ബംഗളൂരുവിൽ റോഡിലെ കുഴികൾ നവംബറോടെ അടക്കും
text_fieldsബംഗളൂരു: ബംഗളൂരു നഗരത്തിലെ റോഡിലെ കുഴികൾ മുഴുവനായും നവംബറോടെ അടക്കുമെന്ന് ബംഗളൂരു നഗര വികസന ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. നവംബറോടെ കുഴികൾ അടക്കാൻ കരാറുകാർക്കും എൻജിനീയർമാർക്കും അന്തിമശാസന നൽകിയിട്ടുണ്ട്. ബംഗളൂരുവിനെ ക്ലീൻസിറ്റിയാക്കുകയും തടസ്സരഹിതമായ ഗതാഗതം ബംഗളൂരുവിൽ ഉറപ്പുവരുത്തുകയുമാണ് സർക്കാർ ലക്ഷ്യം- ശിവകുമാർ ‘എക്സി’ൽ കുറിച്ചു.
ബംഗളൂരു നഗരത്തിലെ റോഡുകളിൽ പലയിടങ്ങളിലും കുഴികൾ രൂപപ്പെട്ടത് സംബന്ധിച്ച് നഗരവാസികളിൽനിന്ന് തുടർച്ചയായ പരാതികളുയർന്ന സാഹചര്യത്തിലാണ് ശിവകുമാറിന്റെ പ്രതികരണം. ടെക് സിറ്റിയായ ബംഗളൂരുവിലെ മോശം റോഡുകൾ അന്താരാഷ്ട്ര തലത്തിൽത്തന്നെ ബംഗളൂരുവിന് മോശം പ്രതിച്ഛായ നൽകുമെന്ന് വിമർശനമുയർന്നിരുന്നു.
‘നഗരത്തിലെ 182 റോഡുകളിലായി 349 കിലോമീറ്റർ 649 കോടി ചെലവിൽ ടാറിങ് പ്രവൃത്തി നടത്തിവരുകയാണ്. ഈ പ്രവൃത്തി വേഗത്തിലാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിനു പുറമെ, 178 റോഡുകളിലെ 401 കിലോമീറ്റർ ഭാഗം ഡിഫക്ട് ലയബിലിറ്റി പീരിയഡ് (ഡി.എൽ.പി) പരിധിയിലാണെന്നും ശിവകുമാർ കൂട്ടിച്ചേർത്തു. ഈ റോഡുകളിൽ കുഴി രൂപപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ ബന്ധപ്പെട്ട കരാറുകാരോട് ആവശ്യപ്പെട്ടിടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

