കാവേരി നദിയിൽ ചിതാഭസ്മം നിമജ്ജനം തടയാൻ പദ്ധതി
text_fields1-ഉപലോകായുക്ത ജസ്റ്റിസ് ബി. വീരപ്പ നടത്തിയ സന്ദർശനം, 2-കാവേരി നദിയിൽ ചിതാഭസ്മം നിമജ്ജനത്തിനെത്തിയവർ
(ഫയൽ ചിത്രം)
ബംഗളൂരു: കർണാടകയുടെ മുഖ്യ ശുദ്ധജല വിതരണ ഉറവിടമായ കാവേരി നദി മലിനമാവുന്നത് തടയാൻ ശ്രീരംഗപട്ടണ നഗരസഭ പദ്ധതി. ശ്രീരംഗപട്ടണയിലെ പുണ്യ സംഗമത്തിൽ ‘അസ്തി വിസർജൻ’ (ദഹനചാരം നിമജ്ജനം) ചടങ്ങുകളിൽനിന്നുള്ള ചാരം കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക പ്ലാറ്റ്ഫോമുകൾ, മാലിന്യ നിർമാർജന യൂനിറ്റുകൾ, പ്രത്യേക ഡ്രൈനേജ് സംവിധാനം എന്നിവ നിർമിക്കുന്നതിനുള്ള വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയാറാക്കുന്നതിന് നഗരസഭ ടെൻഡറുകൾ ക്ഷണിച്ചു.
ചാരവും ആചാര മാലിന്യങ്ങളും കാവേരി നദിയെ നേരിട്ട് മലിനമാക്കുന്നത് തടയുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ഡി.പി.ആർ അന്തിമമായിക്കഴിഞ്ഞാൽ ആചാരങ്ങൾ നിയന്ത്രിക്കും. പശ്ചിമവാഹിനി, സംഘം, ഗോസായി ഘട്ട്, സ്നാന ഘട്ട് എന്നിവിടങ്ങളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും. നാല് കോടി രൂപയാണ് പദ്ധതിച്ചെലവ് കണക്കാക്കുന്നത്. ആചാരപരമായ മാലിന്യങ്ങൾ നദിയെ മലിനമാക്കുന്നതിലേക്ക് നയിക്കുന്ന നിലവിലെ അനിയന്ത്രിത സംവിധാനത്തിന് ഇത് അറുതിവരുത്തുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.
ദക്ഷിണ കർണാടകയുടെ ജീവരേഖയായി കണക്കാക്കപ്പെടുന്ന കാവേരി നദി മതപരമായ ആചാരങ്ങൾ മൂലമുണ്ടാകുന്ന അനിയന്ത്രിതമായ മലിനീകരണം കാരണം ശ്രീരംഗപട്ടണം കടുത്ത ഭീഷണിയിലാണ്. രാജ്യത്തും വിദേശത്തുമുള്ള ആയിരക്കണക്കിന് ഭക്തർ ശ്രീരംഗപട്ടണത്തിലെ പുണ്യഘട്ടങ്ങളിലെത്തി തങ്ങളുടെ പ്രിയപ്പെട്ടവരുടെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്നത് ആത്മാക്കൾക്ക് ‘മോക്ഷം’ ലഭിക്കുമെന്ന് വിശ്വസിക്കുന്നു.
എന്നാൽ ചാരത്തോടൊപ്പം പുഷ്പമാലകൾ, കളിമൺ കലങ്ങൾ, വസ്ത്രങ്ങൾ, മറ്റു പൂജാ വസ്തുക്കൾ എന്നിവ പലപ്പോഴും നദിയിലേക്ക് നേരിട്ട് വലിച്ചെറിയപ്പെടുന്നു. ഇത് ഗണ്യമായ ജലമലിനീകരണത്തിന് കാരണമാവുന്നു. ശരിയായ നിരീക്ഷണത്തിന്റെ അഭാവം പുരോഹിതന്മാർ, കച്ചവടക്കാർ, ഇടനിലക്കാർ എന്നിവർക്കിടയിൽ കിട മത്സരത്തിനും കാരണമായിട്ടുണ്ട്. അവർ പലപ്പോഴും ദുഃഖിതരായ കുടുംബങ്ങളെ ചൂഷണം ചെയ്യുന്നു.
