ചാമുണ്ഡി കുന്നിൽ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം പൊലീസ് തടഞ്ഞു
text_fieldsഹിന്ദുത്വ സംഘടനകളുടെ ‘ചാമുണ്ഡി ബെട്ട ചലോ’മാർച്ച് തടയാൻ പൊലീസ് ചാമുണ്ഡി ഹിൽസ് റോഡിൽ നിലയുറപ്പിച്ചപ്പോൾ
ബംഗളൂരു: ദസറ ഉദ്ഘാടനത്തിന് ബുക്കർ ഇന്റർനാഷനൽ അവാർഡ് ജേതാവ് ബാനു മുഷ്താഖിനെ സർക്കാർ ക്ഷണിച്ചതിൽ പ്രതിഷേധിച്ച് ഹിന്ദുത്വ സംഘടനകൾ മൈസൂരിലെ ചാമുണ്ഡി കുന്നിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. ഹിന്ദു ജാഗരണ വേദികെ, വിശ്വ ഹിന്ദു പരിഷത്ത്, ബി.ജെ.പി തുടങ്ങിയ സംഘടനകൾ നയിച്ച ‘ചാമുണ്ഡി ബെട്ട ചലോ’മാർച്ചാണ് പൊലീസ് തടഞ്ഞത്. സമര നേതാക്കളെയെല്ലാം പൊലീസ് കസ്റ്റഡിയിലെടുത്തു.
കുറുബറ ഹള്ളി സർക്കിളിൽ നിന്ന് ആരംഭിച്ച മാർച്ച് സംഗൊള്ളി രായണ്ണ സർക്കിളിലെത്തിയപ്പോൾ ബാരിക്കേഡ് തീർത്ത് പൊലീസ് തടയുകയായിരുന്നു. ബി.ജെ.പി എം.എൽ.എ ശ്രീവത്സ, മുൻ മൈസൂരു എം.പി പ്രതാപ് സിംഹ, മൈസൂരു സിറ്റി ബി.ജെ.പി പ്രസിഡന്റ് എൽ. നാഗേന്ദ്ര, സന്ദേശ് സ്വാമി, ഡോ. സുശ്രുത ഗൗഡ, എം.യു. സുബ്ബയ്യ അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു മാറ്റി.
കർണാടക സ്റ്റേറ്റ് റിസർവ് പൊലീസ്, കമാൻഡോ ഫോഴ്സ്, സിറ്റി ആംഡ് റിസർവ് പൊലീസ് അടക്കം 500 ഓളം പൊലീസുകാരെ സുരക്ഷക്കായി നിയോഗിച്ചിരുന്നു. രാവിലെ ആറോടെതന്നെ പൊലീസ് സംഘം ചാമുണ്ഡി ഹിൽസിലേക്കുള്ള റോഡിൽ നിലയുറപ്പിച്ചിരുന്നു. സിറ്റി പൊലീസ് കമീഷണർ സീമ ലത്കർ, ഡെപ്യുട്ടി കമീഷണർമാരായ ആർ.എൻ. ബിന്ദുമണി, കെ.എസ്. സുന്ദർരാജ് എന്നിവർ സുരക്ഷാമേൽനോട്ടം വഹിച്ചു. രാവിലെ 7.30ഓടെ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ആരംഭിച്ചു. എന്നാൽ, നേതാക്കളടക്കം 140 ഓളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തിന് ബദലായി ദലിത് മഹാസഭ, ഹിന്ദുളിത വർഗാകള വേദികെ എന്നിവയുടെ നേതൃത്വത്തിൽ ബാനു മുഷ്താഖിന് ഐക്യദാർഢ്യവുമായി മാർച്ച് പ്രഖ്യാപിച്ചെങ്കിലും സംഘർഷസാധ്യത കണക്കിലെടുത്ത് പൊലീസ് അനുമതി നൽകിയില്ല. ബദൽ മാർച്ചും പൊലീസ് തടഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

