സാന്ത്വന പരിചരണം കൂടുതൽ ആളുകളിലേക്ക് എത്തണം -ഡോ. ലിംഗ ഗൗഡ
text_fieldsസ്റ്റാര്‍ പരിശീലന പരിപാടിയുടെ രണ്ടാം ബാച്ച് ഉദ്ഘാടനം രാജീവ് ഗാന്ധി ആരോഗ്യ സര്‍വകലാശാല മുൻ രജിസ്ട്രാര്‍ ഡോ. കെ.ബി. ലിംഗ ഗൗഡ നിർവഹിക്കുന്നു
ബംഗളൂരു: സാന്ത്വന പരിചരണം കൂടുതൽ ആളുകളിലേക്ക് എത്തണമെന്ന് രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാല മുൻ രജിസ്ട്രാർ ഡോ. കെ.ബി. ലിംഗ ഗൗഡ. ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി (എസ്.ടി.സി.എച്ച്), പൂക്കോയ തങ്ങള്‍ ഹോസ്പീസ് (പി.ടി.എച്ച്), ഖാഇദെ മില്ലത്ത് സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി (ക്യൂ.എം.സി.എച്ച് ) എന്നിവ സംയുക്തമായി നിംഹാന്‍സുമായി സഹകരിച്ച് സന്നദ്ധപ്രവര്‍ത്തകര്‍ക്കായി നടത്തുന്ന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ വളരെ ചുരുങ്ങിയ ആളുകൾക്ക് മാത്രമേ നിലവിൽ സാന്ത്വന പരിചരണം ലഭിക്കുന്നുള്ളൂ. എല്ലാ സ്ഥലങ്ങളിലും സാന്ത്വന പരിചരണം ലഭ്യമാക്കാൻ ശ്രമങ്ങൾ ഉണ്ടാവണം. സാന്ത്വന പരിചരണം കിടപ്പ് രോഗികളിലേക്ക് മാത്രമായി ഒതുക്കാതെ ഒറ്റപ്പെടൽ, വിഷാദം, മാനസിക രോഗങ്ങൾ തുടങ്ങിയവ മൂലം പ്രയാസപ്പെടുന്നവരെ കൂടി പരിശീലനം ലഭിച്ച വളന്റിയർമാരുടെ നേതൃത്വത്തിൽ കണ്ടെത്തി പിന്തുണ നൽകണം. അതിനായുള്ള സ്റ്റാർ (സസ്റ്റൈനബ്ൾ ട്രെയിനിങ് ഓൺ സൈക്കോ സോഷ്യൽ കെയർ) പോലുള്ള പരിശീലന പരിപാടി മാതൃകാപരമാണെന്നും എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
എ.ഐ.കെ.എം.സി.സി ബംഗളൂരു സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ടി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. ലോക സൈക്യാട്രിക് സൊസൈറ്റി മുൻ പ്രസിഡന്റ് ഡോ. ടി. മുരളി, നിംഹാൻസ് സൈക്കോ സോഷ്യൽ വിഭാഗം മേധാവി ഡോ. ധനശേഖര പാണ്ഡ്യൻ, അസോ. പ്രഫ. ഡോ. അനീഷ് വി. ചെറിയാൻ, കോഴ്സ് കോഓഡിനേറ്റർ ഡോ. എം.എ. അമീറലി, വി.വി. പ്രിൻസ്, നാസർ നീലസാന്ദ്ര എന്നിവർ സംസാരിച്ചു. വയോജനങ്ങളുടെ മാനസിക സാമൂഹിക പ്രശ്നങ്ങളെ എങ്ങനെ അഭിമുഖീകരിക്കാം എന്നതിനെ കുറിച്ചുള്ള പരിശീലന പരിപാടിയുടെ രണ്ടാമത്തെ ബാച്ചാണിതെന്ന് സംഘാടകർ പറഞ്ഞു.
കേരളം, കർണാടക എന്നീ സംസ്ഥാനങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 40 പേര് അടങ്ങുന്ന ബാച്ചിനാണ് പരിശീലനം. ബംഗളൂരുവിലെ നിംഹാന്‍സ് കാമ്പസില്‍ നടക്കുന്ന ട്രെയിനിങ് പ്രോഗ്രാമുകള്‍ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട തുടങ്ങി എല്ലാ ഭാഷകളിലുമുണ്ട്. മൂന്ന് ദിവസം നീളുന്ന പരിശീലന പരിപാടി ബുധനാഴ്ച വൈകീട്ട് അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

