ഇറാനിൽനിന്ന് അവരെത്തി, കർണാടക മിനി ഇറാനിൽ
text_fieldsഇറാനിൽനിന്ന് തിരിച്ചെത്തിയ അലിപൂരിലെ അസദ്
ബംഗളൂരു: കർണാടകയിലെ മിനി ഇറാൻ, അലിപൂരിൽ ഞായറാഴ്ച പുലർന്നത് പ്രതീക്ഷയുടെ പ്രഭാതം. വ്യോമ ഇടനാഴിവഴി ശനിയാഴ്ച രാത്രി തിരിച്ചെത്തിയ ഇന്ത്യക്കാരിൽ ഈ പ്രദേശത്തെ രത്നം-സ്വർണ വ്യാപാരി അസദും കുടുംബവുമുണ്ട്. ഇറാനിൽ ശേഷിക്കുന്നവരും പറന്നുവരുമെന്നാണ് അസദ് പ്രിയപ്പെട്ടവരോട് പറഞ്ഞത്.
അലിപൂരിലെ 105 പേരാണ് ഇറാനിൽ കുടുങ്ങിയത്. കഴിഞ്ഞ മാസം 26 മുതൽ ഏഴ് കുടുംബാംഗങ്ങളുമായി ഇറാനിലെ ഖോമിൽ തീർഥാടനത്തിലായിരുന്നു അലിപൂർ റിച്ച്മണ്ട് നിവാസി അസദ്. ഇറാൻ വ്യോമാതിർത്തി തുറന്ന ശേഷം അവർ എട്ടുപേരോടൊപ്പം ബംഗളൂരുവിൽ വന്നിറങ്ങി. എം.ബി.ബി.എസ് വിദ്യാർഥി, വിനോദസഞ്ചാരി, രണ്ട് ബിസിനസുകാർ എന്നിവരുൾപ്പെടെ എല്ലാവരും അസദിന്റെ ബന്ധുക്കൾ, കുടുംബസുഹൃത്തുക്കൾ.ബംഗളൂരുവിൽനിന്ന് ഏകദേശം 70 കിലോമീറ്റർ വടക്ക് ചിക്കബല്ലാപൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന അലിപൂർ ശിയാക്കളുടെ സങ്കേതമാണ്. സ്ഥലപ്പേരിൽപോലും ശിയാ വിശ്വാസ വേരുണ്ട്. 25,000 ജനസംഖ്യയിൽ 90 ശതമാനവും ശിയാക്കളാണ്.
‘‘ഈ മാസം 16ന് ഞങ്ങൾ ഷാർജ വഴി മടങ്ങേണ്ടതായിരുന്നു. എന്നാൽ, പുറപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പ് വിമാനത്താവളം അടച്ചിട്ടതായി അറിഞ്ഞു. ഞങ്ങൾ ഭയന്നുപോയി. ഇവിടെയുള്ള ഞങ്ങളുടെ കുടുംബവുമായുള്ള ആശയവിനിമയം വിച്ഛേദിക്കപ്പെട്ടു. ഈമാസം 14ന് അലിപൂർ വാട്സ്ആപ് ഗ്രൂപ്പിൽ എംബസിയിൽനിന്ന് ഞങ്ങൾക്ക് ഒരു സന്ദേശം ലഭിച്ചു. ഞങ്ങളെ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ സഹായിക്കുന്നതിന് വിശദാംശങ്ങൾ പൂരിപ്പിക്കാൻ ആവശ്യപ്പെട്ടായിരുന്നു അത്.
കുടുംബം മൂന്ന് ദിവസം ഖോമിൽ ചെലവഴിച്ച ശേഷമാണ് മശ്ഹദിലേക്ക് മാറ്റിയത്. വെള്ളിയാഴ്ച ഡൽഹിയിലേക്കുള്ള വിമാനത്തിൽ യാത്രതിരിച്ചു. റിപ്പോർട്ട് ചെയ്യുന്നത്ര മോശമല്ല കാര്യങ്ങൾ. ഞങ്ങൾക്ക് ഭയമായിരുന്നു. പക്ഷേ, പൊതുജനങ്ങൾക്ക് പരിഭ്രാന്തി ഇല്ലായിരുന്നു. ഞങ്ങൾക്ക് അത് സുരക്ഷിതത്വ ബോധം പകർന്നു’’ -അസദ് പറഞ്ഞു.
ഇറാനുമായി അലിപൂരിന് പതിറ്റാണ്ടുകളുടെ ആത്മീയ, മത, സാമൂഹിക-സാംസ്കാരിക, വിദ്യാഭ്യാസ ബന്ധങ്ങളുണ്ട്. ഇറാൻ സർക്കാറുമായി സഹകരിച്ച് നിർമിച്ച ആശുപത്രി ഉദ്ഘാടനം ചെയ്യാൻ 1981-82ൽ ഇറാന്റെ ഇപ്പോഴത്തെ പരമോന്നത നേതാവ് അലി ഖാംനഈ അലിപൂർ സന്ദർശിച്ചത് പശ്ചിമേഷ്യൻ രാജ്യവുമായുള്ള ഗ്രാമത്തിന്റെ ബന്ധം അടയാളപ്പെടുത്തുന്നു.അലിപൂരിൽനിന്നുള്ള യുവാക്കൾ തെഹ്റാൻ യൂനിവേഴ്സിറ്റിയിൽ വൈദ്യശാസ്ത്രം പഠിക്കുമ്പോൾ, ഭൂരിഭാഗവും പ്രശസ്തമായ ശിയ സെമിനാരികളിലും ഇസ്ലാമിക ഗവേഷണ സ്ഥാപനങ്ങളിലും പണ്ഡിതരാവാൻ ചേരുന്നു.
ചിലർ ഇറാനിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ നഗരമായ മശ്ഹദിലേക്ക് വാർഷിക തീർഥാടനത്തിനും പോയിട്ടുണ്ട്. നിലവിൽ ഏകദേശം 15 വിദ്യാർഥികൾ തെഹ്റാനിൽ എം.ബി.ബി.എസിന് പഠിക്കുന്നു. ഏകദേശം 30 പേർ തീർഥാടനത്തിനും. 50ലധികം യുവാക്കൾ മതപരമായ പരിശീലനം നേടുന്നുണ്ട്. ഗ്രാമം രത്ന-സ്വർണ ആഭരണ വ്യാപാര കേന്ദ്രം കൂടിയായതിനാൽ, മറ്റു ചിലർ ബിസിനസ് യാത്രകളിലുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

