വെറും അത്താഴവിരുന്ന്; രാഷ്ട്രീയമില്ല -ജി. പരമേശ്വര
text_fieldsഗ്രേറ്റർ ബംഗളൂരു അതോറിറ്റിയുടെ (ജി.ബി.എ) ആദ്യ യോഗത്തിന് എത്തിയ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരെ സ്വീകരിക്കുന്നു
ബംഗളൂരു: വരുന്ന തിങ്കളാഴ്ചയിലേത് സാധാരണ അത്താഴവിരുന്ന് മാത്രമാണെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര. രാഷ്ട്രീയവിഷയമോ മന്ത്രിസഭ പുനഃസംഘടനയോ അജണ്ടയിലില്ല. അത്താഴവിരുന്നിലെ അജണ്ട ഭക്ഷണം മാത്രമാണെന്നും ജി. പരമേശ്വര മാധ്യമപ്രവർത്തകരോടു പറഞ്ഞു.
13ന് മുഖ്യമന്ത്രി സിദ്ധരാമയ്യ മന്ത്രിമാരെയും എം.എൽ.എമാരെയും അത്താഴവിരുന്നിന് ക്ഷണിച്ചത് മന്ത്രിസഭ പുനഃസംഘടനക്ക് മുന്നോടിയെന്ന വാർത്തകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വ്യാഴാഴ്ച പരമേശ്വരയ്യ, മന്ത്രിമാരായ സതീഷ് ജാർക്കോളി, എച്ച്.സി. മഹാദേവപ്പ എന്നിവർ അടച്ചിട്ട മുറിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് മന്ത്രിസഭ മാറ്റത്തെക്കുറിച്ചല്ലെന്നും മറ്റൊരു സെൻസിറ്റിവ് വിഷയമാണെന്നും പരമേശ്വരയ്യ പറഞ്ഞു. കോൺട്രാക്ടർമാരുടെ അസോസിയേഷൻ സർക്കാറിലെ ചിലർക്കെതിരെ ഉന്നയിച്ച അഴിമതി ആരോപണമാണ് ചർച്ച ചെയ്തതെന്നാണ് വിവരം.
അതേസമയം, ബിഹാർ തെരഞ്ഞടുപ്പിനുശേഷം മന്ത്രിസഭയിൽ വലിയ മാറ്റമുണ്ടാകുമെന്നാണ് സിദ്ധരാമയ്യയെ അനുകൂലിക്കുന്ന വിഭാഗം പറയുന്നത്. പതിനഞ്ചോളം പേരെങ്കിലും മാറും. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മുഖ്യമന്ത്രി പദത്തിന് അവകാശമുന്നയിക്കുന്നതിന് തടയിടുകയാണ് പുനഃസംഘടനയുടെ ലക്ഷ്യമെന്നാണ് ശിവകുമാർ വിഭാഗത്തിന്റെ അഭിപ്രായം.
34 അംഗ മന്ത്രിസഭയിൽ രണ്ടുപേർ രാജിവെച്ച ഒഴിവു നികത്തിയിട്ടില്ല. ഈ ഒഴിവും നികത്തും. മുഖ്യമന്ത്രി മാറുന്ന കാര്യം ഉദിക്കുന്നില്ലെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവുവും ആവർത്തിച്ചു.
എന്നാൽ, കോൺഗ്രസിനകത്ത് നടക്കുന്ന സംഭവവികാസങ്ങൾക്ക് നവംബറിൽ പരിസമാപ്തിയാവുമെന്ന് ബി.ജെ.പി അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

