പ്രസിഡന്റ് പദവി രാജിവെച്ചിട്ടില്ല -കട്ടീൽ
text_fieldsബംഗളൂരു: താൻ പാർട്ടി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെച്ചിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് നളിൻകുമാർ കട്ടീൽ പറഞ്ഞു. ബെള്ളാരിയിൽ നടന്ന പൊതുയോഗത്തിൽ കട്ടീൽ താൻ നിലവിൽ സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെച്ചുവെന്ന് കത്തുമുഖേന ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നുവെന്ന് പറഞ്ഞിരുന്നു. പ്രസിഡന്റ് സ്ഥാനത്തിലെ തന്റെ കാലാവധി അവസാനിച്ചതിനാൽ രാജിവെച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്.
ഇത് ഏറെ ചർച്ചകൾക്കിടയാക്കിയിരുന്നു. ഇതോടെയാണ് താൻ ഇതുവരെ രാജി നൽകിയിട്ടില്ലെന്ന് വിശദീകരിച്ചത്. രണ്ട് വർഷമായി സംസ്ഥാന പ്രസിഡന്റായി തുടരുന്ന അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചിരുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ദയനീയ പരാജയം നേരിട്ടിരുന്നു. ഇതോടെ പാർട്ടിക്ക് പുതിയ പ്രസിഡന്റ് വരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. താൻ ഇതുവരെ രാജിവെച്ചിട്ടില്ലെന്നും മാധ്യമങ്ങൾ തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നുമാണ് നളിൻകുമാർ കട്ടീൽ വിശദീകരിച്ചത്. എന്നാൽ, തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും പരാജയത്തിന്റെ കാരണങ്ങൾ സംബന്ധിച്ച് പാർട്ടി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

