ശസ്ത്രക്രിയക്കിടെ രോഗിയുടെ മരണം; ഡോക്ടർമാർക്കെതിരെ കേസ്
text_fieldsപ്രതീകാത്മക ചിത്രം
മംഗളൂരു: ഉഡുപ്പി ജില്ല സർജന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാർക്കള സ്പന്ദന ആശുപത്രിയിലെ മൂന്ന് ഡോക്ടർമാർക്കെതിരെ കാർക്കള പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഡോക്ടർമാരുടെ അശ്രദ്ധ ഒരു രോഗിയുടെ മരണത്തിന് കാരണമായെന്ന് ആരോപിച്ചാണ് കേസ്. മേയ് മാസത്തിൽ കടുത്ത വയറുവേദന അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച സുബൈദ(52) എന്ന സ്ത്രീ മരിച്ച സംഭവത്തിലാണ് നടപടി.
ഡോക്ടർമാർ ഡ്രിപ്പ്സ് നൽകിയെങ്കിലും മാതാവിനെ വീണ്ടും പരിശോധിക്കാൻ മകൾ മുബീന ആവശ്യപ്പെട്ടെങ്കിലും വൈകിപ്പിച്ചു. രോഗി ഗുരുതരാവസ്ഥയിലായതിനാൽ അടിയന്തര ശസ്ത്രക്രിയ വേണമെന്ന് പിന്നീട് പരിശോധിച്ച ഡോ. നാഗരത്ന പറഞ്ഞു. ഡോ. നാഗരത്ന, ഡോ. റഹ്മത്തുല്ല, ഡോ. തുഷാർ എന്നിവർ ശസ്ത്രക്രിയ നടത്തുകയും ഡോ. റഹ്മത്തുല്ല പിന്നീട് പുറത്തുവന്ന് സുബൈദ മരിച്ചതായി അറിയിക്കുകയുമായിരുന്നു.
കൃത്യസമയത്ത് വൈദ്യസഹായം ലഭിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും അശ്രദ്ധയോടെയാണ് ശസ്ത്രക്രിയ നടത്തിയെന്നും മകൾ കാർക്കള പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മരണത്തെക്കുറിച്ചും ഡോക്ടർമാരുടെ അശ്രദ്ധയെക്കുറിച്ചും റിപ്പോർട്ട് തേടാൻ ഉഡുപ്പി ഡെപ്യൂട്ടി കമീഷണർ നിർദേശം നൽകിയിരുന്നു. ഉഡുപ്പി ജില്ല ആശുപത്രി സർജൻ ഡോ. എച്ച്. അശോക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്.
ശസ്ത്രക്രിയക്ക് മുമ്പ് നിർബന്ധിത മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ ഡോക്ടർമാർ പരാജയപ്പെട്ടുവെന്ന് റിപ്പോർട്ടിൽ പറയുന്നു. രോഗിക്ക് യഥാസമയം വൈദ്യസഹായം നൽകുകയോ അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കുടുംബാംഗങ്ങളെ അറിയിക്കുകയോ ചെയ്തില്ല. ശസ്ത്രക്രിയക്കിടെയാണ് രോഗി മരിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

