ഇരുചക്ര വാഹനങ്ങളുടെ നിയമലംഘനം; മംഗളൂരുവിൽ കേരള രജിസ്ട്രേഷൻ വാഹനങ്ങൾ പ്രത്യേക നിരീക്ഷണത്തിൽ
text_fieldsമംഗളൂരു സിറ്റി പൊലീസ് കമീഷണർ സുധീർ കുമാർ റെഡ്ഡി, കാസർകോട് ജില്ല പൊലീസ് സൂപ്രണ്ട് വിജയ് ഭാരത് റെഡ്ഡി
മംഗളൂരു: ഗതാഗത കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന കേരള രജിസ്ട്രേഷൻ വാഹനങ്ങൾ സ്ഥലത്തുവെച്ചുതന്നെ പിടിച്ചെടുക്കുമെന്ന് മംഗളൂരു സിറ്റി പൊലീസ്. കാസർകോട് ജില്ല പൊലീസ് മേധാവി വിജയ് ഭാരത് റെഡ്ഡിയുമായി നടത്തിയ ചർച്ചയിൽ ഈ നീക്കത്തെ പിന്തുണച്ചതായും മംഗളൂരു സിറ്റി പൊലീസ് കമീഷണർ സുധീർ കുമാർ റെഡ്ഡി പറഞ്ഞു.
കേരളത്തിൽ രജിസ്റ്റർ ചെയ്ത ഇരുചക്ര വാഹനങ്ങൾ മംഗളൂരുവിൽ നടത്തുന്ന നിയമലംഘനങ്ങളിൽ വലിയ വർധനയുണ്ടായിട്ടുണ്ട്. ഇതിൽ ഏകദേശം 90 ശതമാനം പേരും മംഗളൂരുവിലും പ്രാന്തപ്രദേശങ്ങളിലുമുള്ള കോളജ് വിദ്യാർഥികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പൊതുജന സുരക്ഷ അപകടത്തിലാക്കുന്ന തരത്തിൽ അശ്രദ്ധമായി വാഹനമോടിക്കുന്നതായി വിദ്യാർഥികൾക്കെതിരെ പലപ്പോഴും ആരോപണമുണ്ട്.
സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നോട്ടീസ് നൽകിയിട്ടും പാലിക്കൽ വളരെ കുറവാണെന്ന് പൊലീസ് പറയുന്നു. ഗതാഗത മാനദണ്ഡങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയ കേരള രജിസ്ട്രേഷൻ വാഹനങ്ങൾ ഉടൻ പിടിച്ചെടുക്കാൻ സിറ്റി പൊലീസ് കമീഷണർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പിഴ അടച്ചതിനുശേഷം മാത്രമേ വാഹനങ്ങൾ വിട്ടയക്കൂ.
കേരളത്തിൽനിന്നുള്ള വിദ്യാർഥികൾ ആവർത്തിച്ച് നിയമലംഘനം നടത്തുന്നതിൽ പ്രദേശവാസികൾ ആശങ്ക പ്രകടിപ്പിക്കുകയും കോളജ് മാനേജ്മെന്റുകൾ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സ്ഥാപനങ്ങൾ പ്രാദേശിക ഗതാഗത നിയമങ്ങളെക്കുറിച്ച് വിദ്യാർഥികളെ കർശനമായി ബോധവത്കരിക്കണമെന്നും അവ പാലിക്കാത്ത കേസുകളിൽ അച്ചടക്ക നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഹെൽമറ്റില്ലാതെ വാഹനമോടിക്കൽ, ട്രിപ്പിൾ റൈഡിങ്, അമിതവേഗം, ടിന്റഡ് കാർ വിൻഡോകൾ ഉപയോഗിക്കൽ, അപകടകരമായ ഡ്രൈവിങ് എന്നിവ റിപ്പോർട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നു. ചില സന്ദർഭങ്ങളിൽ ഇടപെടാൻ ശ്രമിച്ച നാട്ടുകാരെ നിയമലംഘകർ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

