‘പ്രവാസവും സാഹിത്യവും’ സാഹിത്യചർച്ച
text_fieldsബംഗളൂരു റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ഫോറം സാഹിത്യചർച്ചയിൽ ഡോ. സോമൻ കടലൂർ സംസാരിക്കുന്നു
ബംഗളൂരു: ബംഗളൂരു റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ഫോറം സാഹിത്യചർച്ച നടത്തി. കവിയും നോവലിസ്റ്റും പ്രഭാഷകനുമായ ഡോ. സോമൻ കടലൂർ ‘പ്രവാസവും സാഹിത്യവും’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി.
പ്രവാസ ജീവിതത്തിൽ മലയാളി സ്വാഭാവികമായും അനുഭവിക്കുന്ന സ്വത്വപരമായ സംഘർഷങ്ങളുടെ പരിഹാരമെന്നനിലയിലാണ് സാഹിത്യപരമായ ആവിഷ്കാരങ്ങൾ ഉണ്ടായിത്തീരുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം ഭാഷയിൽനിന്നും അനുഭവ പരിസരങ്ങളിൽനിന്നും അകന്നു കഴിയുന്നവരിൽ ഉണ്ടാകുന്ന ആത്മാന്വേഷണത്തിന്റെ സവിശേഷമായ ഇടമാണ് സാഹിത്യരചന. എത്തിപ്പെടുന്ന ദേശത്തിന്റെ ഭാഷയിലെ സാഹിത്യകൃതികളെ മലയാളത്തിലേക്ക് പരിചയപ്പെടുത്തുകയോ നമ്മുടെ സാഹിത്യത്തെ മറുഭാഷയിലേക്ക് വിവർത്തനം ചെയ്യുകയോ ചെയ്തുകൊണ്ടാണ് പലപ്പോഴും പ്രവാസജീവിതം സാഹിത്യലോകത്തിന് നിർണായക സംഭാവനകൾ നൽകുന്നത്. മലയാള സാഹിത്യത്തിൽ പ്രവാസ ജീവിതത്തിന്റെ ആവിഷ്കരണങ്ങളുടെ വിപുലമായ അടയാളപ്പെടുത്തലുകൾ ഉണ്ട്. എന്നാൽ, ഇന്ത്യക്കകത്ത് മറ്റു ഭാഷകളിൽനിന്നുള്ള ശ്രദ്ധേയ സാഹിത്യത്തെ കണ്ടെടുക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.ആർ. കിഷോർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സതീഷ് തോട്ടശ്ശേരി അധ്യക്ഷതവഹിച്ചു. ആർ.വി. ആചാരി, ബി.എസ്. ഉണ്ണിക്കൃഷ്ണൻ, സുദേവ് പുത്തൻചിറ, എസ്.കെ. നായർ, ലത നമ്പൂതിരി, പുഷ്പ കാനാട്, ജി. ജോയ്, കെ.വി. ജാഷിർ, സന്തോഷ് എന്നിവർ പങ്കെടുത്തു. സെക്രട്ടറി ശാന്തകുമാർ എലപ്പുള്ളി സ്വാഗതവും ജോ.സെക്രട്ടറി കെ.എസ്. സീന നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

