കാലികളെ അറുത്താൽ വീട് കണ്ടുകെട്ടും; മസ്ജിദുകളിൽ പൊലീസ് ഭീഷണി
text_fieldsമംഗളൂരു: പശുവിനെയും കിടാക്കളെയും വിറ്റത് കശാപ്പുകാർക്കാണെന്ന് ആരോപിച്ച് മുസ്‌ലിം സ്ത്രീയുടെ വീട് സീൽ ചെയ്ത ദക്ഷിണ കന്നട ജില്ലയിൽ മുസ്‌ലിം ആരാധനാലയങ്ങൾ സന്ദർശിച്ച് പൊലീസ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുന്നതായി പരാതി. കർണാടക കശാപ്പ് നിരോധന, കന്നുകാലി സംരക്ഷണ നിയമത്തെക്കുറിച്ചുള്ള ബോധവത്കരണ പരിപാടികൾ നടത്താനെന്ന വ്യാജേനയാണ് ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർ മുസ്‌ലിം ആരാധനാലയങ്ങൾ കയറിയിറങ്ങുന്നത്. കാലികളെ അറുത്താൽ നിയമപരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് കൊക്കട പള്ളി സന്ദർശിച്ച് ധർമസ്ഥലയിലെ പൊലീസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയെന്നുകാട്ടി സി.പി.എം ജില്ല സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ മുനീർ കാട്ടിപ്പള്ള വെസ്റ്റേൺ റേഞ്ച് പൊലീസ് ഐ.ജിക്ക് പരാതി നൽകി.
സുള്ള്യ സെൻട്രൽ ജുമാ മസ്ജിദ്, മൊഗർപ്പനെ ജുമാ മസ്ജിദ്, ദുഗലഡ്ക മസ്ജിദ്, സുന്നമൂലെ, കുംഭക്കോട്, അരാന്തോഡ് എന്നിവയുൾപ്പെടെ സുള്ള്യ താലൂക്കിലുടനീളമുള്ള പള്ളികളിലും സമാന സന്ദർശനം നടന്നു. പ്രാർഥനക്കെത്തിയവരെ തടഞ്ഞുനിർത്തി കന്നുകാലി കശാപ്പ് നിയമത്തിലെ വ്യവസ്ഥ വിശദീകരിച്ച ശേഷം നിയമലംഘകരുടെ വീടുകൾ കണ്ടുകെട്ടുമെന്ന് മുന്നറിയിപ്പ് നൽകി.
കർണാടക ഗോവധ നിയമം ലംഘിക്കുന്നത് മുസ്‌ലിംകൾ മാത്രമാണെന്ന സന്ദേശമാണ് പൊലീസ് നൽകുന്നതെന്ന് പരാതിയിൽ പറയുന്നു. 2020നും 2021നും ഇടയിൽ കാർക്കള, മൂഡ്ബിദ്രി, ബെൽത്തങ്ങാടി, ഉപ്പിനങ്ങാടി, പുത്തൂർ, ബൈന്ദൂർ എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തവ ഉൾപ്പെടെ കന്നുകാലി കടത്തു കേസുകളിൽ പ്രതികളായവർ പലരും മുസ്‍ലിംകളല്ല. അതിന്റെ പേരിൽ ക്ഷേത്രങ്ങളിലോ മറ്റു കമ്യൂണിറ്റി സെന്ററുകളിലോ സമാന ബോധവത്കരണ പരിപാടികളോ സ്വത്ത് കണ്ടുകെട്ടൽ മുന്നറിയിപ്പുകളോ നടത്തിയിട്ടില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
പശുവിനെയും കിടാക്കളെയും കശാപ്പുകാർക്ക് വിറ്റുവെന്ന് ആരോപിച്ച് പത്രമേ ഗ്രാമത്തിലെ പട്ടുരു നിവാസി സുഹറയുടെ വീട് പൊലീസ് സീൽ ചെയ്തിരുന്നു. ബെൽത്തങ്ങാടി താലൂക്ക് സി.പി.എം സെക്രട്ടറി അഡ്വ. ബി.എം. ഭട്ട് പരാതി നൽകിയതിനെ തുടർന്നാണ് പുത്തൂർ പൊലീസ് അസിസ്റ്റന്റ് കമീഷണർ സ്റ്റെല്ല വർഗീസ് പൊലീസ് നടപടി റദ്ദാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

