കാമ്പസുകളിൽ പൊലീസ് പരിശോധന; മയക്കുമരുന്ന് ഉപയോഗം കണ്ടെത്തി
text_fieldsമംഗളൂരു: സിറ്റി പൊലീസ് കമീഷണറേറ്റ് സ്കൂൾ, കോളജ് കാമ്പസുകളിൽ നടത്തിയ ബോധവത്കരണ, മയക്കുമരുന്ന് പരിശോധന യജ്ഞത്തിന്റെ ആദ്യഘട്ടം പൂർത്തിയായി. 77 സ്ഥാപനങ്ങളിൽ റാൻഡം പരിശോധനകൾ നടത്തിയപ്പോൾ 20 വിദ്യാർഥികൾ മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയെന്ന് മംഗളൂരു സിറ്റി പൊലീസ് കമീഷണർ സുധീർ കുമാർ റെഡ്ഡി അറിയിച്ചു. ചില കോളജുകളുടെ മാനേജ്മെന്റുകൾ എതിർപ്പുകൾ ഉന്നയിച്ചിട്ടും വിട്ടുവീഴ്ചയില്ലാതെ മയക്കുമരുന്ന് പരിശോധനകൾ തുടരാൻ കമീഷണർ ഉദ്യോഗസ്ഥരോട് നിർദേശിക്കുകയായിരുന്നു.
ജൂൺ ഒന്ന് മുതൽ നവംബർ 30 വരെ കോളജ് കാമ്പസുകളിൽ റാൻഡം മയക്കുമരുന്ന് പരിശോധന നടത്തി. മംഗളൂരു സൗത്ത് സബ് ഡിവിഷനിൽ (ഉള്ളാൾ, കൊണാജെ, മംഗളൂരു റൂറൽ) 29 കോളജുകളിലായി 1601 വിദ്യാർഥികളെ പരിശോധിച്ചു. ഇതിൽ എട്ട് വിദ്യാർഥികൾക്ക് പോസിറ്റിവ് ആണെന്നും 1593 പേർക്ക് നെഗറ്റിവ് ആണെന്നും കണ്ടെത്തി. മംഗളൂരു സെൻട്രൽ സബ് ഡിവിഷനിൽ (ബന്ദർ, ഉർവ, കദ്രി, പാണ്ഡേശ്വര്) 30 കോളജുകളിൽനിന്നുള്ള 1448 വിദ്യാർഥികളിൽ പരിശോധന നടത്തി. ആറുപേർ മയക്കുമരുന്ന് ഉപയോഗിച്ചതായും 1442 പേർ ഉപയോഗിച്ചിട്ടില്ലെന്നും കണ്ടെത്തി. മംഗളൂരു നോർത്ത് സബ് ഡിവിഷനിൽ (പനമ്പൂർ, കാവൂർ, ബാജ്പെ, സൂറത്ത്ക്കൽ, മുൽക്കി, മൂഡ്ബിദ്രി) 11 കോളജുകളിൽനിന്നുള്ള 2020 വിദ്യാർഥികളെ പരിശോധിച്ചതിൽ എല്ലാം നെഗറ്റിവ് ആയിരുന്നു. സിറ്റി പൊലീസ് കമീഷണറേറ്റ് പരിധിയിലുള്ള 70 കോളജുകളിൽ മൊത്തത്തിൽ റാൻഡം പരിശോധന നടത്തി 5069 വിദ്യാർഥികളിൽ 14 പേർക്ക് പോസിറ്റിവ് കണ്ടെത്തി.
തുടക്കത്തിൽ പല കോളജ് അഡ്മിനിസ്ട്രേഷനുകളും റാൻഡം മയക്കുമരുന്ന് പരിശോധനകളുമായി സഹകരിക്കാൻ വിസമ്മതിച്ചു. ഇതേത്തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ കാമ്പസുകളിൽ പരിശോധനകൾ നടത്തി. ഈ സമയത്ത് കുറച്ച് വിദ്യാർഥികൾക്ക് പോസിറ്റിവ് ഫലം ലഭിച്ചു. അവരുടെ റിപ്പോർട്ടുകൾ ബന്ധപ്പെട്ട കോളജ് മാനേജ്മെന്റുകളുമായി പങ്കിട്ടു. തുടർന്ന് കാമ്പസിൽ പരിശോധനക്ക് അനുമതി നൽകാൻ അവരെ പ്രേരിപ്പിച്ചു.
കാമ്പസിന് പുറത്തുള്ള പരിശോധനകളിൽ മംഗളൂരു സൗത്ത് സബ് ഡിവിഷനിലെ മൂന്ന് കോളജുകളിൽനിന്നുള്ള 30 വിദ്യാർഥികളെ പരിശോധിച്ചെങ്കിലും ആരും ഉപയോഗിച്ചതായികേസുകൾ കണ്ടെത്തിയില്ല. സെൻട്രൽ സബ് ഡിവിഷനിൽ 18 കോളജുകളിൽനിന്നുള്ള 88 വിദ്യാർഥികളെ പരിശോധിച്ചതിൽ നാല് വിദ്യാർഥികൾക്ക് പോസിറ്റിവ് ഫലങ്ങൾ ലഭിച്ചു. നോർത്ത് സബ് ഡിവിഷനിൽ, ഏഴ് കോളജുകളിൽനിന്നുള്ള 139 വിദ്യാർഥികളെ പരിശോധിച്ചപ്പോൾ, രണ്ടു പേർക്ക് പോസിറ്റിവ് ഫലം ലഭിച്ചു. കോളജുകളിൽ പ്രവേശന പ്രക്രിയയിൽതന്നെ മയക്കുമരുന്ന് പരിശോധന നടത്തണമെന്ന് പൊലീസ് കമീഷണർ സുധീർ കുമാർ റെഡ്ഡി നിർദേശിച്ചു. ചില സ്ഥാപനങ്ങൾ ഇതിനകംതന്നെ ഈ രീതി പിന്തുടരുന്നുണ്ടെന്നും എല്ലാ കോളജുകളും ഇതേ മാതൃക സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും കമീഷണർ ചൂണ്ടിക്കാട്ടി.
മയക്കുമരുന്ന് പരിശോധന സംരംഭത്തിന്റെ രണ്ടാം ഘട്ടം ജനുവരിയിൽ ആരംഭിക്കും. ഈ ഘട്ടത്തിൽ, വിവിധ കോളജുകളിൽ പുതുതായി പ്രവേശനം നേടിയ വിദ്യാർഥികളോടൊപ്പം നേരത്തേ പോസിറ്റിവ് ഫലം കണ്ട വിദ്യാർഥികളെയും മാത്രമേ വീണ്ടും പരിശോധിക്കുകയുള്ളൂ എന്ന് കമീഷണർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