വിഷാദരോഗിയായ യുവാവ് കാവേരി നദിയിലേക്ക് ബി.എം.ഡബ്ല്യു ഓടിച്ചുകയറ്റിയ സംഭവവുമുണ്ടായി. അമാവാസി പോലുള്ള അവസരങ്ങളിലും മറ്റു ശുഭദിനങ്ങളിലും ഈ സ്ഥലങ്ങളിലേക്കുള്ള തിരക്ക് പതിന്മടങ്ങ് വർധിക്കുന്നു.
ലോകായുക്തക്ക് നിരവധി പൊതുജന പരാതികൾ ലഭിച്ചതിനെത്തുടർന്ന് സ്ഥിതിഗതികൾ നേരിട്ട് പരിശോധിക്കാൻ ഉപലോകായുക്ത ജസ്റ്റിസ് ബി. വീരപ്പ അടുത്തിടെ ശ്രീരംഗപട്ടണം സന്ദർശിച്ചിരുന്നു. നദിയിലെ വലിയ തോതിലുള്ള ദൈനംദിന മലിനീകരണം, ഭക്തരെ ചൂഷണം ചെയ്യൽ, ‘അസ്തി വിസർജന’ത്തിന് നിയന്ത്രിത നടപടിക്രമങ്ങളുടെ പൂർണമായ അഭാവം എന്നിവ അദ്ദേഹം കണ്ടെത്തി.
പശ്ചിമവാഹിനി, സംഘം, ഗോസായി ഘട്ട്, സ്നാന ഘട്ട എന്നിവിടങ്ങളിൽ ആചാരങ്ങൾക്കുള്ള ശരിയായ വേദികൾ, മാലിന്യ നിർമാർജന യൂനിറ്റുകൾ, ചാരം നേരിട്ട് കാവേരിയിലെ വെള്ളവുമായി കലരുന്നില്ലെന്ന് ഉറപ്പാക്കാൻ നിയുക്ത ഡ്രൈനേജ് സംവിധാനം എന്നിവ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ശ്രീരംഗപട്ടണ നഗരസഭയോട് ഉപലോകായുക്ത നിർദേശിച്ചിരുന്നു. ശ്രീരംഗപട്ടണം നഗരസഭ ചടങ്ങുകൾ നടത്തുന്ന പുരോഹിതന്മാർക്കും ഏജന്റുമാർക്കും വ്യാപാര ലൈസൻസുകൾ നൽകുക, ഓരോ ആചാരത്തിന്റെയും നിരക്ക് വ്യക്തമായി പട്ടികപ്പെടുത്തുന്ന പ്രദർശന ബോർഡുകൾ സ്ഥാപിക്കുക, ഭക്തരെ ദുഷ്ടശക്തികൾ ചൂഷണം ചെയ്യുന്നത് തടയുക തുടങ്ങിയ നിർദേശങ്ങളും ലോകായുക്ത നൽകിയതായി നഗരസഭ ചീഫ് ഓഫിസർ എം. രാജണ്ണ പറഞ്ഞു. കാവേരിയിലെ മലിനീകരണത്തിന്റെ പ്രധാന ഉറവിടമായി നിമജ്ജന ചടങ്ങുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഉപലോകായുക്തയുടെ സന്ദർശനത്തെത്തുടർന്ന്, മാണ്ഡ്യ അസിസ്റ്റന്റ് കമീഷണറുടെ അധ്യക്ഷതയിൽ സമിതി രൂപവത്കരിച്ചു. ശ്രീരംഗപട്ടണം തഹസിൽദാർ, ടൗൺ പഞ്ചായത്ത് എക്സിക്യൂട്ടിവ് ഓഫിസർ, ടി.എം.സി സി.ഇ.ഒ, പരിസ്ഥിതി ഓഫിസർ, കാവേരി നീരവാരി നിഗം ലിമിറ്റഡിന്റെ (സി.എൻ.എൻ.എൽ) പ്രതിനിധി എന്നിവർ ഇതിൽ ഉൾപ്പെടുന്നു. ഡി.പി.ആർ തയാറാക്കാൻ കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ജൂലൈയിൽ ശ്രീരംഗപട്ടണത്തിലെ ‘അസ്തി വിസർജന’ ആചാരങ്ങൾ നിയന്ത്രിക്കുന്നതിന് വ്യക്തമായ നിർദേശങ്ങൾ ആവശ്യപ്പെട്ട് ബംഗളൂരു ആസ്ഥാനമായുള്ള കുശാൽ കുമാർ കൗശിക്കിന്റെ നേതൃത്വത്തിലുള്ള ആറ് അഭിഭാഷകരുടെ സംഘം കർണാടക ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി (പി.ഐ.എൽ) ഫയൽ ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

