ജയിൽ ചാടിയ പ്രതികളിൽ ഒരാളെ പൊലീസ് വെടിവെച്ച് പിടികൂടി
text_fieldsഅറസ്റ്റിലായ സന്തോഷ്, പിടികിട്ടാത്ത പ്രതികൾ
ബംഗളൂരു: കലബുറഗിയിലെ സെൻട്രൽ ജയിലിന്റെ 20 അടി ഉയരമുള്ള കോമ്പൗണ്ട് മതിൽ ചാടി ചൊവ്വാഴ്ച രക്ഷപ്പെട്ട മൂന്ന് പ്രതികളിൽ ഒരാളെ ബുധനാഴ്ച പൊലീസ് ഏറ്റുമുട്ടലിനുശേഷം പിടികൂടി. ഔറാദ് താലൂക്കിലെ സന്തപുർ ഗ്രാമത്തിലെ എം. സന്തോഷ് ബാസപ്പ മൈത്രേയാണ്(28) അറസ്റ്റിലായത്.
ബിദാർ താലൂക്കിലെ ബക്കചൗഡിയിലെ സി. സാഗർ(30) ബസവകല്യാൺ താലൂക്കിലെ ഇസ് ലാപുരിൽ നിന്നുള്ള എ. മസ്താൻ(33) എന്നീ പ്രതികൾ രക്ഷപ്പെട്ടു. ഇവരെ കണ്ടെത്താൻ തിരച്ചിൽ പുരോഗമിക്കുകയാണ്.
വ്യാവസായിക മേഖലയിലെ ഹംനാബാദ് റിങ് റോഡിന് സമീപം സന്തോഷിനെ പിടികൂടാൻ ശ്രമിച്ചപ്പോൾ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചതായി കലബുറഗി പൊലീസ് കമീഷണർ എസ്.ഡി ശരണപ്പ മാധ്യമത്തോട് പറഞ്ഞു. പൊലീസ് നടത്തിയ വെടിവെപ്പിൽ സന്തോഷിന്റെ വലതുകാലിൽ മുട്ടിന് താഴ് പരിക്കേറ്റു.
പ്രതിയേയും ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റ കല്യാണി, പ്രകാശ് എന്നീ പൊലീസുകാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കലബുറഗി സിറ്റി പൊലീസ്, നോർത്ത് ഈസ്റ്റേൺ റേഞ്ച് ഡിഐജി ഓഫിസ്, ബിദാർ, കലബുറഗി, യാദ്ഗിർ ജില്ലകളിലെ പൊലീസ് സൂപ്രണ്ടുമാർ എന്നിവരടങ്ങുന്ന അന്തർ ജില്ലാ പ്രത്യേക സംഘങ്ങൾ പ്രതികൾക്കായി തിരച്ചിലിനിനെത്തിയിരുന്നു.
രക്ഷപ്പെട്ട തടവുകാർ പ്രധാന റോഡുകൾ ഒഴിവാക്കി കൃഷിയിടങ്ങളിലൂടെ നീങ്ങിയതായി സിസിടിവി ദൃശ്യങ്ങളിൽ തെളിഞ്ഞിരുന്നു. ബുധനാഴ്ച രാവിലെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം സ്ഥലത്തെത്തി സന്തോഷിനോട് കീഴടങ്ങാൻ ആവശ്യപ്പെട്ടത്.
ആകാശത്തേക്ക് വെടിയുതിർത്ത് മുന്നറിയിപ്പ് നൽകിയെങ്കിലും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. സന്തോഷ് ബലാത്സംഗ, പോക്സോ കേസുകളിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയാണ്. 2025 മുതൽ കലബുറുഗി സെൻട്രൽ ജയിലിലായിരുന്നു.
കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന് കലബുറുഗി ജയിലിൽ മൂന്ന് വാർഡർമാർ, രണ്ട് ഹെഡ് വാർഡർമാർ, ഒരു അസിസ്റ്റന്റ് സൂപ്രണ്ട്, ഒരു സൂപ്രണ്ട്, ഒരു എക്സിക്യൂട്ടീവ് ജയിലർ എന്നിവരെ സസ്പെൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

