ഷെട്ടാറിന്റെ വീട്ടിൽ മോദിയുടെ ഫോട്ടോ
text_fieldsബംഗളൂരു: മുൻമുഖ്യമന്ത്രിയും ഹുബ്ബള്ളിയിൽനിന്ന് ആറുതവണ എം.എൽ.എയും നിലവിൽ കോൺഗ്രസിന്റെ ഹുബ്ബള്ളി-ധാർവാഡ് മണ്ഡലം സ്ഥാനാർഥിയുമായ ജഗദീഷ് ഷെട്ടാറിന്റെ വീടിന്റെ ചുമരിൽ ഇപ്പോഴും പ്രധാനമന്ത്രി മോദിയുടെയും അമിത് ഷായുടെയും ഫോട്ടോകൾ. ബി.ജെ.പിയിൽനിന്ന് രാജിവെക്കുകയും കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുകയും അത് രാജ്യവ്യാപകമായി ശ്രദ്ധനേടുകയും ചെയ്തിട്ടും ഹുബ്ബള്ളിയിലെ വസതിയിൽനിന്ന് ഫോട്ടോകൾ മാറ്റാത്തത് ചർച്ചയായി. എല്ലാ കാലത്തും ബി.ജെ.പിയിൽ പ്രവർത്തിച്ച അദ്ദേഹം ഇതാദ്യമായാണ് തന്റെ കാറിൽ കോൺഗ്രസ് പതാക സ്ഥാപിച്ചത്. അമിത് ഷാക്കും മോദിക്കുമൊപ്പം വിവിധ പരിപാടികളിൽ പങ്കെടുത്തതിന്റെ ചിത്രങ്ങളാണിവ. എന്നാൽ, പാർട്ടി മാറിയ ഉടൻ മുമ്പത്തെ ചിത്രങ്ങൾ എന്തിനാണ് മാറ്റുന്നതെന്നും അത് ഓർമകൾ മാത്രമല്ലേയെന്നും അദ്ദേഹം പ്രതികരിച്ചു. ആറാം തവണ മത്സരത്തിനിറങ്ങിയ തന്റെ ജയം സുനിശ്ചിതമാണ്. മണ്ഡലത്തിൽ തനിക്ക് നല്ല ജനസമ്മതിയാണുള്ളത്- അദ്ദേഹം പറഞ്ഞു.