വിദ്വേഷ പ്രസംഗകർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കണം -മുഖ്യമന്ത്രി
text_fieldsമുഖ്യമന്ത്രി സിദ്ധരാമയ്യ അവലോകന യോഗത്തിൽ സംസാരിക്കുന്നു
ബംഗളൂരു: വിദ്വേഷ പ്രസംഗമോ പ്രചാരണമോ നടത്തുന്നവർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കുകയും വേഗം അന്വേഷണം പൂർത്തിയാക്കി നടപടി സ്വീകരിക്കുകയും വേണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ഡി.ജി.പിയുടെ ഓഫിസിൽ സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വാർഷിക പ്രവർത്തന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു സിദ്ധരാമയ്യ. ഇത്തരം പ്രവർത്തനങ്ങൾ സംബന്ധിച്ച് പരാതികൾ ലഭിച്ചാൽ വെച്ചുതാമസിപ്പിക്കാതെ ഉടൻ നടപടിയിലേക്ക് നീങ്ങണം.
നിങ്ങൾ നടപടിയെടുത്തില്ലെങ്കിൽ ഞങ്ങൾ നിങ്ങൾക്കെതിരെ നടപടിയെടുക്കാൻ നിർബന്ധിതരാകും. വർഗീയ സംഘർഷങ്ങളും കൊലപാതകങ്ങളും കൂടുതലും ദക്ഷിണ കന്നട ജില്ലയിലാണ് സംഭവിക്കുന്നതെന്നും മറ്റ് ജില്ലകളിൽ എന്തുകൊണ്ടാണ് മംഗളൂരു വ്യത്യസ്തമാവുന്നതെന്നും അദ്ദേഹം ചോദിച്ചു. മംഗളൂരുവിലെ സമാധാനം തകർക്കുന്നവരെ തിരിച്ചറിയണമെന്നും അവർ ആരായാലും കർശന നിയമനടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
വ്യവസ്ഥയെ വിമർശിച്ച് വെറുതെ ഇരിക്കാനല്ല ഞങ്ങൾ ഇവിടെയുള്ളത്. പൊലീസ് സ്റ്റേഷനുകൾ ജനസൗഹൃദമായിരിക്കണം, അതോടൊപ്പം കുറ്റകൃത്യങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്നവർ നിയമത്തെ ഭയപ്പെടുന്ന അന്തരീക്ഷം സൃഷ്ടിക്കുകയും വേണം.
പൊലീസ് പട്രോളിങ് കൂട്ടണം. കർഷകർ, സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവർക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ കർശന നടപടികൾ സ്വീകരിക്കാൻ വൈകരുത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ കൊലപാതകം, കൊള്ള, വീട് കവർച്ച, മറ്റു കുറ്റകൃത്യങ്ങളുടെ എണ്ണം സംബന്ധിച്ച് വകുപ്പ് നൽകിയ കണക്കുകൾ കണ്ടു.
അന്വേഷണത്തിന്റെ നിലവാരം വർധിപ്പിക്കേണ്ടത് അനിവാര്യമാണ്. കേസ് രജിസ്റ്റർ ചെയ്യുന്നതിനപ്പുറം കുറ്റവാളികളെ വേഗത്തിൽ കണ്ടെത്തി നിയമനടപടി സ്വീകരിക്കുകയാണ് പ്രധാനം. സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുമ്പോൾ പ്രതികളെ കണ്ടെത്തുന്ന നിരക്ക് കുറയുകയാണ്.
അന്വേഷണത്തിന്റെ നിലവാരം വർധിപ്പിക്കണമെന്നാണ് ഇത് നൽകുന്ന സൂചന. മുതിർന്ന ഉദ്യോഗസ്ഥർ ഓഫിസുകളിൽ ചടഞ്ഞിരിക്കുന്നതിന് പകരം സ്ഥിരമായി പൊലീസ് സ്റ്റേഷനുകളിലെത്തി പരിശോധന നടത്തണം. കർണാടകയെ ലഹരി വിമുക്ത സംസ്ഥാനമാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണം.
പൊലീസ് വകുപ്പിൽ നിരവധി വർഷങ്ങളായി ഒഴിഞ്ഞു കിടക്കുന്ന 15.64ശതമാനം തസ്തികകൾ ഘട്ടംഘട്ടമായി നികത്താൻ നിർദേശം നൽകിയിട്ടുണ്ട്. പൊലീസ് വകുപ്പിന് ആവശ്യമായ പ്രിവിലേജുകൾ ഉറപ്പ് നൽകുന്നു. ഈ മാസം നാലിന് ബംഗളൂരു സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർ കൊല്ലപ്പെട്ട സംഭവം പരാമർശിച്ച മുഖ്യമന്ത്രി തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഇതുവരെ ഇത്രയും വലിയ ഇന്റലിജൻസ് വീഴ്ച കണ്ടിട്ടില്ലെന്ന് പറഞ്ഞു.
താൻ 1983 മുതൽ എം.എൽ.എയാണ്. മുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൃത്യസമയത്ത് സമഗ്രമായ വിവരങ്ങൾ നൽകാൻ ഇന്റലിജൻസ് വകുപ്പിന് കഴിയുന്നില്ലെങ്കിൽ എന്താണ് ഉദ്ദേശ്യം? ഈ പരാജയം കാരണം 11 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. എന്നിട്ടും ഞങ്ങൾക്ക് ശരിയായ വിവരങ്ങൾ നൽകിയില്ല. ഇതൊരു ഗുരുതരമായ വീഴ്ചയല്ലേ? അന്ന് വൈകീട്ട് 5:45ന് താൻ അന്വേഷിച്ചപ്പോൾ പോലും ഒരാൾ മാത്രമേ മരിച്ചിട്ടുള്ളൂ എന്നാണ് പറഞ്ഞത്.
പക്ഷേ, അപ്പോഴേക്കും 11 പേർ മരിച്ചിരുന്നു. മുതിർന്ന ഉദ്യോഗസ്ഥർ തനിക്ക് കൃത്യമായ വിവരങ്ങൾ ഉടനടി നൽകിയിരുന്നെങ്കിൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കാനിരുന്ന ആർ.സി.ബിയുടെ ആഘോഷ പരിപാടി റദ്ദാക്കാൻ തനിക്ക് നിർദേശിക്കാമായിരുന്നു. മുതിർന്ന ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യേണ്ടി വന്നതിൽ തനിക്ക് സങ്കടമുണ്ട്.
പക്ഷേ അത് അവരുടെ ഭാഗത്തുനിന്നുള്ള വ്യക്തമായ വീഴ്ചയുടെ സാഹചര്യത്തിൽ അനിവാര്യമായിരുന്നു. ക്രിമിനൽ കേസുകളിൽ കുറ്റപത്രം കൃത്യമായും ഫലപ്രദമായും സമയബന്ധിതമായും സമർപ്പിക്കുന്നതിലുള്ള പരാജയത്തെ മുഖ്യമന്ത്രി വിമർശിച്ചു. ഇത് സഹിക്കാൻ കഴിയാത്ത ഗുരുതരമായ പോരായ്മയാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
ആഭ്യന്തരമന്ത്രി ഡോ.ജി. പരമേശ്വര, മുഖ്യമന്ത്രിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി നസീർ അഹമ്മദ്, ചീഫ് സെക്രട്ടറി ശാലിനി രജനീഷ്, അഡീഷനൽ ചീഫ് സെക്രട്ടറി അഞ്ജും പർവേസ്, ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്ത, ഡയറക്ടർ ജനറൽ ഓഫ് പൊലീസ് എ.എം. പ്രസാദ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

