ടിപ്പുവിനെ അവഹേളിക്കുന്ന പോസ്റ്റർ: ബെളഗാവിൽ സുരക്ഷ ശക്തമാക്കി
text_fieldsബംഗളൂരു: ടിപ്പു സുൽത്താനെ അപമാനിച്ച് പോസ്റ്ററുകൾ പതിച്ചതിനെ തുടർന്ന് ബെളഗാവി ജില്ലയിലെ ചിക്കോടിയിൽ പൊലീസ് സുരക്ഷ വർധിപ്പിച്ചു. ശനിയാഴ്ചയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ടിപ്പുവിനെ അപമാനിക്കുന്ന പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
വാട്സ്ആപ്പിലൂടെ ഇത്തരം പോസ്റ്ററുകൾ ഷെയർ ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ചിക്കോടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡെപ്യൂട്ടി എസ്.പി സിബി ഗൗഡയും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
50ലധികം പൊലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ദീപാവലി ആഘോഷങ്ങൾ നടക്കുന്നതിനാൽ കർണാടകയിൽ സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡിസംബർ ഒന്നിന് ടിപ്പു സുൽത്താൻ ജയന്തി നടത്തുമെന്ന പ്രഖ്യാപിച്ചതിനെ തുടർന്ന് മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണം നഗരത്തിൽ വെള്ളിയാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

