വിദ്യാര്‍ഥിനികളുടെ ചിത്രം പ്രചരിപ്പിച്ചു, പൂർവ വിദ്യാർഥി പിടിയിൽ
text_fieldsബംഗളൂരു: ഹുബ്ബള്ളി സാമര്‍ഥ് ഡിഗ്രി കോളജിലെ വിദ്യാര്‍ഥിനികളുടെ ചിത്രം മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ പൂര്‍വ വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റു ചെയ്തു. രജനികാന്ത് എന്നയാളാണ് അറസ്റ്റിലായത്.
ഇന്‍സ്റ്റഗ്രാമില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി രജനികാന്ത് പെണ്‍കുട്ടികളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചയാള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ചൊവ്വാഴ്ച എ.ബി.വി.പി.യുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. മതിയായ ഹാജർ ഇല്ലാത്തതിനാല്‍ രജനികാന്തിനെ കഴിഞ്ഞ വര്‍ഷം പരീക്ഷ എഴുതാന്‍ കോളജ് മാനേജ്മെന്റ് അനുവദിച്ചിരുന്നില്ല. അതിനാല്‍, കോളജിന്റെ പ്രതിച്ഛായ തകര്‍ക്കാനാണ് കുറ്റകൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. വിദ്യാര്‍ഥിനികളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.

