പരശുരാമൻ പ്രതിമ: സർക്കാറിന് ഹൈകോടതി നോട്ടീസ്
text_fieldsപരശുരാമൻ പ്രതിമ
മംഗളൂരു: കാർക്കളയിലെ തീം പാർക്കിൽ പരശുരാമന്റെ വെങ്കല പ്രതിമ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജിയിൽ കർണാടക ഹൈകോടതി ചൊവ്വാഴ്ച സംസ്ഥാന സർക്കാറിന് നോട്ടീസ് അയച്ചു. 2023ൽ സ്ഥാപിച്ചതിന് ഏതാനും മാസങ്ങൾക്കു ശേഷം പാർക്കിലെ 33 അടി ഉയരമുള്ള പ്രതിമ പൊളിച്ചുമാറ്റേണ്ടിവന്നു.
പുതിയ ടെൻഡറുകൾ ക്ഷണിച്ചും പ്രശസ്ത ശിൽപിയെ നിയമിച്ചും പ്രതിമ പുനർനിർമിക്കാൻ സംസ്ഥാന സർക്കാറിനോട് നിർദേശിക്കണമെന്ന് ഉദയ് ഷെട്ടി മുനിയാൽ ഹൈകോടതിയോട് ആവശ്യപ്പെട്ടിരുന്നു. പ്രതിമയുടെ നിർമാണത്തിൽ ഗുരുതരമായ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും വെങ്കലത്തിന് പകരം പിച്ചള ഉപയോഗിച്ചിട്ടുണ്ടെന്നും ഇത് പൊതുജന സുരക്ഷയെ അപകടപ്പെടുത്തുമെന്നും പൊതുജന വിശ്വാസം ലംഘിക്കുമെന്നും അദ്ദേഹം ആരോപിച്ചു.
2023 ഒക്ടോബറിൽ പൊളിച്ചുമാറ്റിയ പ്രതിമയുടെ മുകൾ ഭാഗം പാർക്കിന് പുറത്ത് സൂക്ഷിച്ചിരിക്കുകയാണെന്നും ഇത് തീം പാർക്ക് അപൂർണമാക്കുകയും ഭക്തരുടെ വികാരം വ്രണപ്പെടുത്തുകയും ചെയ്യുന്നെന്ന് മുനിയാൽ കൂട്ടിച്ചേർത്തു. പ്രതിമ പുനഃസ്ഥാപിക്കുന്നതിനായി രണ്ടാഴ്ചക്കുള്ളിൽ ഹൈകോടതി രജിസ്ട്രിയിൽ അഞ്ച് ലക്ഷം രൂപ നിക്ഷേപിക്കണമെന്ന് ചീഫ് ജസ്റ്റിസ് വിഭു ബഖ്രു, ജസ്റ്റിസ് സി.എം. ജോഷി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നേരത്തെ ഒരു വാദം കേൾക്കുന്നതിനിടെ ഹരജിക്കാരനോട് നിർദേശിച്ചിരുന്നു.
ഹരജിക്കാരൻ നിർദേശിച്ച പ്രകാരം പണം നിക്ഷേപിച്ചിട്ടുണ്ടെന്നും ഇപ്പോൾ പ്രതികൾക്ക് ഹൈകോടതി നോട്ടീസ് അയക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുനിയാലിന്റെ അഭിഭാഷകൻ ശ്രീകാന്ത് വി.കെ ഹൈകോടതിയെ അറിയിച്ചു. അതനുസരിച്ച്, ഹൈകോടതി ബെഞ്ച് സംസ്ഥാന സർക്കാറിന് നോട്ടീസ് അയക്കുകയും കേസ് ഡിസംബർ 10ലേക്ക് വാദം കേൾക്കുന്നതിനായി മാറ്റുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

