രക്ഷിതാക്കൾ മക്കളുടെ നല്ല സുഹൃത്തുക്കളാവണം- ഡോ. ഷംല ഇക്ബാൽ
text_fieldsസി.എം.ആർ.ഐ.ടി കൺവെൻഷൻ ഹാളിൽ നടന്ന എച്ച്.എം.എസ് രണ്ടാം കോൺവൊക്കേഷൻ ചടങ്ങ് കർണാടക ഭക്ഷ്യ സുരക്ഷ കമീഷണർ ഡോ. ഷംല ഇക്ബാൽ ഉദ്ഘാടനം
ചെയ്യുന്നു
ബംഗളൂരു: രക്ഷിതാക്കളാണ് മക്കളുടെ ഏറ്റവും നല്ല സുഹൃത്തുക്കളാവേണ്ടതെന്നും ഇതിന് വീടകങ്ങളിൽ ഇസ്ലാമിക ചുറ്റുപാടുകൾ സൃഷ്ടിക്കണമെന്നും കർണാടക ഭക്ഷ്യ സുരക്ഷ കമീഷണർ ഡോ. ഷംല ഇക്ബാൽ പറഞ്ഞു.സി.എം.ആർ.ഐ.ടി കൺവെൻഷൻ ഹാളിൽ ഹിറാ മോറൽ സ്കൂൾ ബംഗളൂരുവിന്റെ (എച്ച്.എം.എസ്) രണ്ടാം കോൺവൊക്കേഷൻ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ജീവിതത്തിൽ പല പരീക്ഷണങ്ങളെയും നേരിടേണ്ടി വരുമ്പോൾ ധാർമികതയോളം വിട്ടുവീഴ്ച ചെയ്യാതെ നേരിടാനാകണം. സമൂഹത്തിൽ വിദ്യാർഥികളെ വഴി തെറ്റിക്കാനുള്ള സംവിധാനങ്ങൾ വർധിച്ചുവരുകയാണ്. ഇത്തരം സാഹചര്യത്തിൽ വിദ്യാർഥികളെ നേർവഴിക്ക് നയിക്കുന്ന ധാർമിക വിദ്യാഭ്യാസത്തിന്റെ ഈ സംവിധാനം അഭിനന്ദനീയമാണെന്നും അവർ ചൂണ്ടിക്കാട്ടി. വലിയ സ്വപ്നങ്ങൾ കാണുകയും അതിനായി കഠിനപരിശ്രമം നടത്തണമെന്നും വിദ്യാർഥികളെ അവർ ഉണർത്തി.
കേരള മദ്റസ എജുക്കേഷൻ ബോർഡ് പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു. വിവിധ മദ്റസകളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്ത കലാപരിപാടികൾ ചടങ്ങിന് മോടി കൂട്ടി. കേരള മദ്റസ എജുക്കേഷൻ ബോർഡ് ഡയറക്ടർ അനീസുദ്ദീൻ സി.എച്ച്. മുഖ്യാതിഥിയായി.
എച്ച്.എം.എസിനു കീഴിലുള്ള ഹിഫ്ദ് അക്കാദമി വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. രണ്ടു വർഷം മുമ്പ് തുടങ്ങിയ അക്കാദമിയിൽ 80 ഓളം വിദ്യാർഥികളാണുള്ളത്. അബ്ദുസ് അക്കാദമി ഡയറക്ടർ അബ്ദുല്ല തിരൂർക്കാട് മുഖ്യപ്രഭാഷണം നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി മേഖല പ്രസിഡന്റ് റഹീം കോട്ടയം അധ്യക്ഷത വഹിച്ചു. മദീന ഡിപ്പാർട്മെന്റ് ഹെഡ് സഹൽ സുൽഫി ആശംസ നേർന്നു. ജമാഅത്തെ ഇസ്ലാമി മേഖല നാസിം യു.പി. സിദ്ദീഖ് പ്രാർഥന നിർവഹിച്ചു. പ്രിൻസിപ്പൽ ഷബീർ മുഹ്സിൻ സ്വാഗതവും പ്രോഗ്രാം കൺവീനർ അനൂപ് നന്ദിയും പറഞ്ഞു.
ആഗോള തലത്തിൽ നടന്ന പൊതു പരീക്ഷയിൽ നൂറുശതമാനം വിജയത്തോടൊപ്പം രണ്ടാം റാങ്ക് അടക്കം പത്തിൽ ആറു റാങ്കും എച്ച്.എം.എസ് നേടിയിരുന്നു. സെക്രട്ടറി ടി.കെ. സാജിദ് അധ്യാപകർക്ക് ഉപഹാരങ്ങൾ കൈമാറി. അഡ്വ. റഹ്മാൻ ഇരിക്കൂർ, ഷംസീർ വടകര എന്നിവർ നേതൃത്വം നൽകി. ഹനിയ്യ അസീസ്, റിദ സിറാജ് എന്നിവർ അവതാരകരായി. 2000ത്തിൽ ആരംഭിച്ച എച്ച്.എം.എസിന് 23 രാജ്യങ്ങളിലായി 1200 ലേറെ വിദ്യാർഥികളും നൂറിലേറെ അധ്യാപകരുമുണ്ട്. ബംഗളൂരുവിൽ ഒമ്പത് കേന്ദ്രങ്ങളിലായാണ് പ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

