പ്രഫ. കെ. മൂസ സാഹിബ് സ്മാരക അധ്യാപക അവാർഡ് ഹസ്മില ടീച്ചർക്ക്
text_fieldsപ്രഫ. കെ. മൂസ സാഹിബ് സ്മാരക ബെസ്റ്റ് ടീച്ചർ അവാർഡ് ഹസ്മില ജുനൈദിന്
കെ.എം. ഇ.ബി മുൻ ഡയറക്ടർ ഡോ. സുഷീർ ഹസൻ സമ്മാനിക്കുന്നു
ബംഗളൂരു: 2023-24ലെ മികച്ച അധ്യാപകർക്ക് ഏർപ്പെടുത്തിയ പ്രഫ. കെ. മൂസ സാഹിബ് സ്മാരക ബെസ്റ്റ് ടീച്ചർ അവാർഡിന് ഹസ്മില ജുനൈദ് അർഹയായി. ഹിറ മോറൽ സ്കൂളിന് കീഴിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 150ഓളം അധ്യാപകരിൽനിന്നാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. വയനാട് മേപ്പാടി സ്വദേശിനിയായ ഹസ്മില ജുനൈദ് എച്ച്.എം.എസ് അലിഫ്ബ ഡിപ്പാർട്ട്മെന്റിലെ അധ്യാപികയാണ്.
ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന വിവിധ ഹിറാ മോറൽ സ്കൂളുകളുടെ അധ്യാപക വാർഷിക സംഗമമായ 'ഇൽമേറ്റ്സ് 24' ൽ വെച്ച് കേരള മദ്റസ എജുക്കേഷൻ ബോർഡ് മുൻ ഡയറക്ടർ ഡോ. സുഷീർ ഹസൻ അവാർഡ് സമ്മാനിച്ചു.
വയനാട് ക്രസന്റ് ഫാമിലി റിസോർട്ടിൽ സംഘടിപ്പിച്ച പരിപാടി ജെ.ഐ.എച്ച്. വയനാട് ജില്ല പ്രസിഡന്റ് പി.പി. യൂനുസ് സംഗമം ഉദ്ഘാടനം ചെയ്തു. അധ്യാപകർക്കുള്ള പരിശീലന പരിപാടികൾക്ക് ഡോ. സുഷീർ ഹസൻ നേതൃത്വം നൽകി. അധ്യാപകർ വിദ്യാർഥികൾക്ക് മികച്ച മാതൃകയാവുന്നതോടൊപ്പം പുതിയ ലോകത്തെ പുത്തൻ ആശയങ്ങൾ വിദ്യാർഥികളിലേക്ക് പ്രസരിപ്പിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ഓർമപ്പെടുത്തി. എച്ച്.എം.എസ് സ്വന്തമായി വികസിപ്പിച്ചെടുത്ത സ്കൂൾ ഇ.ആർ.പി സോഫ്റ്റ് വെയർ ചടങ്ങിൽ പരിചയപ്പെടുത്തി. അധ്യാപകരുടെ വിവിധ കലാ-കായിക പരിപാടികളും അരങ്ങേറി. അധ്യാപകർക്കുള്ള വിവിധ പുരസ്കാരങ്ങൾ പരിപാടിയിൽ വിതരണം ചെയ്തു. അവാർഡ് ജേതാക്കളായ ഷഹബാസ്, ഷംല, റാബിയ, സാദിഖ്, മുബാരിസ്, മെഹബൂബ, ഹാജറ, ഫെബീന എന്നിവരെ ചടങ്ങിൽ ആദരിച്ചു.
എംപവേഡ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ ഷാഹിർ ഡെലിഗോ അധ്യക്ഷത വഹിച്ചു. എച്ച്.എം.എസ് സെക്രട്ടറി ടി.കെ. സാജിദ് സ്വാഗതവും പ്രിൻസിപ്പൽ ഷബീർ മുഹ്സിൻ നന്ദിയും പറഞ്ഞു. പരിപാടികൾക്ക് അഡ്വ. നൗഫൽ മാമ്പറ്റ, ഷംസീർ വടകര എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

