കേരളത്തിലേക്കുള്ള കോളജ് ബസുകളിൽ പൊലീസ് റെയ്ഡ്
text_fieldsമയക്കുമരുന്ന് പരിശോധന
മംഗളൂരു: ദേർളകട്ട മേഖലയിലെ വിവിധ സ്വകാര്യ കോളജുകളിൽനിന്ന് കേരളത്തിലേക്ക് പോകുന്ന ബസുകളിൽ പൊലീസിന്റെ മയക്കുമരുന്ന് പരിശോധന. ഉള്ളാൾ, കൊണാജെ പൊലീസ് സംയുക്തമായാണ് ബീരി, കൊട്ടേക്കർ, അസൈഗോളി എന്നിവിടങ്ങളിൽ പരിശോധന നടത്തിയത്. എന്നാൽ, മയക്കുമരുന്ന് കണ്ടെത്താനായില്ല.
കൊണാജെ പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് കോളജ് ബസുകൾ തടഞ്ഞുനിർത്തി 87 വിദ്യാർഥികളെ പരിശോധനക്ക് വിധേയമാക്കി. ഉള്ളാൾ പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്വകാര്യ ബസുകളിലും കോളജ് ബസുകളിലും യാത്ര ചെയ്യുന്ന വിദ്യാർഥികളെയും പരിശോധിച്ചു. മേഖലയിലെ വിവിധ സ്വകാര്യ എൻജിനീയറിങ്, മെഡിക്കൽ, ഡിപ്ലോമ, പാരാമെഡിക്കൽ കോളജ് വിദ്യാർഥികൾ ഉൾപ്പെടെ 103 പേരെ പരിശോധിച്ചു.
കൊണാജെ, ഇനോലി, നടുപ്പടവ്, ഡെർലക്കട്ടെ പ്രദേശങ്ങളിലെ കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികളിൽ വലിയൊരു പങ്കും കേരളീയരാണെന്ന് പൊലീസ് പറഞ്ഞു. ഈ പശ്ചാത്തലത്തിൽ കേരളത്തിലേക്ക് പോകുന്ന പത്തോളം ബസുകൾ വിവിധ സ്ഥലങ്ങളിൽ നിർത്തി പരിശോധിച്ചു.
സൗത്ത് ഡിവിഷൻ എ.സി.പിയുടെ മേൽനോട്ടത്തിലും ഉള്ളാൾ, കൊണാജെ പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുമായിരുന്നു പരിശോധന. വരുംദിവസങ്ങളിലും മിന്നൽ പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.
പൊലീസ്, ഭരണകൂടം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സമൂഹം, മാധ്യമങ്ങൾ എന്നിവയുടെ സജീവ പിന്തുണയോടെ മയക്കുമരുന്ന് ദുരുപയോഗത്തിനെതിരെ നടത്തുന്ന നിരന്തര ശ്രമങ്ങൾ നല്ല ഫലം നൽകുന്നുണ്ടെന്ന് മംഗളൂരു സിറ്റി പൊലീസ് കമീഷണർ സുധീർ കുമാർ റെഡ്ഡി പറഞ്ഞു. മയക്കുമരുന്ന് രഹിത മംഗളൂരു, മയക്കുമരുന്ന് രഹിത കാമ്പസുകൾ നിർമിക്കാനുള്ള കൂട്ടായ ശ്രമം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

