100 ഏക്കറിൽ അക്വാ പാർക്കിന് പദ്ധതി
text_fieldsപ്രതീകാത്മക ചിത്രം
ബംഗളൂരു: മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിനായി 100 ഏക്കർ വിസ്തൃതിയിൽ അക്വാ പാർക്ക് സ്ഥാപിക്കാൻ പദ്ധതി. മത്സ്യകൃഷി, സംഭരണ സൗകര്യങ്ങൾ, സ്പോർട്സ് ഫിഷിങ് എന്നിവയുൾപ്പെടെ സൗകര്യങ്ങൾ പാർക്കിൽ ഉണ്ടായിരിക്കും. കേന്ദ്ര മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയം എന്നിവയുടെ സംയുക്ത ആശയത്തിന്റെ ഭാഗമാണ് അക്വാ പാർക്ക് എന്ന് കർണാടക ഫിഷറീസ് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
മത്സ്യവിത്ത് ഉൽപാദനം, മത്സ്യങ്ങളുടെ തീറ്റ എന്നിവമുതൽ സംസ്കരണം, വിപണനം വരെയുള്ള മത്സ്യബന്ധന മേഖലയിലെ ഓരോ പ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. പദ്ധതി പ്രകാരം അക്വാ പാർക്കിൽ മത്സ്യഭക്ഷണ കൃഷി, മത്സ്യ വിത്ത് ഉൽപാദനം, മത്സ്യവിത്ത് വികസനം, മത്സ്യകൃഷി, ശീതീകരണ സംസ്കരണ യൂനിറ്റുകൾ, അക്വേറിയങ്ങൾക്കുള്ള അലങ്കാര മത്സ്യങ്ങള്‍, വിപുലമായ മാർക്കറ്റ്, മത്സ്യ ഗതാഗത സൗകര്യങ്ങൾ, സ്പോർട്സ് ഫിഷിങ് തുടങ്ങിയ ഒമ്പത് പ്രധാന സൗകര്യങ്ങൾ ഉൾപ്പെടും.
ഉഡുപ്പിയിലെ ബൈന്ദൂർ, മാണ്ഡ്യയിലെ മലവള്ളി, ബിജാപൂരിലെ അൽമാട്ടി എന്നീ മൂന്ന് സ്ഥലങ്ങളാണ് പദ്ധതിക്കായി ഫിഷറീസ് വകുപ്പ് കണ്ടെത്തിയത്. സ്ഥല ലഭ്യതക്കനുസരിച്ച് പദ്ധതി നടപ്പാക്കും. 100 ഏക്കർ ലഭിക്കുകയാണെങ്കിൽ കേന്ദ്ര മന്ത്രാലയത്തിന് സമർപ്പിക്കുന്നതിന് വിശദ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയാറാക്കുമെന്ന് കർണാടക ഫിഷറീസ് വകുപ്പ് ഡയറക്ടർ ദിനേശ് കുമാർ കല്ലർ പറഞ്ഞു. ഗഗനചുക്കിക്കടുത്തുള്ള മലവള്ളിയിൽ ഏകദേശം 75 ഏക്കർ ഭൂമി കണ്ടെത്തി റവന്യൂ വകുപ്പിന് അപേക്ഷ അയച്ചിട്ടുണ്ട്. ഭൂമി വനം വകുപ്പിന്‍റേതാണെന്നും ചർച്ച നടന്നുവരികയാണെന്നും റവന്യൂ വകുപ്പ് അറിയിച്ചു. മറ്റ് സ്ഥലങ്ങളും പരിശോധിച്ചുവരികയാണെന്ന് ഡയറക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

