മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസുകൾ കൂട്ടിയിടിപ്പിച്ചു;നാല് ജീവനക്കാർ അറസ്റ്റിൽ, ബസുകൾ പിടിച്ചെടുത്തു
text_fieldsഅറസ്റ്റിലായ ബസ് ജീവനക്കാർ
മംഗളൂരു: മത്സര ഓട്ടത്തിനിടെസർവീസ് സമയത്തെച്ചൊല്ലി തർക്കിച്ച രണ്ട് സ്വകാര്യ എക്സ്പ്രസ് ബസുകൾ കൂട്ടിയിടിപ്പിച്ചത് തിങ്കളാഴ്ച യാത്രക്കാരേയും നാട്ടുകാരേയും ഞെട്ടിച്ചു.സംഭവത്തിൽ ഇരു ബസുകളിലേയും നാല് ജീവനക്കാരെ അറസ്റ്റ് ചെയ്ത പൊലീസ് ബസുകൾ പിടിച്ചെടുത്തു.ബസ് ഡ്രൈവർമാരായ രമേശ്, അഭിഷേക്, കണ്ടക്ടർമാരായ വിജയകുമാർ, ഹരീഷ് ബി ഹെഗ്ഡെ എന്നിവരാണ് അറസ്റ്റിലായത്.
കൗപ് ബസ് സ്റ്റാൻഡിന് സമീപമുള്ള സർവീസ് റോഡിലാണ് സംഭവം. ഉഡുപ്പിയിൽ നിന്ന് മംഗളൂരുവിലേക്ക് വരുകയായിരുന്ന ബസ് യാത്രക്കാരെ കയറ്റാനും ഇറക്കാനും ബസ് സ്റ്റാൻഡിൽ നിർത്തിയിരുന്ന മറ്റൊരു ബസിൽ പിന്നിൽ വലതുവശത്ത് ഇടിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു.
ഉദ്യാവർ മുതൽ സമയക്രമീകരണത്തെയും മറികടക്കുന്നതിനെയും ചൊല്ലി രണ്ട് ബസുകളുടെയും ഡ്രൈവർമാരും കണ്ടക്ടർമാരും തമ്മിലുണ്ടായ വാക്കേറ്റമാണ് ഈ അതിക്രമത്തിൽ കലാശിച്ചത്. സന്ദേശ് ട്രാവൽസ് ബസ് കൗപ് ബസ് സ്റ്റാൻഡിൽ നിർത്തിയതോടെ സംഘർഷം രൂക്ഷമായി.
സംഭവത്തെത്തുടർന്ന് രണ്ട് ബസുകളിലെയും ഡ്രൈവർമാർ പരസ്പരം കുറ്റപ്പെടുത്തുകയും വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റാൻ വിസമ്മതിക്കുകയും ചെയ്തു. ഇത് ഗതാഗതക്കുരുക്കിനും ദീർഘ നേരം വാഹന ഗതാഗതം തടസ്സപ്പെടുന്നതിനും കാരണമായി. നാട്ടുകാർ വിവരം നൽകിയതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

