ഇസ്രായേലിന്റെ ഫലസ്തീൻ അധിനിവേശത്തിനും വംശഹത്യക്കുമെതിരെ ഫ്രീഡം പാർക്കിൽ ഫലസ്തീൻ അനുകൂല റാലി
text_fieldsഇസ്രായേൽ ഫലസ്തീനിൽ തുടരുന്ന വംശഹത്യക്കെതിരെ ബംഗളൂരു ഫ്രീഡം പാർക്കിൽ നടന്ന പ്രതിഷേധത്തിൽനിന്ന്
ബംഗളൂരു: ഇസ്രായേലിന്റെ ഫലസ്തീൻ അധിനിവേശത്തിനും വംശഹത്യക്കുമെതിരെ വിവിധ പൗര സംഘടനകളുടെ നേതൃത്വത്തിൽ ബംഗളൂരു ഫ്രീഡം പാർക്കിൽ പ്രതിഷേധ പ്രകടനം നടത്തി. വെടിനിർത്തൽ കരാർ ലംഘിച്ച് ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ പ്രതിഷേധമുയർന്നു. ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ), സി.പി.ഐ-എം.എൽ, എസ്.ഐ.ഒ, എ.ഐ.സി.സി.ടി.യു, കലക്ടീവ് ഇന്ത്യ തുടങ്ങിയവയുടെ ആഭിമുഖ്യത്തിലായിരുന്നു സമരം.
പ്രതിഷേധത്തിനിടെ ഫലസ്തീൻ പതാകകൾ പ്രദർശിപ്പിച്ചതിനെതിരെ പൊലീസ് സമരക്കാരെ ഭീഷണിപ്പെടുത്തി. പതാകകൾ നീക്കിയില്ലെങ്കിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമെന്നായിരുന്നു പൊലീസിന്റെ ഭീഷണി. എന്നാൽ, ഇത്തരം നിയന്ത്രണം സംബന്ധിച്ച് പൊലീസ് മുൻകൂട്ടി അറിയിച്ചിട്ടില്ലെന്നും പതാകകൾ പ്രതിഷേധത്തിൽനിന്ന് മാറ്റാനാവില്ലെന്നും സമരക്കാർ പ്രതികരിച്ചു. ഇസ്ലാമോഫോബിയയും കേന്ദ്ര സർക്കാറിന്റെ മുസ്ലിം വിരുദ്ധ നയങ്ങളും കാരണം രാജ്യത്ത് ഫലസ്തീൻ അനുകൂല പരിപാടികൾ സംഘടിപ്പിക്കുന്നതിനുപോലും പ്രയാസം നേരിടുകയാണെന്ന് ചടങ്ങിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ മഹത്തായ സ്വാതന്ത്ര്യ സമര ചരിത്രം ഫലസ്തീനും പ്രചാരമായിട്ടുണ്ട്. സ്വാതന്ത്ര്യ കാലംമുതൽ ഇന്ത്യ ഫലസ്തീനൊപ്പമായിരുന്നു.
എന്നാൽ, ഇപ്പോൾ കേന്ദ്രം ഭരിക്കുന്ന വലതുപക്ഷ വർഗീയ സർക്കാർ ഒരുതരത്തിലുള്ള ഫലസ്തീൻ ഐക്യദാർഢ്യ പരിപാടികളെയും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഫലസ്തീനികൾ മുസ്ലിംകളായത് മാത്രമാണ് ഈ തടസ്സത്തിന് കേന്ദ്രത്തിന് പിന്നിലെ കാരണമെന്നും അവർ ചൂണ്ടിക്കാട്ടി. ഫലസ്തീന് ഐക്യദാർഢ്യവുമായി കവിതകൾ വായിച്ചും പാട്ടുപാടിയും സമരവേദി സർഗാത്മകമായി. ഐസ നേതാക്കളായ ഗീത, ഗംഗ, സച്ചിൻ, ആക്ടിവിസ്റ്റ് ക്ലിഫ്ടൺ ഡി റൊസാരിയോ, സി.എസ്.എം.ആർ നേതാവ് പ്രിയങ്ക് ആശ സുഖാനന്ദ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

