ബെൽത്തങ്ങാടി മണ്ഡലം ബി.ജെ.പി എം.എൽ.എയുടെ വീട്ടിൽ പൊലീസ് സന്നാഹം
text_fieldsഹരീഷ് പൂഞ്ച എം.എൽ.എയുടെ വീട്ടിൽ സംഘടിച്ച പൊലീസും പ്രവർത്തകരും
മംഗളൂരു: ബെൽത്തങ്ങാടി മണ്ഡലം ബി.ജെ.പി എം.എൽ.എ ഹരീഷ് പൂഞ്ചയുടെ വീട്ടിൽ ബുധനാഴ്ച പൊലീസ് സന്നാഹം എത്തി.
പിന്നാലെ പ്രവർത്തകരും അഭിഭാഷകരും വന്നുചേർന്നു. എം.എൽ.എയെ അറസ്റ്റ് ചെയ്താൽ പ്രതിരോധിക്കാൻ സജ്ജരായാണ് പ്രവർത്തകർ സംഘടിച്ചത്. അഭിഭാഷകരാകട്ടെ ജാമ്യത്തിലെടുക്കാനും. എന്നാൽ സുരക്ഷക്കായിരുന്നു പൊലീസ് സന്നാഹമെന്ന് പിന്നീട് അറിവായി.
ബെൽത്തങ്ങാടി പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി, അനുമതിയില്ലാതെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ ഭീഷണി മുഴക്കി എന്നീ കേസുകളിൽ പ്രതിയാണ് എം.എൽ.എ. അറസ്റ്റിലായ അനധികൃത ക്വാറി നടത്തിപ്പുകാരൻ യുവമോർച്ച നേതാവ് ശശിരാജ് ഷെട്ടിയെ വിട്ടയക്കണം എന്നാവശ്യപ്പെട്ട് എം.എൽ.എയുടെ നേതൃത്വത്തിൽ ശനിയാഴ്ച അർധരാത്രി ഒരു മണിവരെ പൊലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.
പിറ്റേന്ന് താലൂക്ക് ഓഫീസിനു മുന്നിൽ അനുമതിയില്ലാതെ നടത്തിയ പ്രതിഷേധ യോഗത്തിൽ തലേന്ന് താൻ പൊലീസ് ഇൻസ്പെക്ടറുടെ ഷർട്ടിന്റെ കോളറിന് പിടിച്ചു എന്ന് പ്രസംഗിച്ചു. ബംഗളൂരു ഡി.ജെ ഹള്ളി-കെ.ജെ ഹള്ളി പൊലീസ് സ്റ്റേഷനുകൾക്കുണ്ടായ അനുഭവം ബെൽത്തങ്ങാടിയിലും ആവർത്തിക്കും എന്ന് മുന്നറിയിപ്പും നൽകി. ഇതേത്തുടർന്ന് ഭീകരപ്രവർത്തകന്റെ വീട്ടിൽ എന്നപോലെ പൊലീസ് സുരക്ഷ സന്നാഹം ഒരുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

