പക്ഷിപ്പനി ബാധിച്ച് മയിലുകൾ കൂട്ടത്തോടെ ചത്തു
text_fieldsചത്ത മയിലുകൾ
ബംഗളൂരു: തുമകൂരു ജില്ലയിൽ പക്ഷിപ്പനി ഭീതി ശക്തമാകുന്നു. മാസത്തിനിടെ തമകുരു താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി 54 മയിലുകൾ ചത്തൊടുങ്ങിയത് വൻ ആശങ്കക്ക് കാരണമായിട്ടുണ്ട്. ചത്ത മയിലുകളുടെ സാമ്പിളുകൾ പരിശോധിച്ച ലാബ് റിപ്പോർട്ടിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ മൃഗസംരക്ഷണ വകുപ്പ് കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
തുടക്കത്തിൽ 44 മയിലുകൾ ചത്തതായാണ് കണക്കുകൾ പുറത്തുവന്നതെങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഈ സംഖ്യ കടന്നു. തുമകുരു താലൂക്കിന് പിന്നാലെ കുനിഗലിലും രോഗലക്ഷണങ്ങൾ കണ്ടെത്തിയതോടെ പക്ഷിപ്പനി ജില്ലയുടെ മറ്റ് ഭാഗങ്ങളിലേക്കും പടരുന്നതായാണ് സൂചന.
തുമകുരു താലൂക്കിലെ ബൊമ്മനഹള്ളിയിൽ കോഴി ഫാമിൽ 30 ലധികം കോഴികൾ കൂട്ടത്തോടെ ചത്തത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. മയിലുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴി വളർത്തൽ മേഖലയും കടുത്ത ഭീതിയിലായിരുന്നു. എന്നാൽ കോഴികളുടെ സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് അധികൃതർ അറിയിച്ചു.
കോഴികൾക്ക് പക്ഷിപ്പനി ബാധിച്ചിട്ടില്ലെന്ന റിപ്പോർട്ട് ഫാം ഉടമകൾക്കും ഗ്രാമവാസികൾക്കും വലിയ ആശ്വാസമായി.മയിലുകൾ ചത്തൊടുങ്ങുന്ന പശ്ചാത്തലത്തിൽ വനംവകുപ്പും മൃഗസംരക്ഷണ വകുപ്പും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജില്ലയിലുടനീളം പക്ഷികളുടെ ചലനം നിരീക്ഷിക്കാൻ പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. പക്ഷികളോ വന്യമൃഗങ്ങളോ ദുരൂഹ സാഹചര്യത്തിൽ ചത്തതായി കണ്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്ന് പൊതുജനങ്ങൾക്ക് നിർദേശം നൽകി. രികുനിഗൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പക്ഷികൾ ചത്താൽ ഉടൻ സാമ്പിളുകൾ ശേഖരിച്ച് ലാബിലേക്ക് അയക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

