ഉഡുപ്പിയിൽ നരേന്ദ്ര മോദിക്ക് ഊഷ്മള വരവേൽപ്; നവ പ്രതിജ്ഞ ആഹ്വാനം
text_fieldsമംഗളൂരു: ഉഡുപ്പി ശ്രീകൃഷ്ണ മഠം സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വെള്ളിയാഴ്ച ഊഷ്മള വരവേൽപ് ലഭിച്ചു. രാജ്യത്തിന്റെ വർത്തമാന, ഭാവി പുരോഗതിക്കായി ജനങ്ങൾ ഒമ്പത് പ്രതിജ്ഞകളെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. മഠത്തിന്റെ പാർക്കിങ് ഏരിയയിൽ സംഘടിപ്പിച്ച ലക്ഷകാന്ത ഗീതാപാരായണത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി രാവിലെ 11ന് ഉഡുപ്പിയിലെത്തി.
കോപ്ടറിൽ ഉഡുപ്പി ഹെലിപാഡിൽ ഇറങ്ങിയ ശേഷം ആദി ഉഡുപ്പിയിൽനിന്ന് ബന്നഞ്ചെ, ഉഡുപ്പി സിറ്റി ബസ് സ്റ്റോപ്, കൽസങ്ക എന്നിവിടങ്ങളിലൂടെ റോഡ്ഷോ നടത്തിയാണ് മഠത്തിലെത്തിയത്. യക്ഷഗാനം, പുലിവേഷം തുടങ്ങിയ തുളുനാടിന്റെ വിവിധ സാംസ്കാരിക കലാരൂപങ്ങളും ശ്രീകൃഷ്ണന്റെ വേഷം ധരിച്ച കലാകാരന്മാരും റോഡ്ഷോയിൽ അണിനിരന്നു. മഠത്തിൽ ഭക്തരും നാട്ടുകാരും മോദിയെ ഊഷ്മളമായി സ്വീകരിച്ചു.
ശ്രീകൃഷ്ണ ക്ഷേത്ര പാരമ്പര്യങ്ങളുടെ അവിഭാജ്യ ഘടകമായ ചരിത്രപ്രസിദ്ധ അഷ്ടമഠങ്ങൾ പ്രധാനമന്ത്രി വീക്ഷിച്ചു. കനക ഗോപുരയിലെത്തിയ മോദി വാഹനത്തിൽനിന്നിറങ്ങി കനകദാസ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. പുതുതായി സ്വർണം പൂശിയ കനകന കിണ്ടി (കനക കവച) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
മഠത്തിന്റെ പ്രധാന കവാടത്തിൽ പ്രധാനമന്ത്രിക്ക് പരമ്പരാഗത പൂർണകുംഭ സ്വീകരണമാണ് നൽകിയത്. മഠത്തിലെ സ്വാമിമാരും വിവിധ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും അദ്ദേഹത്തിന് ആശംസകൾ നേർന്നു. പുണ്യമാധ്വ സരോവരത്തിലേക്ക് നീങ്ങി മഠത്തിന്റെ ആചാരങ്ങളിൽ പങ്കുകൊണ്ടു. മഠത്തിൽ സംഘടിപ്പിച്ച ലക്ഷകാന്ത ഗീതാപാരായണത്തിൽ പങ്കെടുത്ത മോദി, രാജ്യത്തിന്റെ വർത്തമാനത്തിനും ഭാവിക്കും വേണ്ടി ‘പുതിയ ദൃഢനിശ്ചയം’ സ്വീകരിക്കാൻ രാജ്യത്തെ പൗരന്മാരോട് അഭ്യർഥിച്ചു. എല്ലാവരും ഒമ്പത് പ്രതിജ്ഞകൾ എടുക്കണം.
ജലസംരക്ഷണം, സ്വന്തം മാതാവിന്റെ പേരിൽ വൃക്ഷത്തൈ നടൽ കാമ്പയിൻ ആരംഭിക്കുക, ഓരോ വ്യക്തിയും ഒരു ദരിദ്രന്റെയെങ്കിലും ജീവിതം മെച്ചപ്പെടുത്തുക, സ്വദേശി സ്വീകരിച്ച് ‘പ്രാദേശികതക്ക് വേണ്ടിയുള്ള ശബ്ദം’ എന്ന മന്ത്രം സ്വീകരിക്കുക, പ്രകൃതിദത്ത കൃഷി പരിശീലിക്കുക, ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുക, യോഗ സ്വീകരിക്കുക, കൈയെഴുത്ത് പ്രതികളുടെ സംരക്ഷണത്തെ പിന്തുണക്കുക, രാജ്യത്തെ 25 പുണ്യ തീർഥാടന കേന്ദ്രങ്ങളെങ്കിലും സന്ദർശിക്കുക തുടങ്ങിയവയാണ് പ്രതിജ്ഞകൾ.
ജനക്കൂട്ടത്തിന്റെ ഫോട്ടോകൾ ശേഖരിക്കാൻ മോദി എസ്.പി.ജി ഉദ്യോഗസ്ഥരോട് നിർദേശിച്ചു. അഭിനന്ദന കത്ത് അയക്കുന്നതിനായി അവരുടെ വിലാസങ്ങൾ പിന്നിൽ എഴുതാൻ അവരോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

