ചെറുകഥകൾ കാലത്തിന്റെ സൂക്ഷ്മവായനകൾ -പലമ സെമിനാർ
text_fieldsചെറുകഥകൾ കാലത്തിന്റെ സൂക്ഷ്മവായനകൾ എന്ന പലമ സെമിനാറിൽ എഴുത്തുകാരൻ സുരേഷ് കോടൂർ സംസാരിക്കുന്നു
ബംഗളൂരു: സമകാലികതയുടെ ഏറ്റവും ശക്തവും സൂക്ഷ്മവുമായ വായനയും മാറ്റത്തിന്റെ പ്രേരകശക്തിയുമാകാൻ കഥകൾക്ക് കഴിയേണ്ടതുണ്ടെന്ന് എഴുത്തുകാരൻ സുരേഷ് കോടൂർ അഭിപ്രായപ്പെട്ടു. പലമ നവമാധ്യമ കൂട്ടായ്മയുടെ സെമിനാറിൽ കെ. ജയചന്ദ്രന്റെ ‘ഒന്ന് ബിയിലെ ബസന്തി’ എന്ന കഥാസമാഹാരത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആസുരമായ ഇന്ത്യൻ വർത്തമാനത്തിന്റെ ജീവിതവ്യഥകളെ ഉറക്കെ പ്രക്ഷേപിക്കുന്ന മൊഴിമുദ്രകളാണ് ജയചന്ദ്രന്റെ കഥകളെന്ന് സുരേഷ് കോടൂർ കൂട്ടിച്ചേർത്തു. വായനക്കാരനിൽ മാത്രം പൂർണത കൈവരിക്കുന്ന സവിശേഷ രചനകളാണ് ജയചന്ദ്രന്റെ കഥകളെന്ന് കവി ടി.പി. വിനോദ് പറഞ്ഞു. കവിതക്കും കഥക്കുമിടയിലെ അതിരുകളെ മാറ്റിവരക്കുന്ന ഇടപെടലായി ജയചന്ദ്രന്റെ രചനകൾ മാറുന്നുവെന്നും ടി.പി. വിനോദ് വ്യക്തമാക്കി. ശാന്തകുമാർ എലപ്പുള്ളി അധ്യക്ഷതവഹിച്ചു.
എസ്. നവീൻ, കെ.എസ്. സിന, രമ പ്രസന്ന പിഷാരടി, ശ്രീദേവി ഗോപാൽ, ബി.എസ്. ഉണ്ണികൃഷ്ണൻ, തങ്കച്ചൻ പന്തളം, ആർ.വി. ആചാരി, ജാഷിർ പൊന്ന്യം, ഒ. വിശ്വനാഥൻ, പൊന്നമ്മ ദാസ്, ഗീത നാരായണൻ, മോഹൻദാസ് എന്നിവർ സംവാദത്തിൽ പങ്കെടുത്തു. പുസ്തക രചയിതാവ് കെ. ജയചന്ദ്രൻ പങ്കെടുത്തു. സുദേവൻ പുത്തൻചിറ സ്വാഗതവും പി.വി.എൻ. രവീന്ദ്രൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

