പ്രധാനമന്ത്രി മോദി ഇന്ന് നഗരത്തിൽ
text_fieldsപ്രധാനമന്ത്രിയുടെ സന്ദർശനത്തിനു മുന്നോടിയായി ക്രമീകരണം നടത്താനെത്തിയ പൊലീസ് സംഘം
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബംഗളൂരുവിൽ. രാവിലെ 10ന് അദ്ദേഹം എച്ച്.എ.എൽ വിമാനത്താവളത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവിടെനിന്ന് റോഡ് മാർഗം വിധാൻ സൗധയിൽ എത്തും. 10.30ന് കനകദാസയുടെയും വാല്മീകിയുടെയും പ്രതിമയിൽ ആദരാഞ്ജലിയർപ്പിക്കുന്ന ചടങ്ങിൽ പങ്കെടുക്കും.
10.40ഓടെ കെ.എസ്.ആർ റെയിൽവേ സ്റ്റേഷനിൽ എത്തി മൈസൂരു-ബംഗളൂരു-ചെന്നൈ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ഉദ്ഘാടനം നിർവഹിക്കും. ഏഴാം നമ്പർ പ്ലാറ്റ്ഫോമിലായിരിക്കും ചടങ്ങ്. എട്ടാം നമ്പർ പ്ലാറ്റ്ഫോമിൽ ഭാരത് ഗൗരവ് കാശി ദർശൻ ട്രെയിനും അദ്ദേഹം ഫ്ലാഗ്ഓഫ് ചെയ്യും. തുടർന്ന് 11.10ഓടെ ഹെബ്ബാളിലെ വ്യോമസേന ട്രെയിനിങ് കമാൻഡ് സെന്‍ററിലേക്ക് മോദി പോകും.
ശേഷം ഹെലികോപ്ടറിൽ ബംഗളൂരു വിമാനത്താവളത്തിൽ എത്തും. 11.40ഓടെ വിമാനത്താവളത്തിന്‍റെ ടെർമിനൽ-2 അദ്ദേഹം ഉദ്ഘാടനം ചെയ്യും. 12.10ഓടെ വിമാനത്താവള പരിസരത്ത് സജ്ജമാക്കിയ 108 അടി ഉയരമുള്ള ബംഗളൂരു നഗരശിൽപി കെംപെഗൗഡയുടെ വെങ്കലപ്രതിമ അനാച്ഛാദനം ചെയ്യും.
ഉച്ചക്ക് ഒരു മണിക്ക് വിമാനത്താവളവേദിയിൽ പൊതുപരിപാടിയിൽ പങ്കെടുക്കും. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഇവിടെ സംസാരിക്കും. ശേഷം 1.35ഓടെ അമൃത് രണ്ട് പദ്ധതിയുടെ ഉദ്ഘാടനവും മോദി നിർവഹിക്കും.
പ്രധാനമന്ത്രിയുടെ സന്ദർശനം: ഇന്ന് നഗരത്തിൽ ഗതാഗത നിയന്ത്രണം
ബംഗളൂരു: വിവിധ പരിപാടികളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിനാൽ വെള്ളിയാഴ്ച നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും.
രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ടുവരെയാണിത്. ഒ.ടി.സി ജങ്ഷൻ, പൊലീസ് തിമ്മയ്യ സർക്കിൾ, രാജ്ഭവൻ റോഡ്, ബസവേശ്വര സർക്കിൾ, പാലസ് റോഡ്, റേസ് കോഴ്സ് റോഡ്, സാങ്കി റോഡ്, ക്വീൻസ് റോഡ്, ബെള്ളാരി റോഡ്, എയർപോർട്ട് എലവേറ്റഡ് കോറിഡോർ, ശേഷാദ്രി റോഡ് (മഹാറാണി പാലം മുതൽ കെ.ആർ.എസ് റെയിൽവേ സ്റ്റേഷന്‍റെ പ്രവേശന കവാടം വരെ), കെ.ജി റോഡ് (ശാന്തല ജങ്ഷൻ മുതൽ മൈസൂരു ബാങ്ക് സർക്കിൾ വരെ), വട്ടാൽ നാഗരാജ് റോഡ് (ഖോദായ്സ് അടിപ്പാത മുതൽ പി.എഫ് വരെ), കെംപെഗൗഡ ഇന്‍റർനാഷനൽ റോഡിന്‍റെ ചുറ്റിലുമുള്ള എല്ലാ റോഡുകളിലും എന്നിവിടങ്ങളിലാണ് ഗതാഗത നിയന്ത്രണം ഉണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

