പ്രധാനമന്ത്രി ഇന്ന് ഉഡുപ്പിയിൽ
text_fieldsമംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഉഡുപ്പി ശ്രീകൃഷ്ണ മഠത്തിൽ നടത്തുന്ന സ്വകാര്യ സന്ദർശനത്തിനുള്ള ഒരുക്കത്തിന്റെ ഭാഗമായി വ്യാഴാഴ്ച പൂർണതോതിലുള്ള മോക് ഡ്രിൽ സംഘടിപ്പിച്ചു. ആദി ഉഡുപ്പി ഹെലിപാഡിൽനിന്ന് ആരംഭിച്ച റിഹേഴ്സൽ കോൺവോയ് വാഹന വ്യൂഹം ശ്രീകൃഷ്ണ മഠത്തിൽ സമാപിച്ചു.
ഉഡുപ്പി ജില്ല ഡെപ്യൂട്ടി കമീഷണർ ടി.കെ. സ്വരൂപ, ജില്ല പൊലീസ് സൂപ്രണ്ട് ഹരിറാം ശങ്കർ, എസ്.പി.ജി ഉദ്യോഗസ്ഥർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ മേൽനോട്ടം വഹിച്ചു. മഠത്തിനു സമീപത്തും പരിസര പ്രദേശങ്ങളിലുമുള്ള സുരക്ഷാ വിന്യാസം, ജനക്കൂട്ട നിയന്ത്രണ സംവിധാനങ്ങൾ, റൂട്ട് ക്രമീകരണങ്ങൾ, അടിയന്തര പ്രതികരണ സന്നദ്ധത എന്നിവ അവർ പരിശോധിച്ചു.
ശ്രീകൃഷ്ണ മഠത്തിലെ ലക്ഷം കണ്ഠ ഗീതാപാരായണ പരിപാടി നേരത്തേ ആസൂത്രണം ചെയ്തതിനേക്കാൾ 40 മിനിറ്റ് മുമ്പ് ആരംഭിക്കുമെന്ന് ജില്ല പൊലീസ് സൂപ്രണ്ട് പറഞ്ഞു. , മുൻ ഷെഡ്യൂളിൽ നിന്ന് വ്യത്യസ്തമായി രാവിലെ 11നും 11.30നും ഇടയിലായിരിക്കും പ്രധാനമന്ത്രിയുടെ റോഡ്ഷോ. ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ദർശനം നടത്തിയ ശേഷം ലക്ഷം കണ്ഠ ഗീതാപാരായണ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും. ക്ഷേത്ര സന്ദർശനത്തിനു ശേഷം ഗീത മന്ദിരയിലെ പര്യായ പേജാവർ പുത്തിഗെ മഠാധിപതി സുഗുണേന്ദ്ര തീർഥ സ്വാമിയെ സന്ദർശിക്കും. തുടർന്ന് പാർക്കിങ് ഏരിയക്ക് സമീപം നടക്കുന്ന കൂട്ട ഗീതജപ പരിപാടിയിൽ പങ്കെടുക്കും.
10 എ.എസ്.പിമാരും എസ്.പി.ജിയും സംസ്ഥാന പൊലീസിനൊപ്പം ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു. സംസ്ഥാന പൊലീസിനെ നയിക്കാൻ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ഹിതേന്ദ്ര, ഐ.ജി സന്ദീപ് പാട്ടീൽ, ചന്ദ്ര ഗുപ്ത എന്നിവർ ഉഡുപ്പിയിലുണ്ട്. 3000 ത്തിലധികം പൊലീസ് സേനയെ സുരക്ഷക്കായി പ്രത്യേകം വിന്യസിച്ചു. ബി.ജെ.പി പ്രവർത്തകർ നഗരം കാവി തോരണങ്ങളും കൊടികളുംകൊണ്ട് അലങ്കരിച്ചു. പ്രധാന കവലകളിൽ മോദിയുടെ കട്ടൗട്ടുകൾ സ്ഥാപിച്ചു. രാവിലെ എട്ടിനും ഉച്ചകഴിഞ്ഞ് മൂന്നിനും ഇടയിൽ ശ്രീകൃഷ്ണ മഠത്തിലേക്കുള്ള ഭക്തരുടെ പ്രവേശനം പൂർണമായി നിയന്ത്രിക്കും.
