ബൈക്ക് ടാക്സികൾക്കെതിരെ പൊലീസ് നടപടി; വഴിമുട്ടിയത് ലക്ഷം നമ്മ ബൈക്ക് ടാക്സി ആശ്രിത ഉപജീവനം
text_fieldsബംഗളൂരു: കർണാടക ഹൈകോടതിയുടെ നിർദേശപ്രകാരം ഗതാഗത, പൊലീസ് അധികൃതർ ബംഗളൂരുവിലും മറ്റു ജില്ല ആസ്ഥാനങ്ങളിലും ബൈക്ക് ടാക്സി സേവനങ്ങൾക്കെതിരെ തിങ്കളാഴ്ച കർശന നടപടി ആരംഭിച്ചു. അതേസമയം നിരോധനം പിൻവലിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് നമ്മ ബൈക്ക് ടാക്സി അസോസിയേഷൻ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും മുഖ്യമന്ത്രി സിദ്ധരാമയ്യക്കും കത്തെഴുതി.
സംസ്ഥാനത്തുടനീളമുള്ള ലക്ഷത്തിലധികം ബൈക്ക് ടാക്സിക്കാരുടെ ഉപജീവന പ്രതിസന്ധിയാണ് കത്തിൽ പരാമർശിക്കുന്നത്. കർണാടകയിൽ ജനപ്രിയ ആപ് അധിഷ്ഠിത അഗ്രഗേറ്റർമാർ ഇതിനകംതന്നെ സേവനങ്ങൾ വെട്ടിക്കുറച്ചിട്ടുണ്ട്. ഇതോടെ പാർസൽ ഡെലിവറികളിൽ മാത്രമായി പ്രവർത്തനം പരിമിതപ്പെടുത്തി. ബൈക്ക് ടാക്സി സർവിസുകൾ നിർത്തലാക്കാനുള്ള സിംഗിൾ ജഡ്ജി ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച കർണാടക ഹൈകോടതിയുടെ വെള്ളിയാഴ്ചത്തെ വിധിയെതുടർന്നാണ് നടപടി.
ആക്ടിങ് ചീഫ് ജസ്റ്റിസ് വി. കാമേശ്വര റാവു, ജസ്റ്റിസ് ശ്രീനിവാസ് ഹരീഷ് കുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് സർവിസുകൾ നിർത്തലാക്കാനുള്ള സമയപരിധി ജൂൺ 15 വരെ നീട്ടിയിരുന്നു. ആ അവധി അവസാനിച്ചു .കേസ് ഈ മാസം 24 ലേക്ക് കൂടുതൽ വാദം കേൾക്കുന്നതിനായി മാറ്റിയിട്ടുണ്ട്.
1988ലെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ മൂന്ന് പ്രകാരമുള്ള മാർഗനിർദേശങ്ങൾ സംസ്ഥാനം അറിയിക്കുകയും ആവശ്യമായ നിയമങ്ങൾ രൂപപ്പെടുത്തുകയും ചെയ്തില്ലെങ്കിൽ, ബൈക്ക് ടാക്സി അഗ്രഗേറ്ററുകൾക്ക് കർണാടകയിൽ പ്രവർത്തിക്കാൻ കഴിയില്ലെന്ന് ഏപ്രിൽ രണ്ടിന് ജസ്റ്റിസ് ബി. ശ്യാം പ്രസാദ് പുറപ്പെടുവിച്ച മുൻ ഉത്തരവ് വ്യക്തമാക്കിയിരുന്നു. സേവനങ്ങൾ അവസാനിപ്പിക്കാൻ കൂടുതൽ സമയം തേടി വിവിധ കമ്പനികൾ സമർപ്പിച്ച ഹരജികൾ പരിഗണിച്ചാണ് ഞായറാഴ്ചവരെ സമയം നീട്ടി ഉത്തരവായത്.
വിദ്യാർഥികളും ദിവസവേതനക്കാരും ഏക വരുമാനക്കാരുമായ ലക്ഷത്തിലധികം പേരുടെ ഉപജീവനമാർഗത്തിന് ഈ നിരോധനം ഭീഷണിയാണെന്ന് നമ്മ ബൈക്ക് ടാക്സി അസോസിയേഷൻ അവരുടെ കത്തിൽ പറഞ്ഞു. കുടുംബത്തെ പോറ്റാൻ ഞങ്ങൾ വെയിലിലും മഴയിലും 10-12 മണിക്കൂർ ബൈക്ക് ഓടിക്കുന്നു. ഇത് വെറും അധിക വരുമാനം മാത്രമല്ല - ഇത് ഞങ്ങളുടെ ഏക വരുമാനമാണ്.
‘ഞങ്ങളുടെ എളിയ അഭ്യർഥന ഇതാണ്. ഒറ്റരാത്രികൊണ്ട് ഞങ്ങളെ വിലക്കരുത്. ഞങ്ങളോട് സംസാരിക്കൂ. യാത്രക്കാരുടെ സുരക്ഷ, നിയന്ത്രണങ്ങൾ പാലിക്കൽ, അതിലുപരി, ഞങ്ങളുടെ കുടുംബങ്ങൾക്ക് നിലനിൽപ് ഉറപ്പാക്കുന്ന ഒരു മാർഗം ഞങ്ങൾ അഭ്യർഥിക്കുന്നു’.
കത്തിൽ പറയുന്നു. ലൈസൻസിങ്, പരിശീലനം, ഇൻഷുറൻസ് എന്നിവക്കായി നിയന്ത്രണങ്ങൾ രൂപപ്പെടുത്തുന്നതിന് പകരം, ഗതാഗതവകുപ്പ് റൈഡർമാരുടെ വരുമാനം പെട്ടെന്ന് വെട്ടിക്കുറച്ചതായി അസോസിയേഷൻ ആരോപിച്ചു. സംസ്ഥാനം നേരത്തേ ഇലക്ട്രിക് ബൈക്ക് ടാക്സി പദ്ധതി പിൻവലിച്ചത് നയപരമായ പൊരുത്തക്കേടിന്റെ മറ്റൊരു ഉദാഹരണമാണെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.
സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങൾ എടുത്തുകാണിച്ചുകൊണ്ട് കത്തിൽ ഇങ്ങനെ പറയുന്നു, ‘സാമൂഹിക സുരക്ഷ നടപടികൾ, ക്ഷേമ ബോർഡുകൾ, ഇൻഷുറൻസ് എന്നിവയിലൂടെ കർണാടക ഗിഗ് തൊഴിലാളികൾക്കായി പ്രശംസനീയമായ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ, ഈ തീരുമാനം നമ്മെ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്.’ ബസുകളുടെ സേവനം കുറവുള്ള പ്രദേശങ്ങളിൽ, ബൈക്ക് ടാക്സികളെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് യാത്രക്കാരുണ്ട്.
‘ഞങ്ങൾ പ്രതിവർഷം ഏകദേശം എട്ട് കോടി യാത്രകൾ പൂർത്തിയാക്കുന്നു. ഇപ്പോൾ ഈ യാത്രക്കാർക്ക് ആരാണ് സേവനം നൽകുക?’ കത്തിൽ ചോദിച്ചു. നിരോധനങ്ങൾ ഏർപ്പെടുത്തുന്നതിനുപകരം സംഭാഷണങ്ങളിൽ ഏർപ്പെടാനും നിയന്ത്രണ പാലനവും ഉപജീവന സംരക്ഷണവും ഉറപ്പാക്കുന്ന മുന്നോട്ടുള്ള പാത രൂപപ്പെടുത്താനും അസോസിയേഷൻ സർക്കാറിനോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

