിന്‍റെയും സിറ്റി പൊലീസ് വകുപ്പിന്‍റെയും സഹകരണത്തോടെ ബംഗളൂരു സിറ്റി പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി ആരംഭിച്ച മൂന്നു മാസത്തെ പ്രോജക്ട് ഖുഷി വിജയത്തിലേക്ക്. ഇതില്‍ പങ്കെടുത്ത 60 ഉദ്യോഗസ്ഥരുടെ ശരീരഭാരം 0.5 കിലോ മുതല്‍ 6.1 കിലോ വരെ കുറയുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുകയും ചെയ്തുവെന്ന് ഹാപ്പിയസ്റ്റ് ഹെല്‍ത്ത് പറഞ്ഞു. സെപ്റ്റംബര്‍ 11ന് സിറ്റി പൊലീസ് കമീഷണര്‍ സീമന്ത് കുമാര്‍ സിങ് ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
പ്രോജക്ട് ഖുഷിയിൽ സജീവമായി പങ്കെടുത്തവരുടെ പരിശ്രമത്തെ അഭിനന്ദിക്കുകയും ഇത് 90 ദിവസത്തേക്ക് പരിമിതപ്പെടുത്തരുതെന്നും തുടർ പ്രക്രിയയായിരിക്കണമെന്നും സമാപന സമ്മേളനത്തില്‍ സിങ് പറഞ്ഞു. ഖുഷി പദ്ധതിയിൽ സജീവമായി പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥർ അതത് ഡിവിഷനുകളിലെ പദ്ധതിയുടെ ബ്രാൻഡ് അംബാസഡർമാരായിരിക്കും.
പ്രമേഹം, രക്ത സമ്മർദം, പൊണ്ണത്തടി, ഉപാപചയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ജീവിത ശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ തടയുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി പൊലീസ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി രൂപ കൽപന ചെയ്ത ആരോഗ്യ ക്ഷേമ പദ്ധതിയാണ് പ്രൊജക്ട് ഖുഷി. എൻഡോക്രൈനോളജി, പോഷകാഹാരം, ആയുർവേദം, യോഗ, മൈൻഡ്‌ഫുൾനെസ് എന്നിവയിലെ വിദഗ്ധരുടെ നേതൃത്വത്തിൽ മൂന്ന് മാസത്തിനകം ആറ് ലൈവ് സെഷനുകളുള്ള വ്യക്തിഗത വിദഗ്ധർ നയിക്കുന്ന ക്ലാസുകളും ഡിജിറ്റൽ പഠന മൊഡ്യൂളുകളും നിർദിഷ്ട പദ്ധതിയിൽ ഉൾപ്പെടുന്നു.
വെബ് സ്റ്റോറികൾ, ലേഖനങ്ങൾ, വിഡിയോകൾ, നുറുങ്ങുകള്‍ എന്നിവയിലൂടെയും ദിവസേനയുള്ള വ്യായാമ നിർദേശങ്ങൾ, പോഷകാഹാര കുറിപ്പുകള്‍ എന്നിവ വാട്ട്‌സ്ആപ് ഗ്രൂപ്പ് വഴിയും ആഴ്ചതോറുമുള്ള ഡിജിറ്റൽ മൊഡ്യൂളുകളായും ഉദ്യോഗസ്ഥരിലേക്ക് എത്തിക്കുകയായിരുന്നു. ഇത് ഉദ്യോഗസ്ഥരുടെ ദൈനം ദിന ശീലങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടു വരുകയും ആരോഗ്യ കാര്യങ്ങളില്‍ അവര്‍ ശ്രദ്ധ ചെലുത്തുകയും ചെയ്തു. പദ്ധതി പൊലീസ് വകുപ്പില്‍ സ്ഥിരമായി നടപ്പാക്കാന്‍ ഹാപ്പിയസ്റ്റ് ഹെല്‍ത്തുമായി കരാര്‍ ഒപ്പിടും.
ഉദ്യോഗസ്ഥരുടെ ഭക്ഷണ ശീലങ്ങളും ദിനചര്യയും മാറിയെന്ന് പദ്ധതിയുടെ നോഡല്‍ ഓഫിസറായ ഇലക്ട്രോണിക് സബ് ഡിവിഷനിലെ ഡി.സി.പി എം. നാരായണ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

