വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കർണാടക ഹൈകോടതിയിൽ ഹരജി
text_fieldsമംഗളൂരു: കോളജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസ് വീണ്ടും അന്വേഷിക്കാൻ സംസ്ഥാന സർക്കാറിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കർണാടക ഹൈകോടതിയിൽ ഹരജി. ദക്ഷിണ കന്നട ജില്ലയിൽ 11 വർഷം മുമ്പ് കോളിളക്കം സൃഷ്ടിച്ച കേസിലെ പ്രതിയെ വെറുതേവിട്ട പശ്ചാത്തലത്തിലാണ് ധർമ്മസ്ഥല ശ്രീ ക്ഷേത്രം ഗ്രാമവികസന പദ്ധതി മേഖല ഡയറക്ടർ ഷീനപ്പ, നന്ദീഷ് കുമാർ ജയിൻ എന്നിവർ ഹരജി നൽകിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് ധർമ്മസ്ഥല ക്ഷേത്രം ധർമ്മാധികാരിയെ അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനകൾ നടത്തുന്ന മഹേഷ് ഷെട്ടി തിമറോഡിക്കെതിരെ നിയമനടപടിയെടുക്കണമെന്ന ആവശ്യവും ഹരജിയിൽ ഉന്നയിച്ചു.
ധർമ്മസ്ഥലയിൽ 17കാരിയായ കോളജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം പുനരന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഭരണ, പ്രതിപക്ഷ കക്ഷികളും ജനകീയ കൂട്ടായ്മകളും ബംഗളൂരു, മൈസൂരു, ദക്ഷിണ കന്നട ജില്ലയുടെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിൽ പ്രക്ഷോഭം സംഘടിപ്പിച്ചു വരികയാണ്. ചീഫ് സെക്രട്ടറി, അഡീ. ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് സെക്രട്ടറി, മഹേഷ് ഷെട്ടി എന്നിവരടക്കം ആറു പേരാണ് എതിർ കക്ഷികൾ.
2012 ഒക്ടോബർ ഒമ്പതിനാണ് ഉജ്റെ ശ്രീ ധർമ്മസ്ഥല മഞ്ചുനാഥേശ്വര കോളജിൽ രണ്ടാം വർഷ പി.യു വിദ്യാർഥിനി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. കോളജ് വിട്ട് വീട്ടിലെത്താത്ത കുട്ടിയുടെ നഗ്നജഡം പിറ്റേന്ന് നേത്രാവതി നദിക്കരയിൽ വിജനസ്ഥലത്ത് കൈകൾ ചുരിദാർ ഷാൾ കൊണ്ട് പിറകിൽ കെട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. വിദ്യാർഥിനിയുടെ പിതാവ് ചന്ദ്രപ്പ ഗൗഡയുടെ പരാതിയിൽ കേസെടുത്ത ധർമ്മസ്ഥല പൊലീസ് പരിസരത്ത് സംശയ സാഹചര്യത്തിൽ കണ്ടെത്തിയ സന്തോഷ് റാവു എന്നയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
11 വർഷത്തിനിടയിൽ ലോക്കൽ പൊലീസും സി.ഐ.ഡിയും ഒടുവിൽ സി.ബി.ഐയും അന്വേഷിച്ച കേസിൽ പ്രതിയെ കഴിഞ്ഞ ജൂൺ 16ന് ബംഗളൂരു സി.ബി.ഐ പ്രത്യേക കോടതി വിട്ടയക്കുകയായിരുന്നു. ശരിയായ രീതിയിൽ അന്വേഷണം നടക്കാത്തതാണ് പ്രതി രക്ഷപ്പെടാൻ കാരണമെന്ന ആരോപണമാണ് ഉയരുന്നത്.
ധർമ്മസ്ഥല ധർമ്മാധികാരിയുടേയും മൂന്ന് ആളുകളുടെയും പേരെടുത്ത് പറഞ്ഞ് കേസ് അന്വേഷണം അട്ടിമറിച്ചത് അവരാണെന്ന് വിദ്യാർഥിനിക്ക് നീതി തേടി രൂപവത്കരിച്ച പ്രജാപ്രഭുത്വ വേദി കൺവീനർ മഹേഷ് ഷെട്ടി തിമറോഡിയും മാതാവ് കുസുമാവതിയും വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ഷെട്ടിയെ കൂടി എതിർകക്ഷിയായി ധർമ്മസ്ഥല പ്രതിനിധികൾ ഹൈകോടതിയിൽ ഹരജി സമർപ്പിച്ചതോടെ കേസ് അന്വേഷണം വഴിത്തിരിവിൽ എത്തുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

