പി.ജികളിലെ താമസക്കാരുടെ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നു
text_fieldsബംഗളൂരു: നഗരത്തിലെ പേയിങ് ഗെസ്റ്റ് (പി.ജി) താമസകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ബംഗളൂരു പൊലീസ് പ്രത്യേക പരിശോധനക്ക്. ഇവിടങ്ങളിലെ താമസക്കാരുടെ വിവരങ്ങൾ ശേഖരിക്കാനുള്ള നടപടികൾ പൊലീസ് തുടങ്ങി.
ഇത്തരം കേന്ദ്രങ്ങളുടെ ഉടമസ്ഥർ ഇവിടങ്ങളിൽ താമസിക്കുന്നവരുടെ തിരിച്ചറിയൽ വിവരങ്ങൾ പൊലീസിന്റെ വെബ്പോർട്ടലിൽ നൽകണം. എന്നാൽ, ഇത് നിർബന്ധമില്ല. സുരക്ഷാകാരണങ്ങളാൽ ഇത്തരത്തിലുള്ള സംവിധാനം മറ്റ് സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ബംഗളൂരുവിലും സൗകര്യമൊരുക്കുന്നത്.
ആദ്യഘട്ടമെന്ന നിലയിൽ മാരത്തഹള്ളിയിലെ 167 പി.ജികളിൽ ഇത്തരം നടപടികൾ പൊലീസ് തുടങ്ങിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ ഈ സൗകര്യങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്നും ഇതിന്റെ ചുവടുപിടിച്ചാണ് ബംഗളൂരുവിലും നടപടികൾ സ്വീകരിക്കുന്നതെന്നും ബംഗളൂരു സിറ്റി പൊലീസ് കമീഷണർ ബി. ദയാനന്ദ പറഞ്ഞു.
അടുത്തിടെ നഗരത്തിലെ വിവിധ താമസകേന്ദ്രങ്ങളിൽ കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങൾ കൂടിവരുകയാണ്. ഇത്തരം ഘട്ടങ്ങളിൽ നടപടികൾ സ്വീകരിക്കാൻ പൊലീസിന് ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. ഇവിടങ്ങളിൽ ആരൊക്കെയാണ് താമസിക്കുന്നതെന്നത് സംബന്ധിച്ച വിവരങ്ങൾ ഇല്ലാത്തതിനാൽ പൊലീസ് പ്രയാസപ്പെടുന്നുണ്ട്. ഇതിനാലാണ് പ്രത്യേകം തയാറാക്കുന്ന വെബ്പോർട്ടലിൽ പി.ജി ഉടമസ്ഥർ താമസക്കാരുടെ വിവരങ്ങൾ നൽകണമെന്ന ക്രമീകരണം ഏർപ്പെടുത്തുന്നത്.
അതേസമയം, വിവരങ്ങൾ നൽകുകയെന്നത് നിർബന്ധപൂർവം ചെയ്യേണ്ടതില്ലെന്നും സുരക്ഷ മുൻനിർത്തിയുള്ള നടപടിയായി കാണുകയാണ് വേണ്ടതെന്നും പൊലീസ് അറിയിച്ചു. ബംഗളൂരു നഗരത്തിൽ ആകെ 5,000 പി.ജികളാണുള്ളത്. ഇതിൽ ആയിരക്കണക്കിനാളുകളാണ് താമസിക്കുന്നത്. പടിഞ്ഞാറൻ, തെക്കൻ ബംഗളൂരുവിലാണ് കൂടുതൽ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നത്. ഇവിടങ്ങളിലാണ് ഐ.ടി ജീവനക്കാർ കൂടുതലുള്ളത്. താമസക്കാർ വിവിധ കേസുകളിൽ ഉൾപ്പെടുന്ന ഘട്ടത്തിൽ പി.ജി ഉടമകൾക്ക് താമസക്കാരുടെ വിവരങ്ങൾ കൈവശമുണ്ടെങ്കിൽ അത് ഏറെ ഉപകാരപ്രദമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

