ഫലസ്തീൻ അനൂകൂല സമരം: ഇടത് പ്രവർത്തകർ അറസ്റ്റിൽ
text_fieldsബംഗളൂരു: ഇസ്രായേൽ ആക്രമണത്തിൽ ദുരിതം പേറുന്ന ഫലസ്തീന് പിന്തുണയുമായി പരിപാടി നടത്തിയ ഇടതുസംഘടനാനേതാക്കൾ അറസ്റ്റിൽ. സി.പി.ഐ, സി.പി.എം, സി.പി.ഐ -എം.എൽ പ്രവർത്തകരെയാണ് ഫ്രീഡം പാർക്കിൽ പ്രതിഷേധ പരിപാടി നടത്തിയതിന് പൊലീസ് അറസ്റ്റ് ചെയ്തത്.
അനുമതിയില്ലാതെ പരിപാടി നടത്തിയതിനാണ് നടപടിയെന്ന് പൊലീസ് പറഞ്ഞു. 70 പ്രവർത്തകരെയാണ് ആടുഗോഡി പൊലീസ് കസ്റ്റഡിയിലെടുത്തത്. തങ്ങൾ പരിപാടി നടത്താൻ അനുമതി ചോദിച്ചിരുന്നെങ്കിലും നൽകിയിരുന്നില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
കഴിഞ്ഞ ദിവസം എം.ജി റോഡിൽ ഫലസ്തീന് ഐക്യദാർഢ്യവുമായി പരിപാടി നടത്തിയതിന് നിരവധി പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അന്ന് ബ്രിഗേഡ് റോഡിലും എം.ജി റോഡിലുമായി പ്രതിഷേധക്കാർ മനുഷ്യച്ചങ്ങല തീർക്കുകയും ഫലസ്തീൻ അനുകൂല മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തിരുന്നു.
‘വംശഹത്യ നിർത്തുക’, ‘ഗസ്സ-ഞങ്ങൾ നിങ്ങളോടൊപ്പം’ തുടങ്ങിയ വാചകങ്ങൾ അടങ്ങിയ പ്ലക്കാർഡുകളും വിദ്യാർഥികളടങ്ങിയ പ്രതിഷേധക്കാരുടെ കൈയിലുണ്ടായിരുന്നു. മനുഷ്യാവകാശ സംഘടനകൾ, ബഹുത്വ കർണാടക, ഓൾ ഇന്ത്യ സെൻട്രൽ കൗൺസിൽ ഓഫ് ട്രേഡ് യൂനിയൻസ് (എ.ഐ.സി.സി.ടി.യു) തുടങ്ങിയവയുടെ നേതൃത്വത്തിലായിരുന്നു സമരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

