നാറ്റം സഹിക്കവയ്യ! പരിശോധനയിൽ കണ്ടത് മൂന്നുമുറി ഫ്ലാറ്റിൽ 300 പൂച്ചകൾ; അടിഞ്ഞുകൂടി കാഷ്ടവും മൂത്രവും..
text_fields
പുണെ: ഹഡപ്സർ പ്രദേശത്തെ ഫ്ലാറ്റ് സമുച്ഛയത്തിൽ കടുത്ത ദുർഗന്ധം. സഹിക്കാൻ വയ്യാതായപ്പോൾ താമസക്കാർ നടത്തിയ പരിശോധനയിൽ റിങ്കു ഭരദ്വാജ്, സഹോദരി റിതു ഭരദ്വാജ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിൽ നിന്നാണ് ഇതിന്റെ ഉറവിടമെന്ന് കണ്ടെത്തി. പൂച്ചകളുടെ കാഷ്ടവും മൂത്രവും അടിഞ്ഞുകൂടിയായിരുന്നു കടുത്ത നാറ്റം. വാതിൽ തുറക്കാനും പൂച്ചകളെ മാറ്റാനും റിങ്കുവും സഹോദരിയും വിസമ്മതിച്ചതോടെ ‘നാറ്റക്കേസ്’ സംബന്ധിച്ച് പൊലീസിലും പുണെ മുനിസിപ്പൽ കോർപറേഷനിലും അയൽക്കാർ പരാതി നൽകി.
സിറ്റി പൊലീസും പുണെ മുനിസിപ്പൽ കോർപറേഷൻ (പിഎംസി) മൃഗഡോക്ടറും ചേർന്ന് മാർവൽ ബൗണ്ടി കോപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയിലെ സി 901എന്ന ഫ്ലാറ്റിൽ പരിശോധന നടത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകളായിരുന്നു. മൂന്ന് മുറികളുള്ള ഫ്ലാറ്റിൽ വൃത്തിഹീനമായ സാഹചര്യത്തിൽ 300 ലധികം പൂച്ചകൾ ഓടിക്കളിക്കുന്നു. കട്ടിലിലും മേശയിലും കക്കൂസിലും അടുക്കളയിലും കസേരയിലുമെല്ലാം പൂച്ചകളുടെ വിളയാട്ടം. പരക്കെ വിസർജ്യവും. ദുർഗന്ധത്തിന് പിന്നെന്തുവേണം...!
പിഎംസി ചീഫ് വെറ്ററിനറി ഓഫിസർ ഡോ. സരിക ഫുണ്ടെ, മൃഗങ്ങളോടുള്ള ക്രൂരത തടയാനുള്ള സൊസൈറ്റിയുടെ (എസ്.പി.സി.എ) ഉദ്യോഗസ്ഥർ, പൊലീസ് സബ് ഇൻസ്പെക്ടർ സുപ്രിയ കെലെവാഡ് തുടങ്ങിയവരാണ് പരിശോധന നടത്തിയത്. അന്വേഷണത്തിൽ പൂച്ചകൾക്ക് വാക്സിനേഷൻ നൽകുകയോ വന്ധ്യംകരിക്കുകയോ ചെയ്തിട്ടില്ലെന്നും ഉടമകൾ ഇതുമായി ബന്ധപ്പെട്ട ഒരു രേഖയും സൂക്ഷിച്ചിട്ടില്ലെന്നും കണ്ടെത്തിയതായി ഹഡപ്സർ സ്റ്റേഷനിലെ സീനിയർ പൊലീസ് ഇൻസ്പെക്ടർ സഞ്ജയ് മൊഗാലെ പറഞ്ഞു. ചില പൂച്ചകൾ ഗർഭിണികളായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
#ExpressPune | Over 300 cats found in unhygienic conditions at Hadapsar apartment; #Pune authorities direct owners to shift them
— The Indian Express (@IndianExpress) February 17, 2025
(Express Videos)https://t.co/vswSd4wD32 pic.twitter.com/Nkre5hOVmF
“പൂച്ചകളെ അപ്പാർട്ട്മെന്റിൽ നിയമവിരുദ്ധമായാണ് സൂക്ഷിച്ചത്. സാധാരണയായി പിടികൂടിയ പൂച്ചകളെ ദത്തെടുക്കൽ കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ് പതിവ്. എന്നാൽ, പൂച്ചകളെ തങ്ങൾ തന്നെ മാറ്റുമെന്നും ഇതിനായി സമയം അനുവദിക്കണമെന്നും പൂച്ചകളെ സ്നേഹിക്കുന്ന ഉടമകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ച് അവർക്ക് സമയം നൽകിയിട്ടുണ്ട്. നിയമപ്രകാരം അവർ മൃഗങ്ങളെ ശരിയായ രീതിയിൽ മാറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കും. തുടർനടപടികൾ തീരുമാനിക്കുകയും ചെയ്യും’ -ഡോ. സരിക പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.