ഭാഷാപ്രശ്നം; ബസ് കണ്ടക്ടർക്കെതിരായ പോക്സോ കേസ് പിൻവലിക്കുമെന്ന് രക്ഷിതാക്കൾ
text_fieldsബംഗളൂരു: കർണാടക ആർ.ടി.സി ബസ് കണ്ടക്ടർക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കുടുംബം വിഡിയോ പ്രസ്താവന പുറത്തിറക്കി. കേസ് പിൻവലിക്കാൻ തീരുമാനിച്ചതായും കർണാടകക്കും മഹാരാഷ്ട്രക്കും ഇടയിൽ ഭാഷാപ്രശ്നമായി മാറിയിരിക്കുന്ന വിഷയം വഷളാക്കുന്നത് നിർത്തണമെന്ന് അഭ്യർഥിക്കുകയും ചെയ്യുന്നതാണ് ശബ്ദസന്ദേശം.
മറാത്തിയിൽ മറുപടി നൽകാത്തതിന് കണ്ടക്ടറെ ആക്രമിച്ച കേസിൽ നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. ബസ് കണ്ടക്ടർ തന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ടക്ടർക്കെതിരെ കുട്ടികളോടുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ തടയൽ (പോക്സോ) നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. മഹാരാഷ്ട്രയുമായി അതിർത്തി പങ്കിടുന്ന ജില്ല ആസ്ഥാന പട്ടണമായ ബെളഗാവിയുടെ പ്രാന്തപ്രദേശത്ത് വെള്ളിയാഴ്ച നടന്ന സംഭവം ഇപ്പോൾ ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള സംഘർഷത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.
കുടുംബം പുറത്തുവിട്ടതായി പറയപ്പെടുന്ന ഒരു വിഡിയോ പ്രസ്താവനയിൽ, പെൺകുട്ടിയുടെ മാതാവെന്ന് കരുതുന്ന സ്ത്രീ സംഭവം വിവരിക്കുന്നതിങ്ങനെ: ‘തന്റെ മകനും മകളും ആശുപത്രി സന്ദർശിച്ച ശേഷം ബെളഗാവിയിൽനിന്ന് ബാലെകുന്ദ്രിയിലേക്ക് വരുമ്പോൾ ബസ് ടിക്കറ്റ് പ്രശ്നത്തെച്ചൊല്ലി തർക്കം ഉണ്ടായി. ഇത് കന്നട, മറാത്തി പ്രശ്നമായി തെറ്റായി ചിത്രീകരിക്കപ്പെടുന്നു. ഞങ്ങൾക്കും കന്നടയോട് സ്നേഹമുണ്ട്. ഇതിൽ ഒരു വിവേചനവുമില്ല. കന്നടയുടെയും മറാത്തിയുടെയും പേരിൽ അനാവശ്യമായി തെറ്റായ പ്രചാരണം നടക്കുന്നുണ്ട്. ഈ വിഷയം കർണാടകക്കും മഹാരാഷ്ട്രക്കും ഇടയിൽ വിള്ളൽ സൃഷ്ടിച്ചതിൽ ഞങ്ങൾ അസ്വസ്ഥരാണ്. കന്നടയോടോ മറാത്തിയോടോ ഞങ്ങൾക്ക് ഒരു വിവേചനവുമില്ല.
ഞങ്ങളും കന്നടിഗരാണ്. ഞങ്ങളുടെ ഭാഷ മറാത്തിയായിരിക്കാം. കേസ് സ്വമേധയാ പിൻവലിക്കാൻ തീരുമാനിച്ചതാണ്. വിഷയം കൂടുതൽ വഷളാക്കരുതെന്ന് എല്ലാവരും അഭ്യർഥിച്ചിരുന്നു. ഞങ്ങളുടെ മകൾക്ക് അനീതി സംഭവിച്ചു. എന്നാൽ, സാഹചര്യം കണക്കിലെടുത്ത് കേസ് പിൻവലിക്കുന്നു. കേസ് പിൻവലിക്കാൻ ആരുടെയും സമ്മർദമില്ല, സ്വമേധയാ ഞങ്ങൾ കേസ് പിൻവലിക്കുന്നു’.ബസ് കണ്ടക്ടർക്കെതിരായ പോക്സോ കേസ് പിൻവലിച്ചോ എന്ന് ആരാഞ്ഞപ്പോൾ ബെളഗാവി പൊലീസ് കമീഷണർ ഇയാഡ മാർട്ടിൻ മാർബനിയാങ്ങിന്റെ പ്രതികരണം ഇങ്ങനെ: ‘കേസ് പിൻവലിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പെൺകുട്ടിയുടെ കുടുംബം പ്രകടിപ്പിച്ച വിഡിയോ പ്രസ്താവന മാധ്യമങ്ങളിലൂടെ കണ്ടു. എന്നാൽ, ഇക്കാര്യത്തിൽ അവർ ഇതുവരെ പൊലീസിനെ സമീപിച്ചിട്ടില്ല. ആദ്യം അവർ (ഇരയുടെ കുടുംബം) പൊലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി മൊഴി രേഖപ്പെടുത്തണം. കേസ് അവസാനിപ്പിക്കുന്നതിന് പാലിക്കേണ്ട ചില നടപടിക്രമങ്ങളുണ്ട്. അതനുസരിച്ച് അവരുടെ മൊഴികൾ രേഖപ്പെടുത്തിയ ശേഷം അത് ചെയ്യും’.
അതേസമയം, ബസ് കണ്ടക്ടറുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസം വരുത്തിയതിന് മാരിഹാൽ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഇൻസ്പെക്ടറെ സ്ഥലം മാറ്റിയതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കാലതാമസം വിശദീകരിക്കാൻ ബന്ധപ്പെട്ട ഇൻസ്പെക്ടർക്ക് ചാർജ് മെമ്മോ നൽകിയിട്ടുണ്ട്. നിലവിൽ അദ്ദേഹത്തെ പൊലീസ് കമീഷണർ ഓഫിസിൽ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ടക്ടർക്കെതിരായ പോക്സോ കേസിനെക്കുറിച്ച് വിവരങ്ങൾ തേടിയ മാധ്യമങ്ങളോട് കേസ് പരിശോധിക്കാൻ ഞാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര പ്രതികരിച്ചു. ‘എന്തിനാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന റിപ്പോർട്ടാണ് ചോദിച്ചത്. ഇൻസ്പെക്ടറുടെ സ്ഥലം മാറ്റം പൊലീസ് വകുപ്പിൽ അസാധാരണമല്ലെന്നും അദ്ദേഹം ബംഗളൂരുവിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

