അമേരിക്കൻ യാത്ര വിലക്കിയതിനെ ചോദ്യം ചെയ്ത് പ്രിയങ്ക് ഖാർഗെ
text_fieldsബംഗളൂരു: അമേരിക്കയിലേക്കുള്ള തന്റെ ഔദ്യോഗിക സന്ദർശനത്തിന് രാഷ്ട്രീയ അനുമതി നിഷേധിച്ചതിന് ചോദ്യംചെയ്ത് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന് കത്തെഴുതി. ജൂൺ 14 മുതൽ 27 വരെ യു.എസ് സന്ദർശിക്കാൻ തീരുമാനിച്ചിരുന്ന ഖാർഗെയുടെ യാത്ര ക്ലിയറൻസ് നിരസിച്ചതിനാൽ മുടങ്ങിയിരുന്നു. ഇതേത്തുടർന്നാണ് കേന്ദ്രമന്ത്രിക്ക് കത്തെഴുതിയതെന്ന് ഖാർഗെ ‘എക്സി’ൽ പോസ്റ്റ് ചെയ്തു.
“കർണാടകയിലെ ജനങ്ങളോട് ഉത്തരവാദിത്തമുള്ള ഒരാൾ എന്ന നിലയിൽ, ഞാൻ വിശദീകരണം തേടി. സംസ്ഥാനത്തേക്ക് നിക്ഷേപം ആകർഷിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് ഈ സന്ദർശനം ലക്ഷ്യമിട്ടത്” -അദ്ദേഹം പറഞ്ഞു. ബോസ്റ്റണിൽ നടക്കുന്ന ബി.ഐ.ഒ ഇന്റർനാഷനൽ കൺവെൻഷനിൽ പങ്കെടുക്കുന്നതും സാൻ ഫ്രാൻസിസ്കോയിൽ നടക്കുന്ന കോൺഫറൻസിൽ പങ്കെടുക്കുന്നതും ഔദ്യോഗിക യാത്രാപരിപാടിയിൽ ഉൾപ്പെട്ടിരുന്നു.
നിക്ഷേപം, തൊഴിലവസര സൃഷ്ടി, പ്രധാന കരാറുകളിൽ ഒപ്പുവെക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രധാന കമ്പനികൾ, സർവകലാശാലകൾ, സ്ഥാപനങ്ങൾ എന്നിവരുമായുള്ള കൂടിക്കാഴ്ചകളും ആസൂത്രണം ചെയ്തിരുന്നു. ഇന്ത്യയുടെ സാങ്കേതിക തലസ്ഥാനം മാത്രമല്ല, ഏഷ്യ-പസഫിക് മേഖലയിലെ വളർച്ചക്ക് കർണാടക ഒരു പ്രേരകശക്തി കൂടിയാണെന്നും ഖാർഗെ തന്റെ കത്തിൽ ഊന്നിപ്പറഞ്ഞു.
സ്റ്റാർട്ടപ്പുകളിലും നവീകരണത്തിലും കർണാടക സംസ്ഥാനം ആഗോളതലത്തിൽ മുൻപന്തിയിലാണ്. അതിനാൽ ഒരു കാരണവും ചൂണ്ടിക്കാണിക്കാതെ അതിന്റെ ഐ.ടി-ബി.ടി മന്ത്രിക്ക് രാഷ്ട്രീയ അനുമതി നിഷേധിക്കുന്നത് നീതീകരിക്കാനാവില്ല- ഖാർഗെ എഴുതി.
ഇത്തരം ഏകപക്ഷീയമായ നിഷേധം ഭാവി ആസൂത്രണത്തെയും കർണാടകയുടെ വികസനത്തിന് നിർണായകമായ ഇടപെടലുകളെയും തടസ്സപ്പെടുത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

