വിഭജനം സവർക്കറുടെ ആശയം -പ്രിയങ്ക് ഖാർഗെ
text_fieldsപ്രിയങ്ക് ഖാർഗെ
ബംഗളൂരു: ഇന്ത്യയിൽ രണ്ട് രാഷ്ട്രങ്ങൾ എന്ന ആശയം ആദ്യമായി ആവിഷ്കരിച്ചത് വിനായക് ദാമോദർ സവർക്കറാണെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ അവകാശപ്പെട്ടു. മുഹമ്മദ് അലി ജിന്നയും മുസ്ലിം ലീഗും അത് സ്വീകരിക്കുന്നതിന് വളരെ മുമ്പുതന്നെ ഇത് സവർക്കറുടെ ആശയമായിരുന്നു.
‘ടു നേഷൻസ്’ എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത് ‘വീർ’ സവർക്കറാണെന്നും അദ്ദേഹത്തിന്റെ ‘തുക്ഡെ തുക്ഡെ സംഘം’ അതിനെ അംഗീകരിച്ചുവെന്നും ‘എക്സി’ലെ പോസ്റ്റിൽ ഇൻഫർമേഷൻ ടെക്നോളജി, ബയോടെക്നോളജി മന്ത്രി പറഞ്ഞു. സവർക്കറുടെ രചനകളെയും പ്രസംഗങ്ങളെയും പരാമർശിച്ചുകൊണ്ട് അദ്ദേഹം സംഭവങ്ങളുടെ ക്രമം പിന്തുടർന്നു.
1922ൽ എഴുതിയ ‘എസൻഷ്യൽസ് ഓഫ് ഹിന്ദുത്വ’യിൽ, സവർക്കർ ഹിന്ദുത്വത്തെ മതം കൊണ്ടല്ല, മറിച്ച് മാതൃരാജ്യംകൊണ്ടാണ് നിർവചിക്കുന്നത്. ഇന്ത്യയെ ‘പിതൃഭൂമിയും പുണ്യഭൂമിയും’ എന്നാണ് അദ്ദേഹം പറഞ്ഞത്.
1937ൽ അഹ്മദാബാദിൽ നടന്ന ഹിന്ദു മഹാസഭയുടെ 19ാമത് സമ്മേളനത്തിൽ സവർക്കർ ഇങ്ങനെ പറഞ്ഞിരുന്നു: ‘ഇന്ത്യയിൽ പരസ്പരം എതിർപ്പ് പുലർത്തുന്ന രണ്ട് രാഷ്ട്രങ്ങളുണ്ട്. ഇന്ന് ഇന്ത്യ ഒരു ഏകീകൃതമായ രാഷ്ട്രമാണെന്ന് കരുതാൻ കഴിയില്ല. മറിച്ച്, ഇന്ത്യയിൽ പ്രധാനമായും രണ്ട് രാഷ്ട്രങ്ങളുണ്ട്: ഹിന്ദുക്കളും മുസ്ലിംകളും.’
1943ൽ നാഗ്പൂരിൽ സവർക്കർ നടത്തിയ പ്രസ്താവനകൾ ഖാർഗെ ഉദ്ധരിച്ചു: ‘മിസ്റ്റർ ജിന്നയുടെ ദ്വിരാഷ്ട്ര സിദ്ധാന്തത്തോട് എനിക്ക് യാതൊരു തർക്കവുമില്ല. നമ്മൾ, ഹിന്ദുക്കൾ, സ്വയം ഒരു രാഷ്ട്രമാണ്, ഹിന്ദുക്കളും മുസ്ലിംകളും രണ്ട് രാഷ്ട്രങ്ങളാണെന്നത് ചരിത്രപരമായ ഒരു വസ്തുതയാണ്.’
ബി.ജെ.പി ഈ ചരിത്രം അംഗീകരിക്കുന്നുണ്ടോ എന്ന് ചോദ്യം ചെയ്തുകൊണ്ട്, ബി.ആർ. അംബേദ്കറുടെ നിരീക്ഷണം ഖാർഗെ ഉദ്ധരിക്കുകയുണ്ടായി.
‘ഒരു രാഷ്ട്രവും രണ്ട് രാഷ്ട്രങ്ങളും എന്ന വിഷയത്തിൽ പരസ്പരം എതിർക്കുന്നതിനുപകരം, മിസ്റ്റർ സവർക്കറും മിസ്റ്റർ ജിന്നയും അതിനെക്കുറിച്ച് പൂർണമായ യോജിപ്പിലാണ്. ഇരുവരും യോജിക്കുക മാത്രമല്ല, ഇന്ത്യയിൽ രണ്ട് രാഷ്ട്രങ്ങളുണ്ടെന്ന് വാദിക്കുകയും ചെയ്യുന്നു -ഒന്ന് മുസ്ലിം രാഷ്ട്രവും മറ്റൊന്ന് ഹിന്ദു രാഷ്ട്രവും. രണ്ട് രാഷ്ട്രങ്ങളും ജീവിക്കേണ്ട നിബന്ധനകളുടെയും വ്യവസ്ഥകളുടെയും കാര്യത്തിൽ മാത്രമാണ് അവ വ്യത്യാസപ്പെട്ടിരിക്കുന്നത്’ -മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

