മലയാളിയെ പൊലീസ് വെടിവെച്ച സംഭവം: പിന്നിൽ സംഘ്പരിവാർ; ദൃശ്യങ്ങൾ പുറത്ത്
text_fieldsമംഗളൂരു: ഹാസനിൽനിന്ന് ലോറിയിൽ 12 കാലികളുമായി വന്ന ലോറി പിടികൂടുകയും ഡ്രൈവർ കാസർകോട് സ്വദേശി അബ്ദുല്ലയെ (40) പൊലീസ് വെടിവെച്ചു വീഴ്ത്തുകയും ചെയ്ത സംഭവത്തിന് പിന്നിൽ സംഘ്പരിവാർ ഇടപെടൽ സൂചിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ബി.ജെ.പി നേതാവ് അരുൺ കുമാർ പുത്തിലയും പ്രവർത്തകരും ലോറിയുടെ ഷീറ്റുകളും കയറുകളും അറുത്തുമാറ്റി കാലികളെ പുറത്തിറക്കുമ്പോൾ പൊലീസുകാർ കാവൽ നിൽക്കുന്നതാണ് ദൃശ്യങ്ങൾ.
വർഗീയ വിദ്വേഷ ഇടപെടൽ ആരോപിച്ച് പൊലീസ് ദക്ഷിണ കന്നട ജില്ലയിൽനിന്ന് നാടുകടത്താൻ തയാറാക്കിയ പട്ടികയിൽ ഉൾപ്പെട്ടയാളാണ് അരുൺകുമാർ. സംഭവദിവസം പൊലീസ് നൽകിയ വിവരം ഇങ്ങനെ: കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് മോഷ്ടിച്ച കാലികളെ കടത്തുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് പുത്തൂർ റൂറൽ പൊലീസ് ഐഷർ ലോറിക്ക് കൈ കാണിച്ചത്. എന്നാൽ, ലോറി നിർത്തിയില്ല. 10 കിലോമീറ്ററോളം പിന്തുടർന്നു.
ലോറിക്കുനേരെ വെടിയുതിർത്തതിനെത്തുടർന്ന് അബ്ദുല്ല ഇറങ്ങിയോടി. രണ്ടാമത്തെ വെടി അബ്ദുല്ലയുടെ കാൽമുട്ടിന് താഴെയാണ് കൊണ്ടത്. പൊലീസ് അയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയിൽ ഉണ്ടായിരുന്ന മറ്റൊരാൾ ഓടിരക്ഷപ്പെട്ടു. ബെല്ലാരെ പൊലീസ് സ്റ്റേഷനിൽ അബ്ദുല്ലക്കെതിരെ ഗോവധ നിയമപ്രകാരം മുമ്പ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, പുത്തിലയുടെയും അനുയായികളുടെയും ഇടപെടൽ പൊലീസ് സൂചിപ്പിക്കുക പോലും ചെയ്തിരുന്നില്ല.
പുത്തില പൊലീസിനെ സഹായിച്ചത്-ജില്ല പൊലീസ് സൂപ്രണ്ട്
മംഗളൂരു: സംഘ്പരിവാർ ഇടപെടൽ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ദക്ഷിണ കന്നട ജില്ല പൊലീസ് സൂപ്രണ്ട് ഡോ. കെ. അരുൺ കുമാർ വിശദീകരണവുമായി രംഗത്ത്. കന്നുകാലികളെ ഇറക്കുന്നതിൽ നാട്ടുകാരും അരുൺ കുമാർ പുത്തിലയും പൊലീസ് സംഘത്തെ സഹായിക്കുകയായിരുന്നു എന്ന് എസ്.പി പറഞ്ഞു. ‘മൃഗങ്ങളെ രക്ഷിക്കാൻ വേണ്ടി പൊലീസ് ഇൻസ്പെക്ടറുടെ അനുമതിയോടെയായിരുന്നു പുത്തില പ്രവർത്തിച്ചത്. പൊലീസും സഹായിച്ചവരും തമ്മിൽ ഒത്തുകളിയുണ്ടായിട്ടില്ല. മതിയായ മുൻകരുതലുകൾ എടുക്കാതിരുന്നതിന് ഇൻസ്പെക്ടർക്ക് മെമ്മോ നൽകുമെന്നും എസ്.പി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

