കൈയിൽ പ്രസാദം ചേർത്ത് പിടിച്ച നിലയിൽ മൃതശരീരം; ചാമുണ്ഡിഹിൽ അപകടത്തിൽ മരിച്ച യാത്രക്കാരനെ കണ്ടെത്തിയത് രണ്ടാം ദിവസം
text_fields1. അപകടം വരുത്തിയ ബസ് 2. ചിക്കബസവേ ഗൗഡ
ബംഗളൂരു: മൈസൂരു ചാമുണ്ടി ഹിൽ റോഡിൽ അപകടത്തിൽപ്പെട്ട കെ.എസ്.ആർ.ടി.സി സിറ്റി ബസിൽ നിന്ന് തെറിച്ചുവീണ വയോധികനെ സംഭവസ്ഥലത്ത് നിന്നകലെ ആരുടെയും ശ്രദ്ധയിൽപ്പെടാതെ മരിച്ച നിലയിൽ 17 മണിക്കൂറിന് ശേഷം കണ്ടെത്തി. ഗുണ്ട്‌ലുപേട്ട് താലൂക്കിലെ ഹംഗള ഗ്രാമത്തിൽ നിന്നുള്ള വിരമിച്ച എക്സൈസ് ഇൻസ്‌പെക്ടറും മൈസൂരു രണ്ടാംഘട്ടത്തിലെ വിജയനഗർ നാലാം സ്റ്റേജിൽ താമസിക്കാരനുമായ ചിക്കബസവേ ഗൗഡക്കാണ് (72) ദാരുണാന്ത്യം.
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചോടെയാണ് അപകടമുണ്ടായത്. യാത്രക്കാരുമായി ബസ് കുന്നിറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് എതിരെ വന്ന രണ്ട് കാറുകളിലും വൈദ്യുത തൂണുകളിലും ഇടിച്ചു. ബസിലെയും കാറിലെയും യാത്രക്കാരായ 15ഓളം പേർക്ക് പരിക്കേറ്റു. ഇവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദസറത്തിരക്കിൽ ഗൗഡയെ ഒപ്പമുള്ളവർ കണ്ടില്ല.
ചാമുണ്ഡേശ്വരി ദേവി ദർശനം നടത്തി പ്രാർഥനക്ക് ശേഷം ഗൗഡ പ്രസാദം വാങ്ങി തോളിലെ സഞ്ചിയിൽവെച്ച് സിറ്റി ബസ് സ്റ്റാൻഡിലേക്ക് ബസിൽ കയറി. അവിടെ ചെന്നാൽ വീട്ടിലേക്ക് പോവാനുള്ള ബസ് കിട്ടും. അപകടത്തിൽപ്പെട്ട ബസിന്റെ ഇടതുവശത്ത് സീറ്റിൽ ജനലിനരികിലായാണ് ഇരുന്നത്. ഇദ്ദേഹം പുറത്തേക്ക് തെറിച്ച് ഏതാനും അടി അകലെ പാറകൾക്കും മരങ്ങൾക്കും ഇടയിൽ വീഴുകയായിരുന്നു. പരിക്കേറ്റ് അബോധാവസ്ഥയിൽ കിടന്ന ചിക്കബസവേ ഗൗഡയെ ആരും ശ്രദ്ധിച്ചില്ല.
സിദ്ധാർഥ നഗർ ട്രാഫിക് ഇൻസ്പെക്ടർ കെ.വി. ശ്രീധറും കെ.എസ്.ആർ.ടി.സി ടെക്നിക്കൽ ഓഫിസർ എം.ജി. ജയകുമാറും അപകടസ്ഥലം സന്ദർശിച്ചപ്പോഴും വയോധികൻ കിടന്നേടത്ത് നോട്ടം എത്തിയില്ല. ഗൗഡയുടെ മകൻ അഡ്വ. എച്ച്.സി. രാജേന്ദ്ര ബന്ധുക്കളെയും സുഹൃത്തുക്കളെയും ബന്ധപ്പെട്ടെങ്കിലും പിതാവിനെക്കുറിച്ച് ഒരു സൂചനയും ലഭിച്ചില്ലെന്ന് പറയുന്നു.
പിറ്റേന്ന് രാവിലെ പത്തരയോടെ ചാമുണ്ഡേശ്വരി വൈദ്യുതി വിതരണ കോർപറേഷനിലെ ജീവനക്കാർ തകർന്ന വൈദ്യുത തൂണുകൾ മാറ്റിസ്ഥാപിക്കുന്നതിനായി സ്ഥലത്തെത്തി. പ്രദേശം സർവേ ചെയ്യുന്നതിനിടയിൽ പ്രസാദവും പൂജാവസ്തുക്കളും അടങ്ങിയ തോൾ സഞ്ചി കണ്ടെത്തി. അൽപം അകലെ പാറകൾക്കും മരങ്ങൾക്കുമിടയിൽ ചിക്കബസവേ ഗൗഡയുടെ ചേതനയറ്റ ശരീരം. ഭാര്യ: ബസമണി, മക്കൾ: എച്ച്.സി. രാജേന്ദ്ര, എച്ച്.സി. ശിവകുമാർ, എച്ച്.സി. മമത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

