റോഡിലെ കുഴി, നഗരത്തിൽ വീണ്ടും അപകടമരണം
text_fieldsഅപകടത്തിൽ സ്കൂട്ടർ യാത്രക്കാരി മരിച്ച വട്ടാൽ നാഗരാജ് റോഡ് ബി.ബി.എം.പി ചീഫ്
കമീഷണർ തുഷാർ ഗിരിനാഥും ഉദ്യോഗസ്ഥരും സന്ദർശിക്കുന്നു
ബംഗളൂരു: ബംഗളൂരു നഗരത്തിലെ റോഡിലെ കുഴിമൂലം വീണ്ടും അപകടമരണം. തിങ്കളാഴ്ച റോഡിലെ കുഴിയിൽ വീണ് ഗുരുതരമായി പരിക്കേറ്റ ഉമാദേവി (50) ആണ് രാജാജി നഗർ ഇ.എസ്.ഐ ആശുപത്രിയിൽ അർധരാത്രിയോടെ മരിച്ചത്. മകൾ വനിതയുടെ പരാതിയിൽ മല്ലേശ്വരം ട്രാഫിക് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെയോടെ വട്ടാൽ നാഗരാജ് റോഡിൽ ലുലു മാളിനടുത്തായിരുന്നു അപകടം. അമ്മയും മകളും സ്കൂട്ടറിൽ പോകുകയായിരുന്നു. വനിതയായിരുന്നു സ്കൂട്ടർ ഓടിച്ചത്. റോഡിലെ കുഴി ഒഴിവാക്കാനായി സ്കൂട്ടർ വെട്ടിക്കവെ വേഗത്തിൽ വന്ന കർണാടക ആർ.ടി.സി ബസ് സ്കൂട്ടറിനു പിന്നിൽ ഇടിക്കുകയായിരുന്നു. ഇരുവരും റോഡിലേക്ക് തെറിച്ചുവീണാണ് ഉമാദേവിക്ക് ഗുരുതരമായി പരിക്കേറ്റത്. ബസ് ൈഡ്രവർക്കെതിരെ പൊലീസ് കേസെടുത്തു.
റോഡിലെ കുഴിയാണ് അപകടത്തിന് കാരണമെന്ന് വിനീതയും ദൃക്സാക്ഷികളും പറഞ്ഞു. ബസ്ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ബസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
റോഡിലെ കുഴി കാരണമാണോ അപകടം നടന്നത് എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) അധികൃതർ പറഞ്ഞു.
അപകടം ഉണ്ടായ സ്ഥലത്തെ കുഴി അടക്കുകയും ചെയ്തു. സ്ഥലം ബി.ബി.എം.പി ചീഫ് കമീഷണർ തുഷാർ ഗിരിനാഥും ഉദ്യോഗസ്ഥരും സന്ദർശിച്ചു. റോഡിലുള്ള മരങ്ങളുടെ ചാഞ്ഞുകിടക്കുന്ന കൊമ്പുകൾ മുറിക്കാനും മരത്തിലും മറ്റുമുള്ള, റോഡരികിലേക്ക് തൂങ്ങിനിൽക്കുന്ന വയറുകളും മറ്റും ഒഴിവാക്കാനും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
അടുത്തിടെ നഗരത്തിലെ റോഡുകളിലെ 2000 കുഴികൾ നികത്തിയതായി തുഷാർ ഗിരിനാഥ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. 500 കുഴികൾ അടക്കാൻ ബാക്കിയുണ്ടായിരുന്നു. എന്നാൽ മഴ മൂലം പണികൾ തടസ്സപ്പെട്ടു. നിലവിൽ പ്രധാന റോഡുകളിൽ 1500 കുഴികളാണുള്ളത്.
മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണ റിപ്പോർട്ട് വന്നാൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം മാർച്ചിലും ആഗസ്റ്റിലും രണ്ടുപേർ നഗരത്തിലെ റോഡുകളിലെ കുഴികൾ കാരണമുള്ള അപകടങ്ങളിൽ മരിച്ചിരുന്നു. നൈസ് റോഡ്, ബി.ടി.എം, ജാലഹള്ളി, വർത്തൂർ റോഡുകളിൽ കുഴികൾ വ്യാപകമാണ്.
അതേസമയം, നഗരത്തിൽ ഇനിയും നികത്താതെ നിരവധി കുഴികൾ ഉണ്ട്. നിരത്തുകളിൽ ട്രാഫിക് പൊലീസ് 3494 അപകടക്കുഴികൾ കണ്ടെത്തിയിരുന്നു. ബി.ബി.എം.പി 4545 കുഴികളാണ് കണ്ടെത്തിയത്. ഇതിലെ രണ്ടായിരത്തോളം എണ്ണമാണ് അടച്ചത്.
കഴിഞ്ഞ മഴക്കാലത്ത് ബംഗളൂരുവിൽ 396.72 കിലോമീറ്റർ ദൂരം റോഡാണ് തകർന്നത്. പലയിടത്തും തകർന്ന റോഡുകൾ നന്നാക്കാനുള്ള കാര്യക്ഷമമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് വ്യാപക ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