മോദി ഭരണത്തിൽ ബീഫ് കയറ്റുമതി കുതിച്ചുയർന്നു- ദയാനന്ദ സ്വാമി കേന്ദ്രം ഗോവധം നിരോധിക്കണമെന്നും വിശ്വ ഗോരക്ഷ മഹാപീഠം തലവൻ
മംഗളൂരു: നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെ, രാജ്യത്ത് ബീഫ് കയറ്റുമതി കുതിച്ചുയരുകയാണെന്ന് ലോക മൃഗക്ഷേമ ബോർഡ് പ്രസിഡന്റും ബംഗളൂരു ആസ്ഥാനമായ വിശ്വ ഗോരക്ഷ മഹാപീഠം തലവനുമായ ദയാനന്ദ സ്വാമി പറഞ്ഞു. നരേന്ദ്ര മോദി വെള്ളിയാഴ്ച ഉഡുപ്പിയിൽ സന്ദർശനം നടത്തുന്ന പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉഡുപ്പിയിലെത്തിയ ദയാനന്ദ സ്വാമി.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ, ബീഫ് കയറ്റുമതിയും ഗോവധവും നിരോധിക്കുന്നതിൽ അന്നത്തെ കേന്ദ്രസർക്കാർ പരാജയപ്പെട്ടതിനെ പരസ്യമായി വിമർശിച്ച മോദി മൂന്ന് തവണ പ്രധാനമന്ത്രിയായി. നിലവിൽ ബീഫ് കയറ്റുമതിയിൽ ഇന്ത്യ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്താണ്. ഇന്ത്യയിലുടനീളം ലക്ഷക്കണക്കിന് പശുക്കളെയും കിടാക്കളെയും കാളകളെയും എരുമകളെയും ദിവസവും കൊല്ലുകയും അവയുടെ മാംസവും തോലും അന്താരാഷ്ട്ര തലത്തിൽ കയറ്റുമതി നടത്തുകയും ചെയ്യുന്നത് ആശങ്കജനകമാണ്. ഗോവധ നിരോധനത്തിനായി സംഘ്പരിവാർ ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് പ്രചാരണം നടത്തിയിരുന്നു. ആർ.എസ്.എസ് പ്രത്യയശാസ്ത്രവുമായി യോജിക്കുന്ന സർക്കാർ ഇതുവരെ അത്തരമൊരു കേന്ദ്ര നിയമം നടപ്പാക്കിയില്ല. ഈ നിർണായക വിഷയത്തിൽ ആർ.എസ്.എസ് പോലും മൗനം പാലിക്കുന്നു.
കർണാടക ഉൾപ്പെടെ 16 സംസ്ഥാനങ്ങളിലും ബി.ജെ.പി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും സമ്പൂർണ ഗോവധ നിരോധനം ഇതിനകം പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഈ സന്ദർഭം കണക്കിലെടുക്കുമ്പോൾ എന്തുകൊണ്ടാണ് ഇന്നുവരെ രാജ്യവ്യാപകമായി നിരോധനം നടപ്പാക്കാത്തതെന്ന ചോദ്യം ഉയരുന്നു. ‘ഭഗവാൻ കൃഷ്ണന്റെ നാട്’എന്ന് ആദരിക്കപ്പെടുന്ന ഉഡുപ്പി സന്ദർശിക്കാൻ പ്രധാനമന്ത്രി മോദി എത്തുമ്പോൾ രാജ്യവ്യാപകമായി ഗോവധ നിരോധനം ഏർപ്പെടുത്താൻ ആവശ്യപ്പെടുന്ന നിവേദനം സമർപ്പിക്കുമെന്ന് സ്വാമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

