പൊലീസ് ആൾമാറാട്ടം, കവർച്ച; അഞ്ചുപേർ അറസ്റ്റിൽ
text_fieldsബംഗളൂരു: പൊലീസ് ഉദ്യോഗസ്ഥരെന്ന മട്ടിൽ യുവതിയെ സമീപിക്കുകയും പിന്നീട് കവർച്ചക്കിരയാക്കുകയും ചെയ്ത സംഭവത്തിൽ അഞ്ചുപേരെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. പുലികേശി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ആയിഷ ഫർഹീൻ, അസ്ഗർ, നസീർ, സകരിയ്യ, പ്രായപൂർത്തിയാവാത്ത ഒരാൾ എന്നിവരാണ് പിടിയിലായത്.
ഏപ്രിൽ രണ്ടിനാണ് കേസിന്നാസ്പദമായ സംഭവം. ഹൊസൂരിൽനിന്ന് ബാനസ്വാടി റെയിൽവേ സ്റ്റേഷനിലെത്തിയ സോഫിയ എന്ന യുവതിയാണ് തട്ടിപ്പിനിരയായത്. ഓട്ടോയിലെത്തിയ സംഘം പൊലീസാണെന്ന് അറിയിക്കുകയും ഒരു കേസുമായി ബന്ധപ്പെട്ട് യുവതിയെ അറസ്റ്റ് ചെയ്യാൻ പോവുകയാണെന്നും അറിയിച്ചു.
യുവതിയുടെ പണവും ആഭരണങ്ങളുമടക്കം കൈക്കലാക്കിയ സംഘം യുവതിയോട് പൊലീസ് സ്റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെട്ട് ഓട്ടോയിൽ തിരിച്ചുപോയി. യുവതി പുലികേശി നഗർ പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് തട്ടിപ്പിനിരയായത് തിരിച്ചറിഞ്ഞത്. തുടർന്ന് സ്റ്റേഷനിൽ പരാതി നൽകി.
സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതികളെ കണ്ടെത്താൻ ശ്രമം ആരംഭിച്ചു. പ്രതികളുടെ സഞ്ചാരദിശ മനസ്സിലാക്കിയ പൊലീസ് സംഘം ഒരു കടയിൽനിന്ന് ഫോൺപേ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങിയതായി കണ്ടെത്തി. ഈ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മുഴുവൻ പ്രതികളും പിടിയിലാവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

